ബുധനാഴ്‌ച, മേയ് 19
മലയാളം ഹദീസ് പഠനം 8
അവലംബം : http://blog.hudainfo.com/2010/05/8.html
ഫേസ് ബുക്ക് , ട്വിറ്റെര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.
ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: സത്യവിശ്വാസി സത്യവിശ്വാസിനിയോട് കോപിക്കരുത്. അവളില് നിന്ന് ഒരു സ്വഭാവം അവന് വെറുത്താല് തന്നെയും മറ്റുപലതും അവന് തൃപ്തിപ്പെട്ടേക്കാനിടയുണ്ട്. (മുസ്ലിം)
ആയിശ(റ) പറയുന്നു: ഒരു വിഭാഗം ജനങ്ങള് നബി(സ)യോട് ചോദിച്ചു. പ്രവാചകരേ! ചില ആളുകള് ഞങ്ങള്ക്ക് മാംസം കൊണ്ടു വന്നു തരാറുണ്ട്. ബിസ്മി ചൊല്ലി അറുത്തതാണോ അല്ലയോ അതെന്ന് ഞങ്ങള്ക്കറിയില്ല. അപ്പോള് നബി(സ) അരുളി: നിങ്ങള് ബിസ്മി ചൊല്ലി തിന്നുകൊള്ളുക. (ബുഖാരി : 3-34-273)
( Note :- ഒന്നും നോക്കാതെ തിന്നണം എന്നാവില്ല. കൊണ്ട് തന്നു വരുന്ന ആളുകള് വിശ്വസ്തര് ആകും. എന്നാല് ബിസ്മി ചൊല്ലി അറുത്തതാണോ എന്നാ സംശയം ഉണ്ടായാല് എന്ത് ചെയ്യണം എന്നാകും ചോദ്യം. ഹറാം തിന്നാന് റസൂല് (സ) ഏതായാലും അനുവാദം നല്കുകയില്ലല്ലോ. ഹറാം ആണെന്ന് സംശയം ഉണ്ടായാല് തിന്നാതിരിക്കുന്നതാണ് നല്ലത് എന്നാണ് തോന്നുന്നത്. )
നുഅ്മാനുബ്നു ബശീര്(റ) പറയുന്നു: നബി(സ) അരുളി: ഹലാല് (അനുവദനീയം) വ്യക്തമാണ്. ഹറാം (നിഷിദ്ധം) വ്യക്തമാണ്. എന്നാല് അവ രണ്ടിന്നുമിടയില് സാദൃശ്യമായ ചില സംഗതികളുണ്ട്. അപ്പോള് പാപങ്ങളില് വ്യക്തമായി വേര്തിരിച്ചറിയാന് കഴിയാത്തവ ആരെങ്കിലും ഉപേക്ഷിച്ചാല് വ്യക്തമായ പാപം തീര്ച്ചയായും അവന് ഉപേക്ഷിക്കും. സംശയാസ്പദമായ പാപം ചെയ്യാന് വല്ലവനും ധീരത കാണിച്ചാല് അവന് സ്പഷ്ടമായ പാപങ്ങളില് ചെന്നു ചാടുവാന് സാധ്യതയുണ്ട്. പാപങ്ങള് അല്ലാഹുവിന്റെ സംരക്ഷണ ഭൂമിയാണ്. വല്ല മൃഗത്തെയും അതിന്റെ അരികില് നിന്നുകൊണ്ട് പുല്ല് തീറ്റിച്ചാല് അതു സംരക്ഷണ ഭൂമിയില് കാലെടുത്തുവെച്ചേക്കാം. (ബുഖാരി : 3-34-267)
അനസ്(റ) നിവേദനം: നബി(സ) പറയുന്നത് ഞാന് ശ്രവിച്ചു. വല്ലവനും തന്റെ ജീവിത വിഭവങ്ങളില് സമൃദ്ധിയുണ്ടാകണമെന്നും സല്കീര്ത്തി പിന്തലമുറകളില് നിലനില്ക്കണമെന്നും ആഗ്രഹിക്കുന്നുവെങ്കില് അവന് തന്റെ കുടുംബബന്ധം പുലര്ത്തട്ടെ. (ബുഖാരി : 3-34-281)
അബൂസഈദ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള് ബാങ്ക് വിളികേട്ടാല് ബാങ്ക് വിളിക്കുന്നവന് പറയും പോലെ നിങ്ങളും പറയുവീന്. (ബുഖാരി : 1-11-585)
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്കാരത്തിന് ബാങ്കു വിളിച്ചാല്‍ മനുഷ്യര്‍ ആ വിളി കേള്‍ക്കാതിരിക്കുവാന്‍ വേണ്ടി കീഴ്വായുവിന്റെ ശബ്ദം മുഴക്കിക്കൊണ്ട് പിശാച് പിന്തിരിഞ്ഞു പോകും. ബാങ്ക് വിളി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അവന്‍ മടങ്ങിവരും. ഇഖാമത്തു വിളിക്കുമ്പോള്‍ പിന്തിരിയും. അനന്തരം ഇഖാമത്തു വിളിച്ചു കഴിഞ്ഞാലോ വീണ്ടും തിരിച്ചുവരും. എന്നിട്ട് നമസ്കരിക്കുന്ന മനുഷ്യന്റെ ഹൃദയത്തില്‍ ചില ദുര്‍ബോധനങ്ങള്‍ ഇട്ടുകൊടുത്ത് കൊണ്ടിരിക്കും. ഇന്നതു ചിന്തിക്കുക, ഇന്നത് ഓര്‍മ്മിക്കുക എന്നിങ്ങനെ. നമസ്കരിക്കുന്നവന്‍ അന്നേരം ചിന്തിക്കാത്ത കാര്യങ്ങളായിരിക്കും. പിശാച് ഓര്‍മ്മപ്പെടുത്തുന്നത്. അവസാനം താന്‍ എത്ര റക്ക്അത്ത് നമസ്കരിച്ചുവെന്ന് പോലും മനുഷ്യന് ഓര്‍മ്മയില്ലാത്തവിധം അവന്റെ മനസ്സിന്റെയും ഇടയില്‍ അവന്‍ മറയിടും. (ബുഖാരി. 1. 11. 582)
അബൂസഈദ്(റ) നിവേദനം: തിരുമേനി(സ) അദ്ദേഹത്തോട് പറഞ്ഞു: ആടുകളെയും ഗ്രാമപ്രദേശത്തെയും നീ സ്നേഹിക്കുന്നതായി നിന്നെ ഞാന്‍ കാണുന്നു. നീ നിന്റെ ആടുകളുടെ കൂട്ടത്തില്‍ അല്ലെങ്കില്‍ ഗ്രാമത്തില്‍ ആയിരിക്കുകയും നമസ്കാരത്തിന് നീ ബാങ്ക് വിളിക്കുകയും ചെയ്താല്‍ നിന്റെ ശബ്ദം നീ ഉയര്‍ത്തുക. നിശ്ചയം ബാങ്കു വിളിക്കുന്നവന്റെ ശബ്ദം അങ്ങേയറ്റം വരെ കേള്‍ക്കുന്ന ജിന്ന്, ഇന്‍സ്, എന്നുവേണ്ട എല്ലാ വസ്തുക്കളും അവന്നനുകൂലമായി അന്ത്യദിനത്തില്‍ സാക്ഷ്യം വഹിക്കുന്നതാണ്. (ബുഖാരി : 1-11-583)
ജാബിര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: ഈ പരിപൂര്‍ണ്ണ വിളിയുടെയും ആരംഭിക്കാന്‍ പോകുന്ന നമസ്കാരത്തിന്റെയും നാഥനായ അല്ലാഹുവേ, നീ വാഗ്ദാനം ചെയ്ത പ്രകാരം മുഹമ്മദ് നബി(സ)ക്ക് പരമോന്നത സാമീപ്യവും അത്യുന്നതപദവിയും നല്‍കുകയും സ്തുത്യര്‍ഹമായ സ്ഥാനത്തേക്ക് അദ്ദേഹത്തെ നീ ഉയര്‍ത്തുകയും ചെയ്യേണമേ! എന്നു ബാങ്കു കേള്‍ക്കുന്നവന്‍ പറഞ്ഞാല്‍ അന്ത്യദിനം അവന്‍ എന്റെ ശുപാര്‍ശക്ക് അര്‍ഹനായി. (ബുഖാരി : 1-11-588)
(Note :- ഈ പ്രാര്‍ത്ഥന ചൊല്ലുന്നതിനു മുമ്പ് റസൂലിന്റെ പേരില്‍ സ്വലാത്ത് ചെല്ലുന്നത് ഹദീസുകളില്‍ സ്ഥിരപ്പെട്ട കാര്യവും വളരെ പുണ്യകരവുമാണ്.)
ആയിശ:(റ) നിവേദനം: സുബ്ഹി നമസ്ക്കാരത്തിന്റെ ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലായി ലഘുവായ രണ്ടു റക്അത്തു നബി(സ) നമസ്ക്കരിക്കാറുണ്ട്. (ബുഖാരി : 1-11-593)
അബ്ദുല്ലാഹിബ്നു മുഗഫല്‍(റ) നിവേനം: തിരുമേനി(സ) അരുളി: എല്ലാ രണ്ടു ബാങ്കുകള്‍ക്കിടയിലും നമസ്കാരമുണ്ട്. ഇതു തിരുമേനി(സ) മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞു. അങ്ങനെ ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് എന്നു കൂടി അവിടുന്നു അരുളി. (ബുഖാരി : 1-11-597)
അനസ്(റ) നിവേദനം: നബി(സ) നമസ്കരിക്കുവാന്‍ വരുന്നതുവരെ മഗ്രിബിന്റെ മുമ്പ് സുന്നത്ത് നമസ്കരിക്കുവാന്‍ വേണ്ടി സഹാബിവര്യന്മാര്‍ തൂണുകള്‍ക്ക് നേരെ ധൃതിപ്പെടാറുണ്ട്. കൂടുതല്‍ സമയം ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയില്‍ ഉണ്ടാവാറില്ല. (ബുഖാരി : 1-11-598)
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ബാങ്കു വിളിക്കുന്നതിലും ഒന്നാമത്തെ വരിയില്‍ നില്‍ക്കുന്നതിന്റെയും പുണ്യം ജനങ്ങള്‍ മനസ്സിലാക്കി. എന്നിട്ട് ആ രണ്ടു സ്ഥാനവും കരസ്ഥമാക്കാന്‍ നറുക്കിടുകയല്ലാതെ സാധ്യമല്ലെന്ന് അവര്‍ കണ്ടു. എന്നാല്‍ നറുക്കിട്ടിട്ടെങ്കിലും ആ സ്ഥാനങ്ങള്‍ കരസ്ഥമാക്കാന്‍ അവര്‍ ശ്രമിക്കുമായിരുന്നു. ളുഹര്‍ നമസ്കാരംആദ്യ സമയത്ത് തന്നെ നമസ്കരിക്കുന്നതിനുള്ള പുണ്യം ജനങ്ങള്‍ ഗ്രഹിച്ചിരുന്നെങ്കില്‍ അക്കാര്യത്തിലും അവര്‍ മത്സരിച്ചു മുന്നോട്ട് വരുമായിരുന്നു. ഇശാനമസ്കാരത്തിലുള്ള നേട്ടം ജനങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ മുട്ടുകുത്തിയിട്ടെങ്കിലും അത് നമസ്കരിക്കുവാന്‍ അവര്‍ (പള്ളിയിലേക്ക്) വരുമായിരുന്നു) (ബുഖാരി : 1-11-589)
അബൂഖത്താദ(റ) നിവേദനം: ഒരു ദിവസം ഞങ്ങള്‍ തിരുമേനി(സ) യോടൊപ്പം നമസ്കരിക്കുമ്പോള്‍ ഒരു കൂട്ടം ആളുകളുടെ ചവിട്ടടിശബ്ദം തിരുമേനി(സ) കേട്ടു. അങ്ങനെ തിരുമേനി(സ) നമസ്ക്കാരത്തില്‍ നിന്നു വിരമിച്ചു കഴിഞ്ഞപ്പോള്‍ നിങ്ങളുടെ കഥയെന്തെന്നു അവരോട് ചോദിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ ജമാഅത്തു നമസ്കാരത്തിന് ധൃതിപ്പെട്ടതാണ്. തിരുമേനി(സ) അരുളി : മേലില്‍ അങ്ങനെ ചെയ്തുപോകരുത്. നിങ്ങള്‍ നമസ്കാരത്തിന് വരുമ്പോള്‍ ശാന്തതയോടുകൂടി വരുക. എന്നിട്ട് നിങ്ങള്‍ക്ക് ഇമാമോടൊപ്പം കിട്ടിയത് നമസ്കരിക്കുക. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് പൂര്‍ത്തിയാക്കുകയും ചെയ്യുക. (ബുഖാരി : 1-11-608)
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇഖാമത്തു നിങ്ങള്‍ കേട്ടാല്‍ നമസ്ക്കാരത്തിലേക്ക് നിങ്ങള്‍ നടന്ന്പോവുക (ഓടരുത്). നിങ്ങള്‍ക്ക് ശാന്തതയും വണക്കവും നിര്‍ബന്ധമാണ്. നിങ്ങള്‍ ധൃതിപ്പെടരുത്. നിങ്ങള്‍ക്ക് ലഭിക്കുന്നത് നമസ്ക്കരിക്കുക. നഷ്ടപ്പെട്ടത് പൂര്‍ത്തിയാക്കുക. (ബുഖാരി : 1-11-609)
അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: മയ്യിത്തിന്റെ പേരില്‍ വിലപിച്ചുകൊണ്ട് മുഖത്തടിക്കുകയും കുപ്പയമാറ് കീറുകയും അജ്ഞാനകാലത്ത് വിളിച്ചു പറഞ്ഞിരുന്നപോലെ വിളിച്ചുപറയുകയും ചെയ്യുന്നവന്‍ നമ്മില്‍ പെട്ടവനല്ല. (ബുഖാരി : 2-23-382)
അനസ്(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ നബി(സ)യുടെ കൂടെ കൊല്ലനായിരുന്ന അബൂസൈഫിന്റയടുക്കല്‍ പ്രവേശിച്ചു. നബി(സ)യുടെ പുത്രന്‍ ഇബ്റാഹീമിന് മുലകൊടുത്ത സ്ത്രീയുടെ ഭര്‍ത്താവായിരുന്നു അദ്ദേഹം. നബി(സ) ഇബ്രാഹീമിനെ എടുത്ത് ചുംബിച്ചു. ഇതിനുശേഷം ഇബ്രാഹിം മരണാസന്നനായിരിക്കുമ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തു പ്രവേശിച്ചു. നബി(സ)യുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. അബ്ദുറഹ്മാനുബ്നു ഔഫ് ചോദിച്ചു. ദൈവദൂതരേ! അങ്ങുന്നു കരയുകയാണോ? ഇബ്നുഔഫ്! ഇത് കൃപയാണ്, വീണ്ടും നബി(സ) കണ്ണുനീര്‍ ഒഴുക്കുവാന്‍ തുടങ്ങി. കണ്ണ് കരയുകയും ഹൃദയം ദു:ഖിക്കുകയും ചെയ്യും. പക്ഷെ നമ്മുടെ നാഥന്‍ തൃപ്തിപ്പെടാത്തതൊന്നും നാം പറയരുത്. ഇബ്രാഹീം! നിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദു:ഖിതരാണ് എന്ന് നബി(സ) അരുളി. (ബുഖാരി : 2-23-390)
വാസില(റ)യില് നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു. നിന്റെ സഹോദരന്റെ കഷ്ടപ്പാടില്‍ നീ സന്തോഷം പ്രകടിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ അല്ലാഹു അവനെ അനുഗ്രഹിക്കുകയും നിന്നെ ക്ളേശിപ്പിക്കുകയും ചെയ്യും. (തിര്‍മിദി)
This post was written by: ~~~ISLAHI BLOGGERS~~~
ബ്ലോഗ് ലോകത്തുള്ള ഇസ്ലാഹി ആദര്‍ശം പുലര്‍ത്തുന്ന വ്യക്തികളുടെ ഒരു കൂട്ടായ്മ്മ ആണ് . ഇതിലെ ഉള്ളടക്കം അതാത് ലേഖകരുടെതാണ് .. ഏതെന്കിലും സംഘടനയുടെ ഉത്തരവാദിത്വത്തില്‍ അല്ല ഈ കൂട്ടായ്മ്മ പ്രവര്‍ത്തിക്കുന്നതും ...Follow US on FACEBOOK
Follow Us On TWITTER
Join Wth Our FACEBOOK FAN PAGE
Get Updates Via Email
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 Responses to “മലയാളം ഹദീസ് പഠനം 8”
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :