‘നറുനിലാവ്' - ഈദ് സമ്മാനം

```അഭിപ്രായം അറിയിക്കുമല്ലോ...```

വ്യാഴാഴ്‌ച, മാർച്ച് 25

സൈബര്‍ കുറ്റകൃത്യങ്ങള്‍: മനസ്സ് മാറ്റാന്‍ ഒരുങ്ങണം


ടോമിന്‍ ജെ. തച്ചങ്കരി (സംസ്ഥാന പൊലീസ് സൈബര്‍ സെല്‍ മേധാവി)
സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. പൊലീസ് മാത്രം മനസ്സ് വെച്ചാല്‍ നിയന്ത്രിക്കാവുന്നതല്ല അത്. ജനങ്ങളും വലിയ പങ്ക് വഹിക്കണം. കുറ്റകൃത്യങ്ങളില്‍ അകപ്പെടാതിരിക്കാനുള്ള മാനസികമായ മുന്നൊരുക്കമാണ് പ്രധാനശക്തി. വഞ്ചനയില്‍ പെട്ടാല്‍ ആര്‍ജവത്തോടെ കേസ് നടത്താനും കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ധീരത കാണിക്കണം. ഈ രണ്ട് സമീപനവും ശക്തിപ്പെട്ടാല്‍ പൊലീസിന്റെ ഇന്നത്തെ സന്നാഹംകൊണ്ട് ഈ മേഖലയെ ശുദ്ധീകരിക്കാം, തീര്‍ച്ച.


മറ്റേതൊരു സംസ്ഥാനത്തെക്കാളും മികവുറ്റ സംവിധാനമാണ് സൈബര്‍ കുറ്റകൃത്യം തടയാന്‍ കേരളം ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ച് ഇന്റര്‍ നെറ്റിലൂടെ ജോലി തട്ടിപ്പ് നടത്തുന്ന അന്തര്‍ദേശീയ കുറ്റവാളി സംഘത്തെ ഈയിടെ കണ്ടെത്തി ചില വിദേശികളെ അറസ്റ്റ് ചെയ്തത് കേരളമാണ്. തിരുവനന്തപുരത്ത് ഹൈടെക് ക്രൈം സെല്ലില്‍ വിദഗ്ധരായ 25 ഓളം പേരും, സംസ്ഥാനമാകെ പരിധിയുള്ള സൈബര്‍ പൊലീസ്സ്റ്റേഷനില്‍ 40 ഓളവും, എസ്.എം.എസ് സെല്ലില്‍ 12 പേരും സേവനത്തിലുണ്ട്.
നാലുരീതിയില്‍ സൈബര്‍ പരാതികള്‍ പൊലീസിന് കൈമാറാം. 9497900000 എന്ന മൊബൈല്‍ നമ്പറില്‍ എസ്.എം.എസ് അയക്കാം.എന്നാല്‍, ഇവിടെ നിന്ന് പരാതിക്കാര്‍ക്ക് മറുപടി കിട്ടില്ല. കിട്ടിയ സന്ദേശം നല്‍കിയവരെക്കുറിച്ച രഹസ്യം സൂക്ഷിച്ചുതന്നെ ജില്ലാ സൈബര്‍സെല്ലിനും അവിടെ നിന്ന് പൊലീസ്സ്റ്റേഷനിലേക്കും കൈമാറും. പരാതിയെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തി തുടര്‍നടപടിയെടുക്കും.
cyberps@keralapolice.gov.in എന്ന വിലാസത്തില്‍ ഇ^മെയിലാണ് മറ്റൊരു വഴി. ഇതേ വിലാസം തന്നെ പതിനാല് ജില്ലകളുടെ പേരിലും ഉണ്ട്. hitechcell@keralapolice.gov.in എന്ന പേരില്‍ ഹൈടെക് സെല്ലിനും മെയിലുണ്ട്. കേരള പൊലീസ് വെബ്സൈറ്റില്‍ സൈബര്‍സെല്ലിന്റെ വിപുലമായ ലിങ്ക് സൈറ്റ് സന്ദര്‍ശിച്ചാല്‍ ഇത് സംബന്ധിച്ച നിയമപരവും സാങ്കേതികവുമായ എല്ലാ നിര്‍ദേശങ്ങളും ലഭ്യമാവും. 1091,100, 1090 എന്നീ പൊലീസ് പരാതി ഫോണ്‍ നമ്പറുകളിലേക്കും സൈബര്‍പരാതികള്‍ നേരിട്ട് വിളിച്ച് പറയാം. രേഖാമൂലം പരാതി എഴുതി അയക്കുന്ന നാലാമത്തെ രീതിയാണ് ഏറെ ഫലപ്രദം. ഇങ്ങനെ അയക്കുന്ന പരാതികളില്‍ പരാതിക്കാരെക്കുറിച്ച വിവരങ്ങള്‍ പൊലീസ് രഹസ്യമായി സൂക്ഷിക്കും. പരാതിപ്പെടുന്ന ആള്‍ എത്രത്തോളം ഈ കുറ്റകൃത്യത്തില്‍ എതിര്‍കക്ഷിക്ക് സഹായി ആയി എന്നതല്ല, എതിര്‍കക്ഷി എത്രത്തോളം പരാതിക്കാരെ ചീറ്റ് ചെയ്തു എന്നതാണ് സൈബര്‍ കുറ്റാന്വേഷണത്തിന്റെ മുഖ്യ അന്വേഷണലക്ഷ്യം. അതിനാല്‍ പരാതിപ്പെടുന്നവര്‍ക്ക് ഒരു കാരണവശാലും പേടിക്കാനില്ല.


സൈബര്‍ കേസുകളില്‍ തെളിവുകള്‍ കൃത്യമായി ഉണ്ടാവും. തെളിവില്ലാത്ത ഒരു സൈബര്‍ കുറ്റകൃത്യവും ഉണ്ടാവില്ല. മൊബൈല്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യുന്നവ പോലും മെമറിയില്‍ നിന്ന് ശേഖരിക്കാവുന്ന സംവിധാനമുണ്ട്. അതിനാല്‍ പരാതിയില്‍ ഉറച്ചു നില്‍ക്കാനുള്ള തന്റേടമാണ് യഥാര്‍ഥത്തില്‍ വേണ്ടത്. ഇത് പൊലീസല്ല കാണിക്കേണ്ടത്, പരാതിക്കാരാണ്.
കേരളത്തില്‍ ഇതിനകം ഹൈടെക് സെല്ലില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടത് 40 ഓളം കേസുകളാണ്.


2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടും റൂള്‍സുമാണ് സൈബര്‍സെല്‍ പിന്തുടരുന്നത്. 2008 ഡിസംബറില്‍ പാര്‍ലമെന്റ് ഈ നിയമം പുതിയ പ്രവണതകള്‍ മുന്നില്‍കണ്ട് ഭേദഗതി ചെയ്തു. മൂന്ന് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്നതാണ് നിയമം. പക്ഷേ, അന്തര്‍ ദേശീയ ഐ.ടി നിയമത്തിന്റെ ചുവട് പിടിച്ചാണ് നമ്മുടെ നിയമം. അന്തര്‍ദേശീയ നിയമത്തിന്റെ പാശ്ചാത്തലവും ഇന്ത്യയുടെ പാശ്ചാത്തലവും രണ്ടാണ്. ചില പാശ്ചാത്യരാജ്യങ്ങളില്‍ സെക്സിനോടുള്ള നിലപാട് ഉദാരമാണ്. ഇത്തരം രാജ്യങ്ങള്‍ ആസ്ഥാനമായുള്ള ചില സൈബര്‍ വ്യവസായസംരംഭങ്ങളാണ് ഇന്റര്‍നെറ്റില്‍ വ്യാപിച്ചുകിടക്കുന്നത്. ഫ്രീസെക്സ് സൈറ്റുകളെല്ലാം ഇത്തരം രാജ്യങ്ങളുടെ ഉല്‍പന്നങ്ങളാണ്. മുതലാളിത്ത രാജ്യങ്ങള്‍ പടച്ചു വിടുന്നതെല്ലാം അതിരുകളില്ലാതെ ആസ്വദിക്കാന്‍ നാം പഠിച്ചുകഴിഞ്ഞു. അപ്പോള്‍ എവിടെയാണ് നിയന്ത്രണം ഉണ്ടാവേണ്ടത്? നമ്മുടെ മനസ്സിലാണ് ആദ്യത്തെ നിയമം സ്ഥാപിക്കേണ്ടത്. പൊലീസും കോടതിയും എല്ലാം സ്വന്തം മനസ്സിലുണ്ടെങ്കിലേ ഈ പ്രവണതയെ നേരിടാനാവുകയുള്ളൂവെന്ന് ചുരുക്കം.


മുമ്പ് ഒരു അശ്ലീലസിനിമ കാണണമെങ്കില്‍ തിയറ്ററില്‍ പോകണം. 'എ'പടം പ്രദര്‍ശിപ്പിക്കുമ്പോള്‍ പോലും 'പ്രായപൂര്‍ത്തിയെത്തിയവര്‍ക്ക് മാത്രം' എന്ന സെന്‍സര്‍ബോര്‍ഡിന്റെ മുന്നറിയിപ്പോടെയേ പാടുള്ളൂ. ചാനലുകളില്‍ അശ്ലീലപരസ്യങ്ങളും ചീളുകളും പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ നമ്മുടെ ധാര്‍മികബോധം ഉണരാറുണ്ട്. നിയമപരമായും ഈ മേഖല നിയന്ത്രണവിധേയമാണ്. പക്ഷേ, ഇതൊന്നും ബാധകമല്ലാത്ത ഒരു മേഖലയായി ഇന്റര്‍നെറ്റ് രംഗം വളര്‍ന്നിരിക്കുന്നു.
മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ കേരളത്തില്‍ ഒന്നും രണ്ടും കോടിയല്ല, നാല് കോടിയോളമായി കഴിഞ്ഞു. റേഷന്‍ കാര്‍ഡിനേക്കാള്‍ വരും ഇത്. അത്രത്തോളം കേരളം മൊബൈല്‍ ഫോണ്‍ മേഖലയില്‍ വളര്‍ന്നിരിക്കുന്നു. മൊബൈല്‍ ഒപ്ഷനുകളിലെ വളര്‍ച്ചയാണ് കുറ്റകൃത്യം വര്‍ധിപ്പിച്ചത്. കാമറ സെറ്റുകള്‍ വല്ലാത്ത കുരുക്കാണ് തീര്‍ത്തത്. പകര്‍ത്തുന്ന പടങ്ങള്‍ സ്റ്റോര്‍ ചെയ്യാന്‍ കമ്പ്യൂട്ടര്‍ സെന്ററുകളിലേക്ക് പോകുന്നതോടെ പകര്‍ത്തിയ രംഗങ്ങള്‍ക്ക് ഒരു രഹസ്യവും ഇല്ലാതായി. ബ്ലാക്ക് മെയില്‍ ചെയ്യപ്പെടാന്‍ ഇത്രത്തോളം നല്ലൊരു ആയുധം വേറെയില്ല. പെണ്‍കുട്ടികള്‍ ബലിയാടാക്കപ്പെടുന്നത് ഈ രംഗത്താണ്. ബ്ലൂടുത്ത് സംവിധാനമാണ് ഏറ്റവും വലിയ പ്രശ്നമായി സൈബര്‍ സെല്ലിന്റെ മുന്നിലെത്തുന്ന പരാതികളില്‍ മുഴച്ചു കാണുന്നത്. ബ്ലൂടുത്ത് വഴി പ്രചരിക്കുന്ന അശ്ലീല ചിത്രങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ല.


യഥാര്‍ഥത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഉപകരണമാണ് മൊബൈല്‍ഫോണ്‍. ഫോണ്‍ കൈയില്‍ നല്‍കി പെണ്‍കുട്ടിയെ എത്ര ദീര്‍ഘമേറിയ യാത്രയിലും കുടുംബത്തിന് ഗൈഡ് ചെയ്യാം. മുമ്പ് കുട്ടികളെ ഹോസ്റ്റലില്‍ കൊണ്ടാക്കാന്‍ രക്ഷിതാക്കള്‍തന്നെ പോകണം. മൊബൈല്‍ വന്നതോടെ അതിന്റെ ആവശ്യമില്ല. അവര്‍ ബസ് കയറിയത്, യാത്ര തുടരുന്നത്, വണ്ടി കിട്ടിയത്, ഇറങ്ങിയത്, ഹോസ്റ്റലില്‍ എത്തിയത് എല്ലാം അപ്പപ്പോള്‍ മൊബൈല്‍ വഴി വിളിച്ചറിഞ്ഞ് കുടുംബത്തിന് സമാധാനിക്കാം. അങ്ങനെ എല്ലാ അര്‍ഥത്തിലും നല്ലൊരു സുരക്ഷിതപങ്കാളിയാവേണ്ട മൊബൈല്‍ഫോണ്‍ തന്നെയാണ് പെണ്‍കുട്ടികളുടെ ജീവിതം തകര്‍ക്കുന്നത് എന്ന് വന്നാല്‍ അതിന് ഉത്തരവാദി ആരാണ്? നമ്മുടെ മനസ്സ് തന്നെയാണെന്ന് ഞാന്‍ തറപ്പിച്ച് പറയും.
മൊബൈല്‍ഫോണ്‍ കുട്ടികള്‍ക്ക് നല്‍കിയാല്‍ പോരാ. അത് എങ്ങനെ അവര്‍ ഉപയോഗിക്കുന്നുഎന്ന് സൂക്ഷ്മനിരീക്ഷണം നടത്താറുണ്ടോ? മൊബൈല്‍ഫോണ്‍ കുട്ടികള്‍ക്ക് വാങ്ങുമ്പോള്‍, കാമറ ഇല്ലാത്ത, മെമറികാര്‍ഡില്ലാത്ത, ത്രിജി, ജി.പി.ആര്‍.എസ്,ബ്ലൂടുത്ത് എന്നിവ കിട്ടാത്ത പ്രാഥമികമായ ഒപ്ഷനുകള്‍ മാത്രമുള്ള മൊബൈല്‍ സെറ്റ് മതിയെന്ന് തീരുമാനിച്ചാല്‍ പോരേ? കോഴിക്കോട്ടെ മൊബൈല്‍ ഫോണ്‍ കാമറയെക്കുറിച്ച് അന്വേഷണത്തില്‍ കിട്ടിയ മറ്റൊരു സാങ്കേതിക വളര്‍ച്ചയുടെ വിവരം കൂടി വായനക്കാരുമായി പങ്കിടാം. മൊബൈല്‍ കാമറ ഒരു മുറിയില്‍ സ്ഥാപിച്ച് അതിന്റെ കണ്‍ട്രോള്‍ രഹസ്യ കേന്ദ്രത്തിലിരിന്ന് കൈകാര്യം ചെയ്യാനും കഴിയുന്ന സോഫ്റ്റ് വെയര്‍ വികസിച്ചിരിക്കുന്നുവെന്നതാണ് ഞെട്ടിക്കുന്ന വിവരം. ഇതനുസരിച്ച് കാമറയുടെ ചെറുതരം മോഡുകള്‍ മുറിയുടെ സ്വിച്ച് ബോര്‍ഡ്, പേനയുടെ അടപ്പ്, തുടങ്ങിയ പലേടത്തും സ്ഥാപിക്കാന്‍ കഴിയും.


കേരളത്തിലെ ഇന്റര്‍നെറ്റ് കഫെകളെ നിയന്ത്രിക്കാന്‍ തന്നെ സൈബര്‍സെല്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള ഒരു നിയമത്തിന്റെ കരട് തയാറാവുന്നുണ്ട്. ഇന്റര്‍നെറ്റ് കഫെകള്‍ വലിയ അധോലോക മേഖലയാവുന്നുണ്ട്. എല്ലാം അങ്ങനെയാണെന്നല്ല. അധോലോകത്തിന് വേണ്ടി കഫെകള്‍ സ്ഥാപിക്കപ്പെടുന്നു. ഏതെങ്കിലും ഒരു മുറിയില്‍ നെറ്റ് കണക്ഷന്‍ നേടി കുറെ കമ്പ്യൂട്ടറുമായി ഇരുന്നാല്‍ അത് കണ്ടെത്താനാവാത്ത അവസ്ഥയാണിപ്പോഴുള്ളത്. കേരളത്തില്‍ മൂന്ന് കോടിയോളം ഇന്റര്‍നെറ്റ് വരിക്കാരുണ്ടെന്നാണ് ഏകദേശ കണക്ക്. കഫെകളുടെ എണ്ണം 15,000 ത്തിനും 20,000 ത്തിനും ഇടയിലാണ്. ഇവക്ക് തീര്‍ച്ചയായും ഒരു നിയമം വേണം. കഫെകള്‍ റജിസ്റ്റര്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഒരു നിശ്ചിത സെക്യൂരിറ്റി തുക ഈടാക്കി പൂര്‍ണമായ മേല്‍വിലാസവും യോഗ്യതയുമുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് കഫെ നടത്താനുള്ള ലൈസന്‍സ് അനുവദിക്കുന്ന വിധത്തിലാണ് നിയന്ത്രണം വരുത്തുക. കഫെകളുടെ പ്രവര്‍ത്തനവും നിയമം വഴി ചിട്ടപ്പെടുത്തും. മുഴുവന്‍ കമ്പ്യൂട്ടറുകളും ഉടമക്ക് നേരിട്ട് കാണാവുന്ന വിധത്തില്‍ പരസ്യമായി തന്നെ സ്ഥാപിക്കണം. ഉപഭോക്താക്കള്‍ക്ക് ഇപ്പോഴുള്ള രഹസ്യമായ ഇരിപ്പിടം ഇനി അനുവദിക്കില്ല. സ്വന്തമായി ഇന്റര്‍നെറ്റ് ഉളളവര്‍ പോലും കഫെകളില്‍ വന്ന് നെറ്റ് ഉപയോഗിക്കുന്നതിന്റെ പിന്നിലെന്താണെന്ന് മനസ്സിലാക്കാവുന്നതാണ്. പിടികൊടുക്കപ്പെടാത്തത് കഫെയിലൂടെ ചെയ്യാമെന്ന് ആഗ്രഹിച്ചാണ് പലരും ഇന്റര്‍നെറ്റ് കഫെകളില്‍ എത്തുന്നത്. ഇത് തടയാന്‍ കഫെകള്‍ ഉപയോഗിക്കുന്നവരുടെ പൂര്‍ണ വിവരം രേഖപ്പെടുത്തുന്ന (തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ) റജിസ്റ്റര്‍ നിര്‍ബന്ധമാക്കും. സ്ഥിരമായ ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിലാസം രേഖപ്പെടുത്തിയ റജിസ്റ്റര്‍ തയാറാക്കി റജിസ്ട്രേഷന്‍ നമ്പര്‍ നല്‍കാവുന്നതുമാണ്. പുതിയ ഒരാള്‍ വരുമ്പോള്‍ തീര്‍ച്ചയായും കഫെകളില്‍ തിരിച്ചറിയല്‍ രേഖ നല്‍കണം.
നമ്മുടേതായ ഒരു സാംസ്കാരിക പൈതൃകം മറക്കരുത്. അത് മുറുകെ പിടിക്കാന്‍ കഴിയണം. പുതിയ സാങ്കേതിക മികവുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ആവില്ല. തലമുറയെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് വിഡ്ഢിത്തമാണ്. പക്ഷേ, പുതിയ ഉല്‍പന്നങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്നതില്‍ കണിശമായ നിലപാടുണ്ടാവണം. എല്ലാ രംഗത്തും നിരീക്ഷണവും മോണിറ്ററിങ്ങും കുട്ടികളുമായി കൂടിയാലോചനയും പരസ്പര വിട്ടുവീഴ്ചയും കാണിക്കണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുമ്പോഴാണ് കുറ്റകൃത്യം പെരുകുന്നത്. സൈബര്‍ മേഖലയിലെ ഏറ്റവും വലിയ പ്രശ്നവും അതാണ്.

ഇത്  കിട്ടിയത് ഈ ബ്ലോഗില്‍ നിന്നാണ്
പ്രസിദ്ധീകരിച്ചത് Sudheer K. Mohammed

1 Responses to “സൈബര്‍ കുറ്റകൃത്യങ്ങള്‍: മനസ്സ് മാറ്റാന്‍ ഒരുങ്ങണം”

Noushad Vadakkel പറഞ്ഞു...
2010, മാർ 25 7:44:00 PM

സൈബര്‍ കേസുകളില്‍ തെളിവുകള്‍ കൃത്യമായി ഉണ്ടാവും. തെളിവില്ലാത്ത ഒരു സൈബര്‍ കുറ്റകൃത്യവും ഉണ്ടാവില്ല. മൊബൈല്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യുന്നവ പോലും മെമറിയില്‍ നിന്ന് ശേഖരിക്കാവുന്ന സംവിധാനമുണ്ട്. അതിനാല്‍ പരാതിയില്‍ ഉറച്ചു നില്‍ക്കാനുള്ള തന്റേടമാണ് യഥാര്‍ഥത്തില്‍ വേണ്ടത്. ഇത് പൊലീസല്ല കാണിക്കേണ്ടത്, പരാതിക്കാരാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP