ശനിയാഴ്‌ച, മാർച്ച് 20
പൊന്നാനിയിലേക്കുള്ള ക്ഷണം എന്തിന് നിരസിക്കണം?
മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍(2010 മാര്‍ച്ച് ലക്കം ഭാഷാപോഷിണി പ്രസിദ്ധീകരിച്ച ലേഖനം)
സാംസ്‌കാരിക ഇസ്‌ലാം എന്ന സംജ്ഞ ആഗോളതലത്തില്‍ തന്നെ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭമാണിത്. 2001 സപ്‌തംബര്‍ 11ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം `ഇസ്‌ലാമിക ഭീകരത'യുടെ വേരുകള്‍ തേടിയുള്ള പാശ്ചാത്യപഠനങ്ങളില്‍ പലതും, ഇസ്‌ലാമിനെ പൊളിറ്റിക്കല്‍ ഇസ്‌ലാം, കള്‍ച്ചറല്‍ ഇസ്‌ലാം എന്നിങ്ങനെ തരംതിരിച്ച് പൊളിറ്റിക്കല്‍ ഇസ്‌ലാമില്‍ നിന്നാണ് ഭീകരതയും തീവ്രവാദവുമുണ്ടാകുന്നതെന്ന തീര്‍പ്പില്‍ പര്യവസാനിക്കുക സാധാരണമാണ്. പാശ്ചാത്യ വിജ്ഞാന സ്രോതസ്സുകളാണല്ലോ, അക്കാദമിക വ്യവഹാരങ്ങളുടെ അന്തിമ വാക്ക്! അതിനാല്‍, ഇസ്‌ലാമിനെ പൊളിറ്റിക്കല്‍, കള്‍ച്ചറല്‍, സ്‌പിരിച്വല്‍ എന്നിങ്ങനെ ശകലീകരിച്ചുകൊണ്ടുള്ള സംവാദം മലയാളത്തിലും പകര്‍ന്നുകിട്ടുക സ്വാഭാവികം.
മാതാപിതാക്കളില്‍ നിന്നോ കുടുംബത്തില്‍ നിന്നോ പിറന്ന സമുദായത്തില്‍ നിന്നോ താവഴിയായി വന്നുചേരുന്ന പാരമ്പര്യ ഇസ്‌ലാമിനെ സ്വന്തം സ്വത്വത്തിന്റെ ഭാഗമായി കരുതുന്നതിനെയാണ് പൊതുവില്‍ `കള്‍ച്ചറല്‍ ഇസ്‌ലാം' കൊണ്ട് വിവക്ഷിക്കുന്നത്. മതപരമായ വിശ്വാസങ്ങളിലോ, അനുഷ്‌ഠാനങ്ങളിലോ `സാംസ്‌കാരിക ഇസ്‌ലാം' നിഷ്‌ഠപുലര്‍ത്തണമെന്നില്ല. പഴയ സോവിയറ്റ് യൂണിയനില്‍ പെട്ട വിവിധ റിപ്പബ്ലിക്കുകളിലുള്ള മുസ്‌ലിംകളെ `കള്‍ച്ചറല്‍ ഇസ്‌ലാമി'ന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാറുണ്ട്. തുര്‍ക്കിയെയും ഒരളവോളം `കള്‍ച്ചറല്‍ ഇസ്‌ലാ'മിന്റെ ഉദാഹരണമായി പറയാം. `എത്‌നിക്കല്‍` എന്ന അര്‍ഥമാണ് ഇവിടെ `കള്‍ച്ചറല്‍' എന്ന പദത്തിന് കല്‌പിക്കപ്പെടുന്നത്.
മതത്തെ അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളണമെന്നാണ് ഇസ്‌ലാമിന്റെ മൗലിക അധ്യാപനം. ഇസ്‌ലാമില്‍ മതം അടിവസ്‌ത്രം പോലെ സ്വകാര്യമല്ല. അത് ജീവിതത്തിന്റെ എല്ലാ അടരുകളെയും ചൂഴ്‌ന്നുനില്‌ക്കുന്നു. വിശ്വാസം ജീവിതത്തെ ചലിപ്പിക്കുന്ന ഊര്‍ജസ്രോതസ്സും മനുഷ്യകര്‍മങ്ങളെ നിയന്ത്രിക്കുന്ന ധര്‍മശാസ്‌ത്രവും തിരുത്തല്‍ ശക്തിയുമായിരിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. ഈ കാഴ്‌ചപ്പാടനുസരിച്ച്, ആത്മീയതയാണ് ഇസ്‌ലാമിന്റെ രാഷ്‌ട്രീയം. അഥവാ ആത്മീയതയില്‍ നിന്നാണ് ഇസ്‌ലാമിന്റെ സാമൂഹ്യ രാഷ്‌ട്രീയ വിചാരങ്ങളെല്ലാം പിറവികൊള്ളുന്നത്. സാമൂഹ്യ-രാഷ്‌ട്രീയ മണ്ഡലത്തോട് പരാങ്‌മുഖത പ്രകടിപ്പിക്കുന്ന കേവല ആത്മീയത ഇസ്‌ലാമിലില്ല. സാമ്രാജ്യത്വവും അധിനിവേശവും ഉള്‍പ്പെടെയുള്ള അനീതികള്‍ക്കെതിരിലും അധാര്‍മികതകള്‍ക്കെതിരിലും മുസ്‌ലിം സാന്ദ്രതയുള്ള സമൂഹങ്ങളില്‍ ചെറുത്തുനില്‌പുണ്ടാകുന്നത് ഇസ്‌ലാമിന്റെ സമരോത്സുകതയെയാണ് അടയാളപ്പെടുത്തുന്നത്. നീതിക്കും ന്യായത്തിനും വേണ്ടി അടിച്ചമര്‍ത്തപ്പെടുന്നവരോടൊപ്പം കൈകോര്‍ക്കാനുള്ള ആഭിമുഖ്യം ആത്മീയതയുടെ താല്‌പര്യമായി മുസ്‌ലിംകള്‍ തിരിച്ചറിയുന്നു. ഈ ഉണര്‍വിനെ തച്ചുകെടുത്താനാണ് സാമ്രാജ്യത്വശക്തികള്‍ `പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ' ക്കുറിച്ചുള്ള അനാവശ്യ ഭീതി പരത്തുന്നത്.
`പൊളിറ്റിക്കല്‍ ഇസ്‌ലാമി'നു പകരം `കള്‍ച്ചറല്‍ ഇസ്‌ലാമി'നെ ഉദാത്തീകരിക്കുന്നവര്‍ അണപ്പല്ലുകള്‍ ഇളക്കിമാറ്റി ഇസ്‌ലാമിന്റെ ശൗര്യം കെടുത്താനാണ് ശ്രമിക്കുന്നത്. വിശ്വാസത്തിലും അനുഷ്‌ഠാനങ്ങളിലും നിലപാടുകളിലും നിര്‍ബന്ധങ്ങളില്ലാത്ത വിവാഹ-ചരമ ചടങ്ങുകളിലെ ചില മന്ത്രോച്ചാരണങ്ങളിലും രണ്ടു പെരുന്നാള്‍ ആഘോഷങ്ങളിലും ബിരിയാണിയിലും പൈജാമയിലും മാത്രം `ഇസ്‌ലാമിനെ' ന്യൂനീകരിക്കുന്നവരില്‍ ഇസ്‌ലാമിന്റെ `ഉദാര സൗന്ദര്യം' ആരോപിക്കുകയും ഏകദൈവാരാധനയിലും വിശ്വാസ, അനുഷ്‌ഠാന, സംസ്‌കാര രംഗങ്ങളിലും മുഴുക്കെ മതത്തിന്റെ തനിമ മുറുകെ പിടിക്കുന്നവരെ കര്‍ക്കശ പ്രകൃതക്കാരും സങ്കുചിത മനസ്‌കരുമായി വികൃതമാക്കുകയും ചെയ്യുന്ന പ്രവണതയില്‍ നിഗൂഢമായ ഒരു രാഷ്‌ട്രീയം സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകുമോ?
സിവിക് ചന്ദ്രന്റെ ലേഖനം (പോരുന്നോ കടലുകാണാന്‍ പൊന്നാനിക്ക്, ഭാഷാപോഷിണി 2010, ഫെബ്രുവരി) മുകളില്‍ വിവരിച്ച വിവക്ഷയിലല്ല `കള്‍ച്ചറല്‍ ഇസ്‌ലാം' എന്നു പ്രയോഗിച്ചിരിക്കുന്നത്. അദ്ദേഹം, `സ്‌പിരിച്വല്‍ ഇസ്‌ലാം' എന്ന പേരില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന കള്‍ച്ചറല്‍ ഇസ്‌ലാമിന്റെ മറ്റൊരു ശകലമാണ് മുന്നോട്ടു വെച്ചിരിക്കുന്നത്.
ആദ്യകാല മുസ്‌ലിംകള്‍ മതവിശ്വാസം മാറുമ്പോഴും മലയാളി സ്വത്വം മറന്നിരുന്നില്ലെന്നാണ് സിവിക് പറഞ്ഞുവെച്ചത്. ഇസ്‌ലാമിലേക്ക് മാറിയവര്‍ മുഴുവനായി ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടിരുന്നില്ലെന്നും മാധവിക്കുട്ടി കമലാസുരയ്യയായപ്പോള്‍ ചെയ്‌തതുപോലെ സ്വന്തം കൃഷ്‌ണനെയും കൂടെക്കൊണ്ടുപോകുന്നുണ്ടെന്നും സിവിക് പറയുന്നു. ഇതിനര്‍ഥമെന്താണ്? കൃഷ്‌ണനും ഭഗവതിയും മലയാളി സ്വത്വത്തിന്റെ ഭാഗമാണെന്നോ? ഏകദൈവ വിശ്വാസത്തില്‍ `കടുംപിടുത്തം' നടത്തുന്ന മുസ്‌ലിംകള്‍ മലയാളി സ്വത്വത്തിനു പുറത്താണെന്നോ?
This post was written by: ~~~ISLAHI BLOGGERS~~~
ബ്ലോഗ് ലോകത്തുള്ള ഇസ്ലാഹി ആദര്‍ശം പുലര്‍ത്തുന്ന വ്യക്തികളുടെ ഒരു കൂട്ടായ്മ്മ ആണ് . ഇതിലെ ഉള്ളടക്കം അതാത് ലേഖകരുടെതാണ് .. ഏതെന്കിലും സംഘടനയുടെ ഉത്തരവാദിത്വത്തില്‍ അല്ല ഈ കൂട്ടായ്മ്മ പ്രവര്‍ത്തിക്കുന്നതും ...Follow US on FACEBOOK
Follow Us On TWITTER
Join Wth Our FACEBOOK FAN PAGE
Get Updates Via Email
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 Responses to “പൊന്നാനിയിലേക്കുള്ള ക്ഷണം എന്തിന് നിരസിക്കണം?”
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :