വ്യാഴാഴ്‌ച, ജൂലൈ 1
മലയാളം ഹദീസ് പഠനം 11
അവലംബം : http://blog.hudainfo.com/2010/06/11.html
ഫേസ് ബുക്ക് , ട്വിറ്റെര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.
ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
അനസ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അല്ലാഹുവേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് പൊറുത്തുതരേണമേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് നല്‍കേണമേ എന്ന് പറയരുത്. ഉറപ്പിച്ച് തന്നെ ചോദിക്കുക. നിര്‍ബന്ധിച്ച് അല്ലാഹുവിനെ കൊണ്ട് ഒരു കാര്യം ചെയ്യിപ്പിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. (ബുഖാരി : 8-75-350)
അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്നിട്ടെന്റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടില്ല എന്ന് ആവലാതിപ്പെടാത്ത കാലം വരെ നിങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുകതന്നെ ചെയ്യും. (ബുഖാരി : 8-75-352)
ഉബാദത്തി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: ഭൂലോകത്തുവെച്ച് അല്ലാഹുവിനോട് വല്ല മുസ്ളിമും പ്രാര്‍ത്ഥിച്ചാല്‍ ചോദിച്ചത് അല്ലാഹു അവന് നല്കുകയോ അത്രയും ആപത്ത് അവനില്‍ നിന്ന് എടുത്തുകളയുകയോ ചെയ്യാതിരിക്കുകയില്ല. അന്നേരം സദസ്സിലൊരാള്‍ പറഞ്ഞു: എന്നാല്‍ ഞങ്ങള്‍ ധാരാളം പ്രാര്‍ത്ഥിക്കും. അവിടുന്ന് പറഞ്ഞു: അല്ലാഹു അതില്‍ കൂടുതല്‍ ഗുണം ചെയ്യുന്നവനാണ്. (തിര്‍മിദി) (നിങ്ങളുടെ പ്രാര്‍ത്ഥന നിമിത്തം അവന് യാതൊരുകുറവും സംഭവിക്കുകയില്ല)
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: പിരടിയില്‍ ഒന്നുമില്ലാതെ ഒരൊറ്റ വസ്ത്രം ധരിച്ചുകൊണ്ട് നിങ്ങളാരും നമസ്കരിക്കരുത്. (ബുഖാരി : 1-8-355)
ആയിശ(റ) നിവേദനം: തിരുമേനി(സ) സുബ്ഹി നമസ്കാരം നിര്‍വ്വഹിക്കുമ്പോള്‍ സത്യവിശ്വാസികളായ സ്ത്രീകളും വസ്ത്രം മൂടിപ്പുതച്ചുകൊണ്ട് പള്ളിയില്‍ ഹാജറാവാറുണ്ടായിരുന്നു. പിന്നീട് സ്വഗൃഹങ്ങളിലേക്ക് അവര്‍ തിരിച്ചുപോകുമ്പോള്‍ ആര്‍ക്കും അവരെ (ഇരുട്ടുകാരണം) മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. (ബുഖാരി : 1-8-368)
സഹ്ല്(റ) നിവേദനം: കുട്ടികള്‍ ചെയ്യാറുള്ളത് പോലെ തങ്ങളുടെ തുണിയുടെ തലപിരടിയില്‍ കെട്ടിക്കൊണ്ടു ചില ആളുകള്‍ തിരുമേനി(സ) യോടൊപ്പം നമസ്ക്കരിക്കാറുണ്ടായിരുന്നു. അപ്പോള്‍ പുരുഷന്മാര്‍ സുജൂദില്‍ നിന്നും എഴുന്നേറ്റ് ഇരിക്കും മുമ്പ് സ്ത്രീകള്‍ സുജൂദില്‍ നിന്നും തല ഉയര്‍ത്തരുതെന്ന് തിരുമേനി(സ) സ്ത്രീകളോട് കല്‍പ്പിച്ചു. (ബുഖാരി : 1-8-358)
അബുഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: പുരുഷന്മാരുടെ അണികളില്‍ ആദ്യത്തേതാണുത്തമം. അവസാനത്തേത് ശര്‍റുമാകുന്നു. (ഇമാമിന്റെ ഖിറാഅത്ത് കേള്‍ക്കാനും അദ്ദേഹത്തിന്റെ സ്ഥിതിഗതികള്‍ നേരില്‍ മനസ്സിലാക്കാനും കഴിയുന്നതുകൊണ്ടും അല്ലാഹുവിന്റെയും മലക്കുകളുടെയും സ്വലാത്തിന് അര്‍ഹനായിത്തീരുന്നതുകൊണ്ടും ആദ്യത്തെ അണിയാണുത്തമം) സ്ത്രീകളുടെ അണികളില്‍ അവസാനത്തേതാണുത്തമം. ആദ്യത്തേത് ശര്‍റുമാകുന്നു. (മുസ്ലിം) (ആദ്യമാദ്യമുള്ള സഫ്ഫുകളിലെ പുരുഷന്മാരുമായുള്ള സാമീപ്യം കാരണം സ്ത്രീക്ക് ഏറ്റവും നല്ലത് പിന്‍സഫ്ഫുകളില്‍ നില്‍ക്കലാകുന്നു)
ഉമ്മുഅത്ത്വിയ(റ) നിവേദനം: അന്തഃപുരത്തു ഇരിക്കുന്ന സ്ത്രീകളേയും ആര്‍ത്തവകാരികളായ സ്ത്രീകളേയും പെരുന്നാള്‍ മൈതാനത്തേക്ക് കൊണ്ടുവരാന്‍ നബി(സ) ഞങ്ങളോട് കല്പിച്ചിരുന്നു. അവര്‍ മുസ്ളിങ്ങളുടെ ജമാഅത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കും. ഋതുമതികള്‍ നമസ്കാരസ്ഥലത്ത് നിന്ന് അകന്നു നില്‍ക്കും. ഒരു സ്ത്രീ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! ഞങ്ങളില്‍ ഒരുവള്‍ക്ക് വസ്ത്രമില്ലെങ്കിലോ? അവിടുന്നു പറഞ്ഞു അവളുടെ സഹോദരി തന്റെ വസ്ത്രത്തില്‍ നിന്ന് അവളെ ധരിപ്പിക്കട്ടെ. (ബുഖാരി. 1. 8. 347)
വുളുവുമായി ബന്ധപെട്ട ഹദീസുകള്‍ മുമ്പ് പോസ്റ്റ് ചെയ്തത് ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അബ്ദുല്ല(റ) : നബി(സ) ഒരിക്കല്‍ ളുഹര്‍ നമസ്കാരം അഞ്ച് റക്ക്അത്ത് നമസ്കരിച്ചു. നമസ്കാരത്തിന്റെ റക്അത്തുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ എന്ന് അപ്പോള്‍ നബി(സ)യോട് ചോദിക്കപ്പെട്ടു. അങ്ങിനെ ചോദിക്കാനെന്താണ് കാരണമെന്നു നബി(സ) അന്വേഷിച്ചു. അവിടുന്ന് അഞ്ച് റക്അത്താണ് നമസ്കരിച്ചതെന്ന് അവര്‍ മറുപടി നല്‍കി. ഉടനെ നബി(സ) രണ്ട് സുജൂദ് ചെയ്തു. സലാം ചൊല്ലി നമസ്കാരത്തില്‍ നിന്ന് വിരമിച്ച ശേഷമായിരുന്നു ആ സുജൂദ്. (ബുഖാരി : 2-22-317)
അബ്ദുല്ല(റ) നിവേദനം: നബി(സ) ഒരു ളുഹ്ര്‍ നമസ്കാരത്തില്‍ ഇരിക്കാതെ എഴുന്നേറ്റു. നമസ്കാരം പൂര്‍ത്തിയാക്കിയ ശേഷം അവിടുന്നു രണ്ട് സുജൂദ് ചെയ്യുകയും ശേഷം സലാം വീട്ടുകയും ചെയ്തു. (ബുഖാരി : 2-22-315)
Note : ഈ സുജൂദില്‍ ചൊല്ലാനുള്ള ചില പ്രാര്‍ത്ഥനകള്‍ ചില പുസ്തകങ്ങളില്‍ കണ്ടു വരാറുണ്ട്. പക്ഷെ പ്രാമാണികമായ ഹദീസുകളില്‍ ഒന്നും തന്നെ ഇതുമായി ബന്ധപെട്ട പരാമര്‍ശങ്ങള്‍ ഇല്ല എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. അതിനാല്‍ സാധാരണ നമസ്കാരത്തില്‍ ചെല്ലുന്നത് തന്നെ ചൊല്ലിയാല്‍ മതി.
അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: രണ്ട് നെരിയാണിവിട്ട് താഴേക്ക് ഇറങ്ങിയ വസ്ത്രം നരകത്തിലാണ്. (ബുഖാരി : 7-72-678)
ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ) അരുളി: വല്ലവനും അഹങ്കാരത്തോട് കൂടി തന്റെ വസ്ത്രം നിലത്തു വലിച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന്റെ നേരെ നോക്കുകയില്ല. അപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: പ്രവാചകരേ! എന്റെ തുണിയുടെ ഒരു ഭാഗം നിലത്ത് പതിക്കാറുണ്ട്. ഞാന്‍ ജാഗ്രത പുലര്‍ത്തിയാല്‍ ഒഴികെ. നബി(സ)അരുളി: നീയത് അഹങ്കാരത്തോട് കൂടിചെയ്യുന്നവരില്‍ പെട്ടവനല്ല. (ബുഖാരി. 7. 72. 675)
അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: ഒരാള് തന്റെ വസ്ത്രം താഴ്ത്തിയിട്ട് നമസ്കരിക്കെ റസൂല്(സ) അയാളോട് പറഞ്ഞു: നീ പോയി വുളുചെയ്യുക. അയാള് പോയി വുളുചെയ്തു വന്നപ്പോള് റസൂല്(സ) വീണ്ടും പറഞ്ഞു: നീ പോയി വുളുചെയ്യൂ. തല്ക്ഷണം മറ്റൊരാള് ചോദിച്ചു. പ്രവാചകരേ! അയാളോട് വുളുചെയ്യാന് കല്പിച്ചുവെങ്കിലും പിന്നീട് അങ്ങ് മൗനമവലംബിച്ചുവല്ലോ. (അതെന്താണെന്ന് മനസ്സിലായില്ല) അവിടുന്ന് പറഞ്ഞു: അവന് വസ്ത്രം താഴ്ത്തിയിട്ടാണ് നമസ്കരിച്ചത്. വസ്ത്രം താഴ്ത്തിയിടുന്നവന്റെ നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല. (അബൂദാവൂദ്)
അബൂസഈദി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പ്രസ്താവിച്ചു: മുസല്മാന്റെ മുണ്ട് തണ്ടങ്കാല് പകുതി വരെയാണ്. മടമ്പസ്ഥിവരെ അതെത്തുന്നത് കൊണ്ട് തെറ്റില്ല. മടമ്പും വിട്ട് താഴ്ന്നു കിടക്കുന്നത് നരകത്തിലാണ്. അഹന്തമൂലം മുണ്ട് വലിച്ചിഴക്കുന്നവനെ അല്ലാഹു നോക്കുക പോലുമില്ല. (അബൂദാവൂദ്)
ഇബ്നുഉമറി(റ)ല് നിന്ന് നിവേദനം: ഞാന് ഒരിക്കല് റസൂല്(സ)യുടെ അരികില് നടന്നു ചെന്നു. എന്റെ മുണ്ട് അല്പം താഴ്ന്നിരുന്നു. അപ്പോള് പ്രവാചകന് പറഞ്ഞു. അബ്ദുല്ലാ! നിന്റെ മുണ്ട് പൊക്കിയുടുക്കൂ. ഞാന് അത് പൊക്കിയുടുത്തു. പിന്നീട് തിരുദൂതന്(സ) പറഞ്ഞു. അല്പം കൂടി പൊക്കൂ. അപ്പോഴും ഞാന് അങ്ങിനെ പൊക്കിയുടുത്തു. അതിനു ശേഷം ഞാനക്കാര്യം വളരെ ശ്രദ്ധിച്ചുപോന്നു. എത്രത്തോളമെന്ന് ചിലര് ചോദിച്ചപ്പോള്, ഈ തണ്ടന്‍ കാലുകളുടെ പകുതിവരെ എന്ന് ഞാന് മറുപടി കൊടുത്തു. (മുസ്ലിം)
ഇബ്നുഉമറി(റ)ല് നിന്ന് നിവേദനം: റസൂല്(സ) അരുളി: അഹങ്കാരത്തോടു കൂടി വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തില് അല്ലാഹു നോക്കുകയില്ല. ഉമ്മുസലമ(റ) ചോദിച്ചു. സ്ത്രീകള് വസ്ത്രാഗ്രം എന്തുചെയ്യണം.? തിരുദൂതന്(സ) അരുളി: അവര് ഒരു ചാണ് താഴ്ത്തിയിടട്ടെ! ഉമ്മുസലമ(റ) പറഞ്ഞു. അവരുടെ പാദങ്ങള് വെളിവായാലോ? അപ്പോള് അവിടുന്ന് പറഞ്ഞു. എന്നാലവര് ഒരു മുഴം താഴ്ത്തണം. അതില് കൂടതല് വേണ്ട. (അബൂദാവൂദ്, തിര്മിദി)
അനസ്(റ) നിവേദനം: നിങ്ങള്‍ ചില പ്രവൃത്തികള്‍ ചെയ്യും. നിങ്ങളുടെ ദൃഷ്ടിയില്‍ അതു ഒരു മുടിയെക്കാള്‍ നിസ്സാരമായിരിക്കും. എന്നാല്‍ ഞങ്ങള്‍ (സഹാബിമാര്‍) നബി(സ)യുടെ കാലത്തു അതിനെ മഹാപാപമായിട്ടാണ് ദര്‍ശിച്ചിരുന്നത്. (ബുഖാരി. 8-76-499)
ആയിശ(റ) പറയുന്നു: നബി(സ) ഒരുപട്ടാളസംഘത്തിന്റെ നേതാവായിക്കൊണ്ട് ഒരാളെ അയച്ചു. അദ്ദേഹം ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുമ്പോള്‍ ഖുര്‍ആന്‍ ഓതിയിട്ട് ഖുല്‍ഹുവല്ലാഹു അഹദ് എന്ന അധ്യായത്തിലാണ് ഓത്ത് അവസാനിപ്പിക്കുക. തിരിച്ചുവന്നപ്പോള്‍ ഇതുകൂട്ടുകാര്‍ നബി(സ)യെ ഉണര്‍ത്തി. അങ്ങിനെ ചെയ്യാന്‍ കാരണമെന്താണെന്ന് ചോദിക്കുവാന്‍ കൂട്ടുകാരെ നബി(സ) ഉപദേശിച്ചു. അവര്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ആ അധ്യായം അല്ലാഹുവിന്റെ ഗുണങ്ങളെ വര്‍ണ്ണിക്കുന്നവന്നാണ്. തന്നിമിത്തം അതു നമസ്കാരത്തിലോതാന്‍ ഞാനിഷ്ടപ്പെടുന്നു. നബി(സ) അരുളി: അല്ലാഹു ഇദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് നിങ്ങള്‍ അറിയിച്ചുകൊള്ളുവീന്‍. (ബുഖാരി : 9-93-472)
അനസി(റ)ല് നിന്ന് നിവേദനം: നിശ്ചയം, ഒരാള് പറഞ്ഞു: പ്രവാചകരെ! ഇഖ്ലാസ് സൂറത്തിനെ (അധ്യായം 112) ഞാനിഷ്ടപ്പെടുന്നു. നബി(സ) പറഞ്ഞു: അതിനോടുള്ള സ്നേഹം നിന്നെ സ്വര്ഗ്ഗത്തില് പ്രവേശിപ്പിക്കുന്നതാണ്. (തിര്മിദി)
അബൂസഈദ്(റ) പറയുന്നു: ഒരു മനുഷ്യന് രാത്രി നമസ്കാരത്തില് 'കുല്ഹുവല്ലാഹു അഹദ്'' ഓതുന്നത് മറ്റൊരു മനുഷ്യന് കേട്ടു. അതയാള് ആവര്ത്തിച്ച് ഓതിക്കൊണ്ടിരിക്കുകയാണ്. പ്രഭാതമായപ്പോള് കേട്ട മനുഷ്യന് നബിയുടെ അടുക്കല് ചെന്ന് ഈ വിവരം ഉണര്ത്തി. അയാളുടെ ദൃഷ്ടിയില് ഈ സൂറത്തു വളരെ ചെറുതായിരിന്നു. നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം. ഖുര്ആനിന്റെ മൂന്നിലൊരു ഭാഗത്തിന് തുല്യമാണ് ഈ അധ്യായം. (ബുഖാരി : 6-61-533)
അബൂസഈദ്(റ) നിവേദനം: നബി(സ) ഒരിക്കല് തന്റെ അനുചരന്മാരോട് ചോദിച്ചു: ഖുര്ആനിന്റെ മൂന്നിലൊരു ഭാഗം വീതം രാത്രി ഓതിക്കൊണ്ട് നമസ്കരിക്കുവാന് നിങ്ങള്ക്ക് കഴിവില്ലെന്നോ? ഇതവര്ക്ക് വളരെ വിഷമമായി അനുഭവപ്പെട്ടു. അവര് പറഞ്ഞു: പ്രവാചകരേ! ഞങ്ങളിലാര്ക്കാണതിന് കഴിയുക? നബി(സ) അരുളി: 'ഖുല്ഹുവല്ലാഹുഅഹദ്' എന്ന അധ്യായം ഖുര്ആന്റെ മൂന്നിലൊന്നാണ്. (ബുഖാരി. 6-61-534)
ആയിശ(റ) പറയുന്നു: നബി(സ) എല്ലാ രാത്രിയും തന്റെ വിരിപ്പില് ചെന്നുകിടന്നുകഴിഞ്ഞാല് രണ്ട് കൈപ്പത്തികളും ചേര്ത്തുപിടിച്ച് ഖുല്ഹുവല്ലാഹുഅഹദ് എന്ന സൂറത്തും ഖുല് അഊദുബിറബ്ബില് ഫലക് എന്ന സൂറത്തും ഖുല് അഊദുബിറബ്ബിന്നാസ് എന്ന സൂറത്തും ഓതി അതില് ഊതും ആ കൈപത്തികളും കൊണ്ട് ശരീരത്തില് സൌകര്യപ്പെട്ട സ്ഥലങ്ങളിലെല്ലാം തടവും. തലയില് നിന്ന് തുടങ്ങി മുഖം ശരീരത്തിന്റെ മുന്‍വശം എന്നിവയെല്ലാം തടവും. അതു മൂന്നുവട്ടം ആവര്ത്തിക്കും. (ബുഖാരി : 6-61-536)
അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോള്‍ തന്റെ പക്കലുള്ള ഒരു ഗ്രന്ഥത്തില്‍ താന്‍ സ്വീകരിച്ച തത്വങ്ങളെല്ലാം സിംഹാസനത്തിന്മേല്‍ വെച്ചു. എന്റെ കാരുണ്യം എന്റെ കോപത്തെ അതിര് കവിയും എന്നതാണത്. (ബുഖാരി : 9-93-501)
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ശ്വാസം മുട്ടിച്ച് ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ വെച്ച് അവനെ ശ്വാസം മുട്ടിക്കും. വല്ലവനും ദേഹത്തെ കുത്തി മുറിപ്പെടുത്തി ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ അവന്‍ സ്വയം കുത്തി മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കും. (ബുഖാരി : 2-23-446)
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ഒരു മലയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. എങ്കില്‍ അവന്റെ വാസസ്ഥലം നരകമായിരിക്കും. ശാശ്വതമായി അവനതില്‍ വീണുകൊണ്ടിരിക്കും. വല്ലവനും വിഷം കഴിച്ച് ആത്മഹത്യ ചെയ്താല്‍ ശാശ്വതനായി നരകത്തില്‍ വെച്ച് വിഷം കഴിച്ചുകൊണ്ടേയിരിക്കും. ഒരായുധം പ്രയോഗിച്ചു ഒരാള്‍ ആത്മഹത്യ ചെയ്താല്‍ ശാശ്വതനായി നരകത്തില്‍ വെച്ച് കത്തി കയ്യില്‍ പിടിച്ച് അവന്‍ തന്റെ വയറ് കുത്തിക്കീറിക്കൊണ്ടേയിരിക്കും. (ബുഖാരി : 7-71-670)
സാബിത്(റ) നിവേദനം: ഇസ്ളാം ഒഴിച്ച് മറ്റു വല്ല മതത്തിന്റെ പേരിലും ഒരാള്‍ ബോധപൂര്‍വ്വം കള്ള സത്യം ചെയ്താല്‍ അവന്റെ സ്ഥിതി അവന്‍ പറഞ്ഞതുപോലെ തന്നെയായിത്തീരും. വല്ലവനും ഒരായുധം കൊണ്ട് ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ വെച്ച് അതേ ആയുധം കൊണ്ടവനെ ശിക്ഷിക്കും എന്ന് നബി(സ) അരുളി. ജുന്‍ദൂബ്(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യന് ഒരു മുറിവുണ്ടായിരുന്നു. അയാള്‍ അതു കാരണം ആത്മഹത്യ ചെയ്തു. അപ്പോള്‍ അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ അവന്റെ ആത്മാവിനെ പിടിക്കുന്നതില്‍ എന്നെ കവച്ചുവെച്ച് തന്നിമിത്തം ഞാനവനു സ്വര്‍ഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി : 2-23-445)
ഇക്രിമ: പറയുന്നു: ഹജ്ജ് ചെയ്യുന്നതിന് മുമ്പ് ഉംറ: നിര്‍വ്വഹിക്കുന്നതിനെ സംബന്ധിച്ച് ഇബ്നു ഉമര്‍(റ) ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: കുഴപ്പമില്ല. നബി(സ) ഹജ്ജ് ചെയ്യുന്നതിനുമുമ്പ് ഉംറ: നിര്‍വ്വഹിക്കുകയുണ്ടായി. (ബുഖാരി : 3-27-2)
ബറാഅ്(റ) പറയുന്നു: നബി(സ) ഹജ്ജ് ചെയ്യുന്നതിനു മുമ്പ് ദുല്‍-ഖഅദ് മാസത്തില്‍ രണ്ടു പ്രാവശ്യം ഉംറ ചെയ്തു. (ബുഖാരി : 3-27-9)
അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) അരുള്‍ ചെയ്തു. മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്നു കാര്യങ്ങളല്ലാത്ത അവന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അറ്റു പോകും. 1) ജാരിയായ സദഖ (വഖഫ്, വസിയ്യത്ത് മുതലായ തുടര്‍ന്ന് പ്രതിഫലം കിട്ടിക്കൊണ്ടിരിക്കുന്ന സദഖ) 2) ഫലപ്രദമായ ഇല്‍മ് 3) തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനം. (മുസ്ലിം)
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളിയായി ഞാന്‍ കേട്ടു. ഒരു മുസ്ളിമിന്ന് മറ്റൊരു മുസ്ളിമിനോടുള്ള അവകാശം അഞ്ചാണ്. സലാം മടക്കല്‍, രോഗിയെ സന്ദര്‍ശിക്കല്‍, മയ്യിത്തിനെ പിന്‍തുടരല്‍, ക്ഷണിച്ചവന് മറുപടി നല്‍കല്‍, തുമ്മിയവന് വേണ്ടി പ്രാര്‍ത്ഥിക്കല്‍. (ബുഖാരി : 2-23-332)
അബൂസഈദ്(റ) നിവേദനം: നബി(സ) മണിയറയില്‍ ഇരിക്കുന്ന കന്യകയേക്കാള്‍ ലജ്ജാശീലമുള്ളവനായിരുന്നു. (ബുഖാരി : 8-73-140)
ഇംറാന്‍(റ) നിവേദനം: നബി(സ) അരുളി: ലജ്ജാശീലം നന്മയല്ലാതെ കൊണ്ടുവരികയില്ല. ബഷീര്‍ പറയുന്നു: ലിഖിതമായ തത്വമാണ്. തീര്‍ച്ചയായും ലജ്ജയില്‍പ്പെട്ടതാണ് ഗാംഭീര്യം. ലജ്ജയില്‍ പെട്ടതാണ് ശാന്തത. ഇംറാന്‍ പറഞ്ഞു: ഞാന്‍ നബി(സ)യില്‍ നിന്ന് ഉദ്ധരിക്കുമ്പോള്‍ നീ നിന്റെ ഏടില്‍ നിന്ന് ഉദ്ധരിക്കുകയോ? (ബുഖാരി. 8. 73. 138)
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: സത്യവിശ്വാസത്തിന് അറുപതില്‍പ്പരം ശാഖകളുണ്ട്. ലജ്ജ സത്യവിശ്വാസത്തിന്റെ ഒരു ശാഖയാണ്. (ബുഖാരി : 1-2-8)
ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അന്‍സാരികളില്‍ പെട്ട ഒരാളുടെ അരികിലൂടെ നടന്നുപോയി. അദ്ദേഹം തന്റെ സഹോദരന്റെ ലജ്ജയെക്കുറിച്ച് ഗുണദോഷിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി(സ) അരുളി: അവനെ വിട്ടേക്കുക. ലജ്ജ സത്യവിശ്വാസത്തിന്റെ ഒരു ശാഖയാണ്. (ബുഖാരി : 1-2-23)
അബുവാഖിദ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ പള്ളിയില്‍ ഇരിക്കുകയായിരുന്നു. അനുചരന്മാര്‍ അദ്ദേഹത്തിന്റെ കൂടെയുണ്ട്. അപ്പോള്‍ മൂന്നുപേര്‍ അവിടെ വന്നു. രണ്ടു പേര്‍ നബി(സ)യുടെ അടുക്കലേക്ക് വരികയും ഒരാള്‍ തിരിഞ്ഞുപോവുകയും ചെയ്തു. നിവേദകന്‍ പറയുന്നു. അതായത് രണ്ടാളുകള്‍ നബി(സ)യുടെ അടുക്കല്‍ വന്നു. ഒരാള്‍ സദസ്സില്‍ ഒരു ഒഴിവ് കണ്ട് അവിടെയിരുന്നു. മറ്റെയാള്‍ എല്ലാവരുടെയും പിന്നില്‍ ഇരുന്നു. മൂന്നാമത്തെയാള്‍ പിന്‍തിരിഞ്ഞുപോയി. നബി(സ) സംസാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ഇപ്രകാരം അരുളി: മൂന്ന് ആളുകളെ സംബന്ധിച്ച് ഞാന്‍ പറയാം. ഒരാള്‍ അല്ലാഹുവിലേക്ക് അഭയം തേടി. അപ്പോള്‍ അല്ലാഹു അയാള്‍ക്ക് അഭയം നല്കി. മറ്റൊരാള്‍ ലജ്ജിച്ചു. അപ്പോള്‍ അല്ലാഹു അയാളോടും ലജ്ജ കാണിച്ചു. മൂന്നാമത്തെയാളാകട്ടെ പിന്തിരിഞ്ഞു. അതിനാല്‍ അവനില്‍ നിന്ന് അല്ലാഹുവും പിന്തിരിഞ്ഞു കളഞ്ഞു. (ബുഖാരി. 1. 3. 66)
അത്വിയ്യത്തി(റ)ല് നിന്ന് നിവേദനം: റസൂല്(സ) അരുളി: ദോഷമുള്ള കാര്യങ്ങള്‍ സൂക്ഷിക്കാന്‍വേണ്ടി (അതിലേക്ക് ചേര്‍ക്കാന്‍ സാദ്ധ്യതയുള്ള) തെറ്റില്ലാത്ത കാര്യം പോലും ഉപേക്ഷിക്കാതെ ആര്‍ക്കും ഭക്തന്മാരില്‍ ഉള്‍പ്പെടുവാന്‍ സാദ്ധ്യമല്ല. (തിര്മിദി)
This post was written by: ~~~ISLAHI BLOGGERS~~~
ബ്ലോഗ് ലോകത്തുള്ള ഇസ്ലാഹി ആദര്ശം പുലര്ത്തുന്ന വ്യക്തികളുടെ ഒരു കൂട്ടായ്മ്മ ആണ് . ഇതിലെ ഉള്ളടക്കം അതാത് ലേഖകരുടെതാണ് .. ഏതെന്കിലും സംഘടനയുടെ ഉത്തരവാദിത്വത്തില് അല്ല ഈ കൂട്ടായ്മ്മ പ്രവര്ത്തിക്കുന്നതും ...Follow US on FACEBOOK
Follow Us On TWITTER
Join Wth Our FACEBOOK FAN PAGE
Get Updates Via Email
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 Responses to “മലയാളം ഹദീസ് പഠനം 11”
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :