‘നറുനിലാവ്' - ഈദ് സമ്മാനം

```അഭിപ്രായം അറിയിക്കുമല്ലോ...```

ചൊവ്വാഴ്ച, മേയ് 25

മലയാളം ഹദീസ് പഠനം 9

അവലംബം : http://blog.hudainfo.com/2010/05/9.html



ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്. 1. സംസാരിച്ചാല്‍ കള്ളം പറയുക, 2. വാഗ്ദാനം ചെയ്താല്‍ ലംഘിക്കുക, 3. വിശ്വസിച്ചാല്‍ ചതിക്കുക. (ബുഖാരി : 1-2-32)

അബ്ദുല്ലാഹിബ്നുഅംറ്(റ) നിവേദനം: നിശ്ചയം തിരുമേനി(സ) അരുളി: നാല് ലക്ഷണങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ കറയറ്റ കപടവിശ്വാസിയാണ്. അവയില്‍ ഏതെങ്കിലുംഒരു ലക്ഷണം ഒരാളിലുണ്ടെങ്കില്‍ അത് വര്‍ജ്ജിക്കും വരേക്കും അവനില്‍ കപടവിശ്വാസത്തിന്റെ ഒരു ലക്ഷണമുണ്ടെന്നും വരും. 1. വിശ്വസിച്ചാല്‍ ചതിക്കുക, 2. സംസാരിച്ചാല്‍ കളവ് പറയുക, 3. കരാര്‍ ചെയ്താല്‍ വഞ്ചിക്കുക, 4. പിണങ്ങിയാല്‍ അസഭ്യം പറയുക. (ബുഖാരി : 1-2-33)

ആമിര്‍ (റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ വല്ലവരും മയ്യിത്തു കൊണ്ടു പോകുന്നത് കണ്ടാല്‍ എഴുന്നേറ്റു നില്‍ക്കുവീന്‍. മയ്യിത്ത് കടന്നുപോകുകയോ അതു താഴെ വെക്കുകയോ ചെയ്യുന്നതുവരെ. (ബുഖാരി : 2-23-394)

ആമിര്‍ (റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ഒരു ജനാസയെ കണ്ടു. അതിനെ നിങ്ങള്‍ പിന്തുടരുന്നെങ്കില്‍ അതു നിങ്ങളെ മുമ്പിലേക്കോ പിമ്പിലേക്കോ കടന്നുപോകുകയോ താഴെ വെക്കുകയോ ചെയ്യുന്നതുവരെ അവന്‍ നില്‍ക്കട്ടെ. (ബുഖാരി : 2-23-395)

സഈദുല്‍മഖ്ബറി(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: ഞങ്ങള്‍ ഒരു ജനാസയെ അനുഗമിക്കുകയായിരുന്നു. അപ്പോള്‍ അബൂഹുറൈറ(റ) മര്‍വാന്റെ കൈപിടിച്ചു. അവര്‍ രണ്ടുപേരും മയ്യിത്ത് താഴെ വെക്കുന്നതിന് മുമ്പ് തന്നെ ഇരുന്നു. അപ്പോള്‍ അബൂസഈദ്(റ) വന്നു. മാര്‍വാന്റെ കൈ പിടിച്ചു പറഞ്ഞു. എഴുന്നേല്‍ക്കൂ. അല്ലാഹു സത്യം. തിരുമേനി(സ) ഞങ്ങളോട് ഇതു വിരോധിച്ചിട്ടുണ്ടെന്ന് ഇദ്ദേഹത്തിനറിയാം. അദ്ദേഹം പറഞ്ഞതു സത്യമാണെന്ന് അബൂഹുറൈറ(റ) പറഞ്ഞു. (ബുഖാരി : 2-23-396)

അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ മയ്യിത്തിനെ കണ്ടാല്‍ എഴുന്നേല്‍ക്കുവിന്‍. ആരെങ്കിലും അതിനെ പിന്‍തുടര്‍ന്നാല്‍ അതു താഴെ വെക്കുന്നതുവരെ അവന്‍ ഇരിക്കരുത്. (ബുഖാരി : 2-23-397)

ജാബിര്‍ (റ) നിവേദനം: ഞങ്ങളുടെ അരികിലൂടെ ഒരു മയ്യിത്ത് കടന്നുപോയപ്പോള്‍ നബി(സ) എഴുന്നേറ്റു നിന്നു. നബി(സ) യോടൊപ്പം ഞങ്ങളും എഴുന്നേറ്റു. ഇതൊരു യഹൂദിയുടെ മയ്യിത്താണെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ നബി(സ) അരുളി: നിങ്ങള്‍ ഏത് മയ്യിത്ത് കണ്ടാലും എഴുന്നേല്‍ക്കുവീന്‍. (ബുഖാരി : 2-23-398)

അബ്ദുറഹ്മാന്‍(റ) നിവേദനം: സഹ്ല്(റ) ഖൈസ്(റ) എന്നിവര്‍ ഒരിക്കല്‍ ഖാദിസ്സിയ്യയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അവരുടെ മുന്നിലൂടെ ഒരു മയ്യിത്ത് കൊണ്ടുപോവുകയും അവര്‍ രണ്ടുപേരും എഴുന്നേല്‍ക്കുകയും ചെയ്തു. ഇതു ഇവിടുത്തെ ഒരു നാട്ടുകാരില്‍ അതായത് ഇസ്ലാമിക ഭരണത്തില്‍ മുസ്ളിം പൌരന്മാരില്‍പ്പെട്ടതാണെന്ന് അവരോട് പറയപ്പെട്ടു. ഉടനെ അവരിരുവരും പറഞ്ഞു: നബി(സ)യുടെ അടുക്കലൂടെ ഒരു ജനാസ കടന്നുപോയപ്പോള്‍ നബി(സ) എഴുന്നേറ്റു നിന്ന സമയത്ത് അതൊരു ജൂതന്റെ മയ്യിത്താണെന്ന് പറയപ്പെട്ടു. നബി(സ) പറഞ്ഞു. അതും ഒരു മനുഷ്യനല്ലയോ? (ബുഖാരി : 2-23-399)

ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. രോഗിയുടെയോ മയ്യത്തിന്റെയോ സമീപത്ത് സന്നിഹിതരാവുമ്പോള്‍ നല്ലതേ നിങ്ങള്‍ പ്രാര്‍ത്ഥിക്കാവൂ! നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മലക്കുകള്‍ ആമീന്‍ ചൊല്ലും. ഉമ്മുസലമ(റ) പറയുന്നു. (എന്റെ ഭര്‍ത്താവ്) അബൂസലമ മരണപ്പെട്ടപ്പോള്‍ ഞാന്‍ റസൂല്‍(സ)യുടെ അടുത്തുചെന്ന് പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ! നിശ്ചയം, അബൂസലമ(റ) മരണപ്പെട്ടിരിക്കുന്നു. നബി(സ) പറഞ്ഞു. നീ പ്രാര്‍ത്ഥിക്കൂ. അല്ലാഹുവേ! എനിക്കും അദ്ദേഹത്തിനും നീ പൊറുത്തുതരേണമേ! അദ്ദേഹത്തിനുപകരം ഉത്തമനായ ഒരു പിന്‍ഗാമിയെ എനിക്ക് നീ പ്രദാനം ചെയ്യേണമേ! പ്രാര്‍ത്ഥനയുടെ ഫലമായി അദ്ദേഹത്തേക്കാള്‍ ഏറ്റവും ശ്രേഷ്ഠനായ മുഹമ്മദ്നബി(സ)യെ അവന്‍ എനിക്ക് തുണയാക്കിത്തന്നു. (മുസ്ലിം)

ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: ആര്‍ക്കെങ്കിലും ഒരാപത്ത് നേരിട്ടു. എന്നിട്ടവന്‍ നമ്മള്‍ അല്ലാഹുവിന്നുള്ളതാണ്. നാം അവങ്കലേക്കാണ് മടങ്ങിച്ചെല്ലുക. അല്ലാഹുവേ! എന്റെ യാതനയ്ക്ക് എനിക്ക് നീ പ്രതിഫലം നല്കേണമേ! അതിനേക്കാള്‍ നന്മയുള്ളത് എനിക്ക് നീ പകരമാക്കേണമേ. എന്ന് പ്രാര്‍ത്ഥിക്കുന്നപക്ഷം അല്ലാഹു അവന്റെ മുസീബത്തിന് പ്രതിഫലം നല്കുകയും അതിനേക്കാള്‍ ഗുണമുള്ളത് പകരമാക്കുകയും ചെയ്യും. ഉമ്മുസലമ(റ) പറഞ്ഞു: അബൂസലമ മരിച്ചപ്പോള്‍ റസൂല്‍(സ) എന്നോട് ആജ്ഞാപിച്ചിരുന്നതുപോലെ ഞാന്‍ പ്രാര്‍ത്ഥിച്ചു. തന്നിമിത്തം അദ്ദേഹത്തേക്കാള്‍ ഉത്തമനായ റസൂല്‍(സ)യെ എനിക്ക് അവന്‍ പകരമായി നല്‍കി. (മുസ്ലിം)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മയ്യിത്തുകൊണ്ട് നിങ്ങള്‍ വേഗം പോവുക. അത് നന്മ ചെയ്തതാണെങ്കില്‍ നിങ്ങള്‍ ഒരു നല്ല കാര്യമാണ് ചെയ്യുന്നത്. അതു നന്മ ചെയ്തവന്റെ മയ്യിത്തല്ലെങ്കിലോ ഒരു തിന്മ നിങ്ങളുടെ ചുമലില്‍ നിന്നിറക്കിവെച്ചുവെന്ന് നിങ്ങള്‍ക്ക് സമാധാനിക്കാം. (ബുഖാരി : 2-23-401)

അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: മയ്യിത്ത് കട്ടിലില്‍ വെച്ച് പുരുഷന്മാര്‍ അത് ചുമലിലേറ്റി പുറപ്പെട്ടാല്‍ സുകൃതം ചെയ്ത ഒരാത്മാവിന്റെ മയ്യിത്താണെങ്കില്‍ എന്നെയും കൊണ്ടു വേഗം പോവുക എന്ന് അത് വിളിച്ചു പറയും. സുകൃതം ചെയ്തിട്ടില്ലാത്ത ആത്മാവിന്റെ മയ്യിത്താണെങ്കിലോ അഹാ കഷ്ടം! എന്നെ നിങ്ങള്‍ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്ന് വിളിച്ചു പറയും. മനുഷ്യനൊഴിച്ച് മറ്റെല്ലാ വസ്തുക്കളും അതു കേള്‍ക്കും. മനുഷ്യന്‍ അതു കേട്ടാല്‍ ബോധം കെട്ടുപോകും. (ബുഖാരി : 2-23-400)

സല്‍മാനി(റ)ല്‍ നിന്ന് നിവേദനം: കഴിവതും അങ്ങാടിയില്‍ ആദ്യം പ്രവേശിക്കുന്നവനും അവിടെ നിന്ന് അവസാനം പുറപ്പെടുന്നവനും നീ ആകരുത്. നിശ്ചയം, പിശാചിന്റെ ആസ്ഥാനമാണിത്. അവിടെയാണ് അവന്‍ തന്റെ പതാക നാട്ടുന്നത്. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: സ്ഥലങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് പള്ളിയും അല്ലാഹുവിന് ഏറ്റവും കോപമുള്ളത് അങ്ങാടിയുമാകുന്നു. (മുസ്ലിം)

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വന്തം പിതാവിനേക്കാളും സന്താനങ്ങളേക്കാളും സര്‍വ്വജനങ്ങളേക്കാളും പ്രിയപ്പെട്ടവന്‍ ഞാനാകുന്നത് വരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല. (ബുഖാരി : 1-2-14)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം. സ്വന്തം പിതാവിനോടും സന്താനങ്ങളോടും ഉള്ളതിനേക്കാള്‍ പ്രിയം എന്നോടായിരിക്കുന്നതുവരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല. (ബുഖാരി : 1-2-13)

( നബിയേ, ) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക്‌ അല്ലാഹുവെക്കാളും അവന്‍റെ ദൂതനെക്കാളും അവന്‍റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ടുവരുന്നത്‌ വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല. (Quran Surah 9 : Aya 24)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നാല് കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഒരു സ്ത്രീയെ വിവാഹം ചെയ്യപ്പെടാറുളളത്. എന്നാല്‍ നീ മതമുളളവളെ കരസ്ഥമാക്കിക്കൊളളുക. അല്ലാത്ത പക്ഷം നിനക്ക് നാശം. (ബുഖാരി : 7-62-27)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവും അഭിമാനരോഷം കൊളളും. അല്ലാഹു നിഷിദ്ധമാക്കിയത് അവനില്‍ വിശ്വസിക്കുന്ന ഒരാള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അവനില്‍ അഭിമാനരോഷം ഉണ്ടാവുക. (ബുഖാരി : 7-62-150)

അസ്മാഅ്(റ) നിവേദനം: നബി(സ) പറയുന്നത് ഞാന്‍ കേട്ടു. അല്ലാഹുവിനേക്കാള്‍ അഭിമാനരോഷമുളള ആരും തന്നെയില്ല. (ബുഖാരി : 7-62-149)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇമാം പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ (ജുമുഅ: ഖുതുബയാണ് വിവിക്ഷ) നിന്റെ അടുത്തിരിക്കുന്ന വ്യക്തിയോട് നിശബ്ദമായിരിക്കൂ എന്ന് നീ പറഞ്ഞുപോയെങ്കില്‍ നീ അനാവശ്യമാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. (ബുഖാരി. 2. 13. 56)

Note :-ജുമുഅ: ഖുതുബ നടക്കുന്ന സന്ദര്‍ഭത്തില്‍ മറ്റുള്ളവരോട് സംസാരിക്കതിരിക്കൂ എന്ന് പറയുന്നത് പോലും പാടില്ല. അത്രയും നിശബ്ദതയും അച്ചടക്കവും ഖുതുബയുടെ സമയം പാലിക്കണം എന്നര്‍ത്ഥം.

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നാം അവസാനം വന്നവരാണ്. പക്ഷെ പുനരുത്ഥാന ദിവസം ആദ്യം (സ്വര്‍ഗ്ഗത്തില്‍) പ്രവേശിക്കുന്നവരുമാണ്. പൂര്‍വ്വവേദക്കാര്‍ക്ക് നമ്മേക്കാള്‍ മുമ്പ്തന്നെ വേദങ്ങള്‍ നല്‍കപ്പെട്ടു. പിന്നീട് പറയുകയാണെങ്കില്‍ അവരോട് പ്രാര്‍ത്ഥനക്കായി സമ്മേളിക്കാന്‍ കല്‍പ്പിച്ച ദിവസം ഈ (വെള്ളിയാഴ്ച) ദിവസം തന്നെയാണ്. എന്നിട്ട് അവരതില്‍ ഭിന്നിപ്പുണ്ടാക്കി. അവസാനം അല്ലാഹു നമുക്ക് ആ ദിവസം ചൂണ്ടിക്കാട്ടിത്തന്നു. അതുകൊണ്ട് മനുഷ്യര്‍ ആ വിഷയത്തില്‍ നമ്മുടെ പിന്നാലെയാണ് പോരുന്നത്. ജൂതന്മാര്‍ (വെള്ളിയാഴ്ചയുടെ) പിറ്റേന്നും (ശനിയാഴ്ച) ക്രിസ്ത്യാനികള്‍ അതിന്റെ പിറ്റേന്നും (ഞായറാഴ്ച) പ്രാര്‍ത്ഥനക്കു വേണ്ടിയുള്ള സമ്മേളന ദിവസമായി ആചരിച്ചുവരുന്നു. (ബുഖാരി : 2-13-1)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: സൂര്യനുദിക്കുന്ന ദിവസങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിവസമാകുന്നു. ആദംനബി (അ) സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നല്‍കപ്പെട്ടതും അതില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ടതും അന്നേ ദിവസമാണ്. (മുസ്ലിം)

സല്‍മാനുല്‍ ഫാരിസി(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു മനുഷ്യന്‍ വെള്ളിയാഴ്ച ദിവസം കുളിക്കുകയും കഴിയുന്നത്ര ശുചിത്വം നേടുകയും ചെയ്തു. തന്റെ പക്കലുള്ള എണ്ണയില്‍ നിന്ന് അല്പമെടുത്ത് മുടിയില്‍ പൂശി അല്ലെങ്കില്‍ തന്റെ വീട്ടിലെ സുഗന്ധദ്രവ്യം അല്‍പമെടുത്ത് ശരീരത്തില്‍ ഉപയോഗിച്ചു. എന്നിട്ട് അവന്‍ ജുമുഅക്ക് പുറപ്പെട്ടു. രണ്ടു പേരെ പിടിച്ചുമാറ്റിയിട്ട് അവരുടെ നടുവില്‍ ഇരിക്കുകയോ അതിലൂടെ കടന്നുപോവുകയോ ചെയ്തില്ല. എന്നിട്ട് അവനോട് നമസ്കരിക്കുവാന്‍ കല്പിച്ചത് അവന്‍ നമസ്കരിച്ചു. അനന്തരം ഇമാം സംസാരിക്കാനൊരുങ്ങിയപ്പോള്‍ അവന്‍ നിശബ്ദനായിരുന്നു. എന്നാല്‍ ആ ജുമുഅ: മുതല്‍ അടുത്ത ജുമുഅ: വരെയുള്ള കുറ്റങ്ങള്‍ അവന് അല്ലാഹു പൊറുത്തു കൊടുക്കാതിരിക്കുകയില്ല. (ബുഖാരി : 2-13-8)

അബൂസഈദുല്‍ ഖുദ്രി(റ) നിവേദനം: തിരുമേനി(സ) അരുളി: പ്രായപൂര്‍ത്തിയെത്തിയ എല്ലാ മനുഷ്യര്‍ക്കും വെള്ളിയാഴ്ച ദിവസം കുളി നിര്‍ബന്ധമാണ്. (ബുഖാരി : 2-13-4)

0 Responses to “മലയാളം ഹദീസ് പഠനം 9”

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP