വെള്ളിയാഴ്‌ച, ഡിസംബർ 3

മതകേന്ദ്രങ്ങള്‍ അത്താണിയാവണം

അബൂഹുറയ്‌റ(റ) പറയുന്നു: ``നബി(സ)യുടെ അടുത്തേക്ക്‌ ഒരാള്‍ വന്ന്‌ പറഞ്ഞു: ഞാന്‍ വളരെ അവശനാണ്‌. അപ്പോള്‍ നബി(സ) ഒരാളെ തന്റെ ഒരു ഭാര്യയുടെ അടുത്തേക്ക്‌ അയച്ചു. എന്നാല്‍ ഭാര്യയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: താങ്കളെ സത്യസന്ദേശവുമായി നിയോഗിച്ച അല്ലാഹു തന്നെയാണ്‌ സത്യം, കുറച്ച്‌ വെള്ളമല്ലാതെ മറ്റൊന്നും ഇവിടെയില്ല. തുടര്‍ന്ന്‌ മറ്റു ഭാര്യമാരുടെ അടുത്തേക്കും നബി(സ) ആളെ അയച്ച്‌ അന്വേഷിച്ചുവെങ്കിലും എല്ലാവരും സമാനമായ മറുപടിയാണ്‌ പറഞ്ഞത്‌. ശേഷം നബി(സ) സ്വഹാബികളോട്‌ ചോദിച്ചു: ഇന്ന്‌ രാത്രി ഇയാളെ അതിഥിയായി സ്വീകരിക്കാന്‍ ആരെങ്കിലും തയ്യാറുണ്ടോ? അപ്പോള്‍ അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ തയ്യാറാണെന്ന്‌ പ്രവാചകനെ അറിയിച്ചു.


ആ സ്വഹാബി അയാളെയും കൂട്ടി വീട്ടിലേക്ക്‌ പോവുകയും പ്രവാചകന്റെ ഈ അതിഥിയെ ആദരിക്കുക എന്ന്‌ ഭാര്യയോട്‌ പറയുകയും ചെയ്‌തു. മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്‌ ഇപ്രകാരമാണ്‌: അദ്ദേഹം ഭാര്യയോട്‌ ചോദിച്ചു: നിന്റെയടുക്കല്‍ വല്ലതുമുണ്ടോ? അവള്‍ പറഞ്ഞു: കുട്ടികള്‍ക്ക്‌ കരുതിവെച്ച അല്‌പം ഭക്ഷണമല്ലാതെ മറ്റൊന്നുമില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: നീ എന്തെങ്കിലും പറഞ്ഞ്‌ കുട്ടികളെ ആശ്വസിപ്പിക്കുക. ഇനി അവര്‍ രാത്രിഭക്ഷണം ആവശ്യപ്പെട്ടാല്‍ അവരെ നീ ഉറക്കാന്‍ ശ്രമിക്കുക. അങ്ങനെ അതിഥി കടന്നുവന്നാല്‍ നീ വിളക്കണയ്‌ക്കണം. അദ്ദേഹത്തിന്റെ കൂടെ നാം ഭക്ഷണം കഴിക്കുന്നതായി തോന്നിപ്പിക്കണം. അങ്ങനെ അതിഥി ഭക്ഷണം കഴിക്കാന്‍ വന്നിരുന്നു. അദ്ദേഹം ഭക്ഷണം കഴിച്ചു. അവര്‍ രണ്ടു പേരും -കുടുംബനാഥനും കുടുംബിനിയും- വിശന്ന നിലയില്‍ ആ രാത്രി കഴിച്ചുകൂട്ടി. പിറ്റേന്ന്‌ പ്രഭാതമായപ്പോള്‍ അദ്ദേഹം കുടുംബനാഥനായ സ്വഹാബി -പ്രവാചക സവിധത്തിലെത്തി. അപ്പോള്‍ പ്രവാചകന്‍ ഇപ്രകാരം അറിയിച്ചു. ഇന്നലെ രാത്രി നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ അതിഥിയോടു ചെയ്‌ത കാര്യങ്ങള്‍ അല്ലാഹുവിന്‌ വളരെ ഇഷ്‌ടപ്പെട്ടിരിക്കുന്നു.'' (ബുഖാരി, മുസ്‌ലിം)


വിശ്വാസികളുടെ സമൂഹം ഒറ്റ സമൂഹമാണെന്നും അവര്‍ മാനവിക മൂല്യങ്ങള്‍ മറ്റാരെക്കാളുമധികം ഉയര്‍ത്തിപ്പിടിക്കുന്നവരാണെന്നും തന്നെക്കാള്‍ തന്റെ സഹോദരന്‌ മുന്‍ഗണന നല്‌കുന്നവരാണെന്നും വ്യക്തമാക്കുന്ന ധാരാളം ആദര്‍ശതലങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒരു ഹദീസാണിത്‌. ഈ ഹദീസില്‍ നിന്ന്‌ സ്വാംശീകരിച്ചെടുക്കാവുന്ന ആദര്‍ശതത്വങ്ങളും ഗുണപാഠങ്ങളും ഇവയാണ്‌:


പാവങ്ങള്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും ആശ്രയവും അത്താണിയുമാകണം മതകേന്ദ്രവും മതനേതാക്കളും എന്നതാണ്‌ ഈ ഹദീസ്‌ ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും പ്രധാന സന്ദേശം. `പള്ളിയില്‍ പോയി പറ!' എന്ന ഒരു ശൈലി തന്നെ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ടല്ലോ. തീരെ പരിഗണിക്കപ്പെടാത്തതും പരിഹരിക്കപ്പെടാത്തതുമായ കാര്യത്തെ സൂചിപ്പിച്ചുകൊണ്ട്‌ പറയപ്പെടുന്ന ഒരു പരിഹാസ വാക്കായിട്ടാണ്‌ ഈ `ചൊല്ല്‌' വ്യവഹരിക്കപ്പെടുന്നത്‌. പള്ളിയില്‍ പോയി പറഞ്ഞാല്‍ മനുഷ്യന്റെ ഭൗതിക പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരമുണ്ടാവുകയില്ല എന്ന നിഷേധാര്‍ഥവും ഇത്‌ പറയുന്നവരില്‍ പലരും വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു! എന്നാല്‍ പള്ളിയില്‍ പോയി പറഞ്ഞാല്‍ വിശക്കുന്നവന്റെ വിശപ്പിനും അവശതയനുഭവിക്കുന്നവന്റെ അവശതയ്‌ക്കും പരിഹാരമുണ്ടാകുമെന്നാണ്‌ ഈ ഹദീസില്‍ വിശകലനം ചെയ്യപ്പെട്ട സംഭവം സാക്ഷീകരിക്കുന്നത്‌.


മതനേതൃത്വവും മതകേന്ദ്രങ്ങളും മതസംഘടനകളും മതപരമായ ആചാരാനുഷ്‌ഠാനങ്ങളെപ്പറ്റി മാത്രം പറയുകയും അതിന്‌ മാത്രം നേതൃത്വം കൊടുക്കുകയും ചെയ്‌താല്‍ പോര എന്നാണ്‌ പ്രവാചക ജീവിതം നല്‌കുന്ന സന്ദേശം. ഇസ്‌ലാമിക പ്രബോധനത്തിന്‌ മുമ്പും ശേഷവും സഹജീവികളെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുക എന്ന മാനുഷിക മുഖം പ്രവാചകന്‍(സ) കാത്തുസൂക്ഷിച്ചിരുന്നു. ദിവ്യബോധനത്തിന്റെ പ്രഥമ സന്ദര്‍ഭത്തില്‍ കാര്യത്തിന്റെ നിജസ്ഥിതിയറിയാതെ ഭയചകിതനായി വീട്ടിലെത്തിയ പ്രവാചകനെ പ്രിയതമ ഖദീജ ആശ്വസിപ്പിച്ചുകൊണ്ട്‌ പറഞ്ഞ വാക്കുകളില്‍ ഇങ്ങനെയൊരു വാക്കുണ്ട്‌: ``അല്ലാഹു താങ്കളെ അപമാനിക്കുകയില്ല; കാരണം താങ്കള്‍ വിഷമിക്കുന്നവരുടെ വിഷമമകറ്റുന്നവനാണ്‌.''


പരോപകാര ബോധത്തോടെയും പരക്ഷേമ തല്‌പരതയോടെയും സഹായമനസ്ഥിതിയോടെയും ജീവിക്കുന്നവര്‍ക്ക്‌ അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹവും കാരുണ്യവുമുണ്ടാകുമെന്ന്‌ ഉപരിസൂചിത സംഭവങ്ങളില്‍ നിന്നും മറ്റനേകം പ്രമാണ വാക്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുമുണ്ട്‌.


ഉള്ളത്‌ പങ്കുവെക്കുക, ഇല്ലാത്തവനെ ഉള്ളവന്‍ സഹായിക്കുക, ആ സഹായത്തില്‍ പൂര്‍ണമായും ആനന്ദവും സംതൃപ്‌തിയുമടയുക, കഷ്‌ടപ്പെടുന്നവരെ സഹായിക്കുന്നതില്‍ അല്ലാഹുവിന്റെ തൃപ്‌തി മാത്രം കാംക്ഷിക്കുക എന്ന ഉദാത്തമായ സംസ്‌കാരവും ഒരു സത്യവിശ്വാസിയുടെ വ്യക്തിത്വത്തിന്റെ ഭാഗമാകണം എന്ന സന്ദേശവും ഈ ഹദീസിലുണ്ട്‌. ധാരാളമുള്ളവന്‍ അതില്‍ നിന്ന്‌ വല്ലതുമെടുത്ത്‌ എന്തെങ്കിലും പാവപ്പെട്ടവനെ സഹായിക്കുന്നതാണ്‌ സാധാരണ കണ്ടുവരാറുള്ളത്‌. ഇസ്‌ലാം കുറച്ചുകൂടി ആദര്‍ശാത്മകമായും വ്യാപക സ്വഭാവത്തോടെയുമാണ്‌ ഈ വിഷയത്തെ കാണുന്നത്‌. സാമ്പത്തികശേഷി കുറഞ്ഞവര്‍ തങ്ങളുടെ വിഷമങ്ങള്‍ പരിഗണിക്കാതെ തങ്ങളെക്കാള്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്ന മനസ്ഥിതിയാണ്‌ ഖുര്‍ആനിലും ഹദീസിലും പ്രശംസിക്കപ്പെട്ടത്‌.


നിരാലംബരായി മദീനയിലെത്തിയ മക്കയിലെ വിശ്വാസികളെ-മുഹാജിറുകളെ-മദീനയിലെ പാവങ്ങളായ വിശ്വാസികള്‍-അന്‍സ്വാറുകള്‍-രണ്ടു കയ്യും നീട്ടി സ്വീകരിച്ചതിനെയും നിറഞ്ഞ മനസ്സോടെ സഹായിക്കാന്‍ സന്നദ്ധരായതിനെയും ഖുര്‍ആന്‍ പ്രശംസിച്ചിട്ടുണ്ട്‌. ``അവര്‍ തങ്ങളുടെ സ്വന്തം ശരീരങ്ങളെക്കാള്‍ അവര്‍ക്ക്‌-മുഹാജിറുകള്‍ക്ക്‌-പരിഗണന കല്‌പിക്കുന്നു; അവര്‍ക്ക്‌ ദാരിദ്ര്യമുണ്ടായിരുന്നിട്ടും'' എന്നാണ്‌ ഖുര്‍ആന്‍ (59:9) അന്‍സാര്‍-മുഹാജിര്‍ ബന്ധത്തെ വിശേഷിപ്പിച്ചതും പ്രശംസിച്ചതും. ഉദ്ധൃത ഹദീസിലും കഷ്‌ടപ്പെടുന്ന കുടുംബനാഥന്‍ തന്നെക്കാള്‍ കഷ്‌ടപ്പാടും വിശപ്പുമുള്ള തന്റെ സഹോദരനെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന ചിത്രമാണല്ലോ ഉള്ളത്‌. കുട്ടികള്‍ക്ക്‌ മാത്രം കഴിക്കാനുള്ള പരിമിതമായ ഭക്ഷണം മാത്രമേ വീട്ടിലുള്ളൂ എന്നറിഞ്ഞിട്ടും പ്രവാചകപാഠശാലയില്‍ വളര്‍ന്നുവന്ന സ്വഹാബി വിശക്കുന്നവന്റെ വിശപ്പ്‌ മാറ്റാന്‍ കുട്ടികളെ ഉറക്കിക്കിടത്തി, ആ ഭക്ഷണമെടുത്ത്‌ തന്റെ അതിഥിക്ക്‌ നല്‌കുന്നു. ഈ പ്രവര്‍ത്തനം അല്ലാഹുവിന്‌ അങ്ങേയറ്റം ഇഷ്‌ടകരമായി എന്നും നബി(സ) അറിയിക്കുന്നു.


ഒരു വശത്ത്‌ ആഹാരത്തിന്‌ വകയില്ലാതെ കഷ്‌ടപ്പെടുന്ന ധാരാളം പേര്‍. മറുവശത്ത്‌ വീട്ടില്‍ ഭക്ഷണം സുഭിക്ഷമായി ഉണ്ടാക്കി മിച്ചം വരികയും അവ ചവറ്റുകൊട്ടയില്‍ തള്ളുകയും ചെയ്യുന്നവര്‍! ആദര്‍ശത്തിന്നും പരലോകത്തിനും പ്രാധാന്യം കല്‌പിക്കേണ്ട മുസ്‌ലിംകള്‍ മുകളില്‍ സൂചിപ്പിച്ച ഹദീസില്‍ നിന്നാണ്‌ മാതൃകയും പ്രചോദനവും ഉള്‍ക്കൊള്ളേണ്ടത്‌. ജാബിര്‍(റ) നിവേദനം ചെയ്‌ത്‌ മുസ്‌ലിം ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെയുണ്ട്‌: ``ഒരാള്‍ക്കുള്ള ഭക്ഷണം രണ്ടാള്‍ക്ക്‌ മതിയാകും. രണ്ടാള്‍ക്കുള്ളത്‌ നാലാള്‍ക്കും നാലാള്‍ക്കുള്ളത്‌ എട്ടാള്‍ക്കും മതിയാകും.''
കെ പി എസ്‌ ഫാറൂഖി,ശബാബ് വാരിക

വെള്ളിയാഴ്‌ച, ഡിസംബർ 3 by Noushad Vadakkel · 0അഭിപ്രായങ്ങള്‍

വ്യാഴാഴ്‌ച, ഡിസംബർ 2

ഐക്യത്തിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറക്കുക

പി മുഹമ്മദ്‌ കുട്ടശ്ശേരി മൌലവി
(ചന്ദ്രിക ദിനപത്രത്തിലെ പോസ്റ്റ്‌ ബോക്സില്‍ പ്രസിദ്ധീകരിച്ചത് .. 2.12.2010)

വ്യാഴാഴ്‌ച, ഡിസംബർ 2 by Noushad Vadakkel · 7അഭിപ്രായങ്ങള്‍

JOIN US IN FACEBOOKAll Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP