ശനിയാഴ്‌ച, ജനുവരി 26

ഇസ്‌ലാഹി ഐക്യം അസാധ്യമോ?

ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌
ഒരു വിഭാഗത്തില്‍ പെട്ടവര്‍ക്കോ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കോ അവരെ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും ഒരേ അഭിപ്രായം ഉണ്ടായെന്ന്‌ വരില്ല. കാരണം, അവരുടെ ശാരീരികവും മാനസികവുമായ ഘടന വ്യത്യസ്‌തമാണ്‌. സ്ഥലകാല- സാഹചര്യങ്ങളും അനുഭവങ്ങളും അവരില്‍ ചെലുത്തുന്ന സ്വാധീനവും പല തരത്തിലായിരിക്കും. അതിനാല്‍ അവരെ ആശയതലത്തില്‍ പൂര്‍ണമായി ഏകോപിപ്പിക്കുക മിക്കവാറും അസാധ്യമായിരിക്കും.
മുഹമ്മദ്‌ നബി(സ)യുടെ ഉത്തമ ശിഷ്യന്മാര്‍ക്കിടയിലും ഗുരുതരമായ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്‌. നബി(സ) പല വിഷയങ്ങളിലും ശിഷ്യന്മാരുമായി കൂടിയാലോചിക്കാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ചിരുന്നത്‌ വ്യത്യസ്‌ത അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമായിരുന്നു.

സ്വഹാബികളില്‍ പ്രമുഖരായ അബൂബക്കര്‍ സിദ്ദീഖും(റ) ഉമറുബ്‌നുല്‍ ഖത്ത്വാബും(റ) പ്രകടിപ്പിച്ചിരുന്നത്‌ വ്യത്യസ്‌ത അഭിപ്രായങ്ങളായിരുന്നു. അതിന്റെ പേരില്‍ നബി(സ) അവരെയൊന്നും ആക്ഷേപിച്ചിട്ടില്ല. നബി(സ)യുടെ കാലശേഷം സ്വഹാബികള്‍ക്കിടയില്‍ പലവിധ കാരണങ്ങളാല്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. പ്രവാചകപത്‌നി ആഇശ(റ)യും നബി(സ)യുടെ മകള്‍ ഫാത്വിമ(റ)യുടെ ഭര്‍ത്താവും നാലാം ഖലീഫയുമായ അലി(റ)യും എതിര്‍ചേരികളിലായിക്കൊണ്ട്‌ യുദ്ധവുമുണ്ടായി. യുദ്ധത്തില്‍ അനേകം സ്വഹാബികള്‍ കൊല്ലപ്പെട്ടു. എന്നാല്‍ എക്കാലത്തും ശീഅകള്‍ ഒഴികെയുള്ള മുസ്‌ലിംകളെല്ലാം സ്വഹാബികളെ മൊത്തമായി സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്‌. സത്യവിശ്വാസികള്‍ക്കിടയില്‍ സംഭവിക്കാവുന്ന അഭിപ്രായ വ്യത്യാസത്തോടുള്ള പോസിറ്റീവായ സമീപനമാണിത്‌.
ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള സലഫികളും പണ്ഡിതന്മാര്‍ക്കിടയിലുള്ള വീക്ഷണ വ്യത്യാസങ്ങളോട്‌ പോസിറ്റീവായ സമീപനം തന്നെയാണ്‌ സ്വീകരിച്ചുവരുന്നത്‌. സുഊദി അറേബ്യയിലും ഗള്‍ഫ്‌ നാടുകളിലുമുള്ള സലഫികളെല്ലാം എല്ലാ വിഷയങ്ങളിലും ഒരേ അഭിപ്രായക്കാരല്ല. `തൗഹീദുല്‍ ഹാകിമിയ്യഃ' സംബന്ധിച്ച്‌ ഇഖ്‌വാനീ വീക്ഷണം പുലര്‍ത്തുന്ന ചിലര്‍ അവര്‍ക്കിടയിലുണ്ട്‌. നിലവിലുള്ള മുസ്‌ലിം ഭരണാധികാരിയെ പുറത്താക്കാന്‍ വേണ്ടി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പാടുണ്ടോ എന്ന കാര്യത്തിലും അവര്‍ ഏകാഭിപ്രായക്കാരല്ല. സ്‌ത്രീകള്‍ മുഖം മറയ്‌ക്കല്‍ നിര്‍ബന്ധമാണോ എന്ന വിഷയവും ഇതുപോലെ തന്നെ. ഇതിന്റെയൊക്കെ പേരില്‍ അവര്‍ വെവ്വേറെ പള്ളികളും മദ്‌റസകളും സ്ഥാപിക്കുകയോ കവലകളില്‍ ഖണ്ഡന പ്രസംഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യാറില്ലെന്നാണ്‌ ഈ ലേഖകന്‌ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്‌.
ചില ഇഖ്‌വാനീ -സുറൂറി പ്രവണതകള്‍ കേരളത്തിലെ ഏതാനും മുജാഹിദുകളെ സ്വാധീനിച്ചിട്ടുണ്ട്‌ എന്ന പ്രചാരണമാണ്‌ ഒരു ദശാബ്‌ദം മുമ്പ്‌ കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം രണ്ടായി പിളരാന്‍ കാരണം. കേരളത്തില്‍ ഇഖ്‌വാന്‍കാരുടെ സഹയാത്രികര്‍ ജമാഅത്തുകാരാണ്‌. അതുകൊണ്ടാണല്ലോ അവര്‍ അറബ്‌ വസന്തം ആഘോഷിക്കുന്നത്‌. എന്നാല്‍ ജമാഅത്തുകാരുടെ ഇബാദത്ത്‌ വ്യാഖ്യാനങ്ങളോടോ രാഷ്‌ട്രീയ വീക്ഷണത്തോടോ കേരളത്തിലെ മുജാഹിദുകളാരും മുമ്പെന്ന പോലെ ഇപ്പോഴും യോജിക്കുന്നില്ല. പിന്നെയുണ്ടായിരുന്നത്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മതപ്രബോധനത്തിന്‌ ഉപാധിയാക്കാന്‍ പാടുണ്ടോ എന്ന തര്‍ക്കമാണ്‌. ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ ഈ വിഷയകമായി ഖണ്ഡിതമായ വിധിയൊന്നും വന്നിട്ടില്ലാത്തതിനാല്‍ `ഉപാധി' എന്ന തര്‍ക്കവിഷയം മാറ്റിവെക്കുകയും, മുമ്പേ ചെയ്‌തുവന്നിരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്‌താല്‍ മതിയായിരുന്നു.
പിന്നെ ഉയര്‍ത്തിക്കാണിക്കപ്പെട്ട ഒരു വിഷയം ജനസമ്പര്‍ക്കത്തിന്‌ പൊതുതാല്‌പര്യ മേഖല കണ്ടെത്തുന്നതിനെക്കുറിച്ച്‌ `ശബാബി'ല്‍ ഈ ലേഖകന്‍ എഴുതിയ ഒന്നോ രണ്ടോ വാചകമായിരുന്നു. കേരളത്തിലെ പണ്ഡിതന്മാരോ ചിന്തകന്മാരോ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലല്ല ഈ ലേഖകന്‍ അത്‌ എഴുതിയത്‌. ജിദ്ദയിലെയും കുവൈത്തിലെയും (അവിഭക്ത) ഇസ്വ്‌ലാഹീ സെന്ററുകള്‍ ഷെയര്‍ ബിസിനസ്‌ സംബന്ധിച്ച ഗൈഡന്‍സും, സ്‌പോര്‍ട്‌സ്‌ മത്സരങ്ങളും ജനസമ്പര്‍ക്കത്തിന്‌ ഉപാധിയാക്കിയതിനെക്കുറിച്ച്‌ അറിയാന്‍ കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്‌ അതെഴുതിയത്‌. അതില്‍ വല്ല തെറ്റുമുണ്ടെങ്കില്‍ ഞാന്‍ മാത്രമാണ്‌ അതിന്‌ ഉത്തരവാദിയെന്നും മറ്റാര്‍ക്കും അതില്‍ പങ്കില്ലെന്നും ജംഇയ്യത്തുല്‍ ഉലമാ യോഗത്തില്‍ ഈ ലേഖകന്‍ വ്യക്തമാക്കിയിരുന്നു. പിളര്‍പ്പിന്‌ മറ്റൊരു കാരണം മരംനടല്‍ കാമ്പയിനാണ്‌. മരങ്ങള്‍ സലഫീ ആശയത്തെ കളങ്കപ്പെടുത്താന്‍ യാതൊരു സാധ്യതയും ഇല്ലാത്ത സ്ഥിതിക്ക്‌ അവയെ വെറുതെ വിടാമായിരുന്നു. ഇസ്വ്‌ലാഹീ ഐക്യത്തിന്‌, നട്ട മരങ്ങള്‍ പിഴുതെടുക്കല്‍ അനിവാര്യമാണെങ്കില്‍ നിഷ്‌പക്ഷരായ വല്ല സാധുക്കളെയും ആ പണി ഏല്‌പിച്ചാല്‍ മതിയായിരുന്നു.
കേരളത്തിലെ മുജാഹിദുകള്‍ക്കിടയിലെ ഇപ്പോഴത്തെ ഗുരുതരമായ ഭിന്നിപ്പ്‌ ജിന്നിന്റെയും മലക്കിന്റെയും പേരിലാണ്‌. പതിനാലു നൂറ്റാണ്ട്‌ കാലത്തിനിടയില്‍ മുസ്‌ലിം സമൂഹത്തില്‍ ഇത്തരത്തില്‍ ഒരു ഭിന്നത ഉടലെടുത്തതായി ചരിത്രഗ്രന്ഥങ്ങളിലൊന്നും കണ്ടിട്ടില്ല. ജിന്ന്‌ പിളര്‍പ്പിലേക്കും ഈ ലേഖകന്റെ ഒരു വാചകം വലിച്ചിഴയ്‌ക്കപ്പെടുന്നുണ്ട്‌. ഈ ലേഖകനാണ്‌ കേരളത്തിലേക്ക്‌ ഈ ഫിത്‌ന ആദ്യമായി കൊണ്ടുവന്നതെന്ന്‌ ഒരു വാഗ്‌മി സകല സ്റ്റേജുകളിലും പ്രസംഗിച്ചുവരുന്നുണ്ട്‌. പതിനഞ്ച്‌ വര്‍ഷത്തിലധികം മുമ്പ്‌ ഒരു മുസ്‌ലിയാര്‍ മരിച്ചവരോട്‌ പ്രാര്‍ഥിക്കാന്‍ `യാ ഇബാദല്ലാഹ്‌...' തെളിവാക്കിയതിനെ ഖണ്ഡിച്ചുകൊണ്ട്‌ ഈ ലേഖകന്‍ എഴുതിയതിന്റെ ആരംഭത്തിലും അവസാനത്തിലുമായി, ജിന്നിനോടും മലക്കിനോടും പ്രാര്‍ഥിക്കുന്നതിനോ സഹായം ആവശ്യപ്പെടുന്നതിനോ ഇസ്‌ലാമിക ദൃഷ്‌ട്യാ യാതൊരു ന്യായവുമില്ലെന്ന്‌ വ്യക്തമാക്കിയിരുന്നു. അതിനിടയിലെ ഒരു വാചകമാണ്‌ വിവാദമാക്കപ്പെട്ടത്‌. ഏതാനും ലക്കങ്ങള്‍ക്ക്‌ മുമ്പ്‌ `ശബാബില്‍' ഈ വിഷയം കൂടുതല്‍ വിശദീകരിച്ചിട്ടുണ്ട്‌. അതിന്നെതിരില്‍ ജിന്നു വിഭാഗക്കാര്‍ പ്രചാരണം നടത്തുന്നുണ്ട്‌.
ജിന്ന്‌ വിഭാഗത്തിന്റെ ചില വക്താക്കളോ അനുഭാവികളോ ഈ ലേഖകന്റെ അടുത്ത്‌ വന്നിരുന്നു. ജിന്നുകളോട്‌ സഹായം തേടുന്നത്‌ ഹലാലാണെന്നോ പുണ്യകരമാണെന്നോ ഹറാമാണെന്നോ എന്താണ്‌ നിങ്ങളുടെ അഭിപ്രായമെന്ന്‌ ചോദിച്ചപ്പോള്‍ ഹറാം തന്നെയാണെന്ന്‌ അവര്‍ ഉറപ്പിച്ചുപറഞ്ഞു. ശിര്‍ക്കാണെങ്കിലും ഹറാമാണെങ്കിലും വര്‍ജിക്കേണ്ടത്‌ തന്നെയല്ലേ; പിന്നെയെന്തിനാണ്‌ ഹറാമിനുവേണ്ടി ഒരു ഗ്രൂപ്പുണ്ടാക്കുന്നതെന്ന്‌ ഈ ലേഖകന്‍ ചോദിച്ചു. ഗ്രൂപ്പുണ്ടാക്കുന്നത്‌ ഹറാമിനുവേണ്ടിയല്ല; സംഘടനയില്‍നിന്ന്‌ ചിലരെ അന്യായമായി പുറത്താക്കിയതാണ്‌ ഗ്രൂപ്പ്‌ തിരിയാന്‍ കാരണം എന്നായിരുന്നു അവരില്‍ ഒരാളുടെ മറുപടി. സംഘടനയുടെ തീരുമാനത്തെക്കുറിച്ച്‌ അഭിപ്രായം പറയാന്‍ ഈ ലേഖകന്‌ അവകാശമില്ലാത്തതിനാല്‍ ആ വിഷയം വിട്ടു.
മരത്തിന്റെ പേരിലായാലും ജിന്നിന്റെ പേരിലായാലും മുജാഹിദുകള്‍ ഭിന്നിക്കുന്നത്‌ ഖബ്‌റാരാധനയുടെ വക്താക്കള്‍ ആഘോഷമാക്കുകയാണ്‌. അത്‌ ഇസ്‌ലാമിനും മുസ്‌ലിംസമൂഹത്തിനും അപരിഹാര്യമായ നഷ്‌ടമാണ്‌. ഒരു കാലത്ത്‌ ചിന്താശീലമുള്ള മുസ്‌ലിംകളെല്ലാം താല്‍പര്യപൂര്‍വം ഉറ്റുനോക്കിയിരുന്ന ഇസ്‌ലാഹീ പ്രസ്ഥാനം ഇന്ന്‌ ജാഹിലിയ്യത്തിന്റെ വക്താക്കളാല്‍ ഇകഴ്‌ത്തപ്പെടുക മാത്രമല്ല ആഭ്യന്തര ശൈഥില്യത്താല്‍ അതിന്റെ പ്രതിച്ഛായ ഏറെ കളങ്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്‌. ഓരോ ഗ്രൂപ്പും എതിര്‍ഗ്രൂപ്പിനെ പരസ്യമായി തേജോവധം ചെയ്യുന്നത്‌ തുടര്‍ന്നാല്‍ ഇരുവിഭാഗത്തിന്റെയും വിശ്വാസ്യത തകര്‍ന്നടിയുകയും ചെയ്യും.
ഇസ്വ്‌ലാഹീ പ്രസ്ഥാനം ഒരിക്കല്‍ പിളര്‍ന്നതിന്റെ ഫലം കണ്ണുള്ളവരെല്ലാം കണ്ടതാണ്‌. പല മഹല്ലുകളിലും രണ്ടുവീതം പള്ളികളും മദ്‌റസകളും ഉണ്ടായി. ഇനി ജിന്നിന്റെ പേരില്‍ ഒരു പിളര്‍പ്പ്‌ കൂടിയായാല്‍ പള്ളിയും മദ്‌റസയും മറ്റും മൂന്നുവീതമാകും. മുജാഹിദ്‌ കുടുംബങ്ങള്‍ മൂന്നായി വിഭജിക്കപ്പെടും. ഇതൊക്കെ അഭിമാനകരമായി കരുതുന്ന ചില മൗലവിമാരുണ്ടാകും. പക്ഷേ, വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്നവരെ മുസ്‌ലിം ജനസാമാന്യം എങ്ങനെ വിലയിരുത്തുമെന്ന്‌ വിവേകമുള്ളവര്‍ക്കെല്ലാം ഊഹിക്കാവുന്നതാണ്‌.
ഇതൊക്കെ പരിഹരിച്ച്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെ പൂര്‍വസ്ഥിതിയിലേക്ക്‌ തിരിച്ചുകൊണ്ടുവരിക അസാധ്യമാണോ? അല്ല, മുവഹ്‌ഹിദുകള്‍ക്ക്‌ ഭൂഷണമല്ലാത്ത ഞാനെന്ന ഭാവവും, പരസ്‌പര വൈരാഗ്യവും മാറ്റിവെച്ചാല്‍ അത്‌ സാധ്യമാകുമെന്ന്‌ തന്നെ പ്രതീക്ഷിക്കാം. അല്ലാഹു പഠിപ്പിച്ച ഈ പ്രാര്‍ഥന മനസ്സറിഞ്ഞു പ്രാര്‍ഥിച്ചാല്‍ ഇസ്വ്‌ലാഹീ ഐക്യത്തിന്‌ വഴിതെളിയും:
``ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ. സത്യവിശ്വാസികളോട്‌ ഞങ്ങളുടെ മനസ്സുകളില്‍ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.'' (വി.ഖു 59:10) 

കടപ്പാട്.  ശബാബ് വാരിക

ശനിയാഴ്‌ച, ജനുവരി 26 by Prinsad · 2അഭിപ്രായങ്ങള്‍

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP