ചൊവ്വാഴ്ച, ഏപ്രിൽ 23
പാമ്പു കടിയേറ്റ് മരണപ്പെട്ടവനെ കൊണ്ടു പോകുമ്പോൾ ഞങ്ങളോട് കളിച്ചാൽ ഇങ്ങിനെയിരിക്കും എന്ന് ഞാഞ്ഞൂല് ഗീർവാണം മുഴക്കിയ ഒരു കഥയുണ്ട്. സൗദി അറേബ്യയിലെ വിവിധ പത്രങ്ങളിൽ കാന്തപുരത്തിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഗമണ്ടൻ വാർത്തകൾ കണ്ടപ്പോൾ ഈ കഥയാണ് ഓർമ്മ വന്നത്; പിന്നെ ഒരല്പം ചിരിയും! പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തു കാര്യം എന്ന് ചോദിച്ച പോലെയാണ് കാര്യങ്ങൾ. ഭരണാധികാരികളും നയതന്ത്ര പ്രതിനിധികളുമൊക്കെ ഇടപെടുന്ന വിഷയത്തിൽ മമ്മൂഞ്ഞികളെ കാണുമ്പോൾ എങ്ങിനെ ചിരിക്കാതിരിക്കും! മക്ക ഗവർണ്ണർ പ്രിൻസ് ഖാലിദ് അൽ ഫൈസലുമായി ഒരു മണിക്കൂർ നീണ്ടുനിന്ന അഭിമുഖത്തിൽ ഹുറൂബിലകപ്പെട്ടവരെ പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യമെങ്കില്‍ അവര്‍ക്ക് ജോലിക്കായി തിരികെ വരാനുള്ള അനുമതി നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു എന്നാണ് വാർത്തകൾ. നിതാഖാത് വിഷയത്തിൽ ഉസ്താദ് ഇടപെട്ടു തീർപ്പാക്കി എന്ന് കുഞ്ഞാടുകളുടെ പ്രചാരണവും . ഗവർണ്ണർക്ക് സമർപ്പിക്കപ്പെട്ടു എന്ന് പറയുന്ന നിവേദനം പത്രക്കുറിപ്പായോ ബുള്ളറ്റിനായോ അവരുടെ ഓഫീസിൽ നിന്ന് പ്രസിദ്ധീകരിച്ച് കണ്ടതുമില്ല. സാധാരണ അതൊക്കെയാണല്ലോ പതിവ്. ഇവിടെ നെല്ലു കുത്തിയതും പൊടിച്ചതും അപ്പം ചുട്ടതും എല്ലാം കോഴിയമ്മ തന്നെ. ഉസ്താദിന്റെ ചില പ്രൊമോട്ടർമാർ നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏഷ്യാനെറ്റ് ന്യൂസിൽ പോലും ഈ പറയപ്പെട്ട ഒരു മണിക്കൂർ ഇരുത്തത്തിന്റെ ഒരു ക്ലിപ്പ് പോലും കാണിച്ചു കണ്ടില്ല. ക്യാമറക്കു മുന്നിൽ വെച്ച് തന്ത്രത്തിൽ കൈ പിടിക്കുകയും അതു ഫോട്ടോയാക്കി വമ്പൻ സ്വീകരണം എന്നുള്ള പതിവ് ഗിമ്മിക് നടത്തുകയുമാണ് അനുയായികൾ ചെയ്തിട്ടുള്ളത്.
നിതാഖാത്ത് നിയമവുമായി ബന്ധപ്പെട്ട മുഴുവൻ ആശങ്കകളും ദൂരീകരിച്ച് സുരക്ഷിതരല്ലാത്ത തൊഴിലാളികള്ക്ക് ആവശ്യമായ കാര്യങ്ങൾ നീക്കുന്നതിന് സൗദി ഭരണകൂടം നേരത്തെ തന്നെ മൂന്നു മാസകാലത്തെ അവസരം പ്രഖ്യാപിച്ചിട്ടുണ്ട്. കളി കഴിഞ്ഞ കളത്തിൽ പോസ്റ്റിലേക്ക് ഗോളടിച്ചു കയറ്റി ഗോൾ എന്ന് വിളിച്ചു കൂവുന്ന അങ്ങാടി പയ്യന്മാരുടെ നിലവാരം മാത്രമുള്ള ഒരു വാർത്ത ഊതി വീർപ്പിച്ചു കൊടുത്ത മാധ്യമങ്ങളുടെ തൊലിക്കട്ടിയും സമ്മതിക്കണം. ഇനി തൊഴിൽ നിയമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കാന്തപുരം കാണേണ്ടിയിരുന്നത് തൊഴിൽ മന്ത്രിയെയോ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെയോ ആയിരുന്നില്ലേ എന്നൊന്നും ആരും ചോദിക്കരുത്!.
പറയപ്പെട്ട നിവേദനവും ചർച്ചയുമൊക്കെ ശരിയാണെന്നു തന്നെയിരിക്കട്ടെ. എങ്കിൽ പ്രവാസികൾക്ക് ഇത് ദോഷമേ വരുത്തി വെക്കൂ. കാരണം സൗദി ഭരണ കൂടത്തെയും അതിന്റെ രീതികളെയും അവിടുത്തെ ഇസ്‌ലാമിക നിയമങ്ങളെയും പരസ്യമായി എതിർക്കുകയും അത്തരത്തിൽ തന്റെ അനുയായികളെ വളർത്തിക്കൊണ്ടു വരികയും ചെയ്യുന്ന ആളാണ് ഉസ്താദ്. ഈ ഇരട്ട മുഖം അറിയുന്ന മാധ്യമങ്ങൾ തന്നെയാണ് രാജ്യ താല്പര്യത്തെ കൊഞ്ഞനം കുത്തുന്ന ഒരാളെ തോളിലേറ്റുന്നത് എന്നത് എത്ര കൌതുകകരമാണ്. ഗൾഫ് യുദ്ധ കാലത്ത് യമനും ഫലസ്തീനും സദ്ദാം അനുകൂല നിലപാടുകൾ സ്വീകരിക്കുകയും സൗദി നിലപാടിനെ പരസസ്യമായി അവമതിക്കുകയും ചെയ്തതിന്റെ ദുരന്തങ്ങൾ അന്നാട്ടുകാർ അനുഭവിച്ചതാണ്.., സൗദി നിയമങ്ങളുടെ ലംഘനം അവിടുത്തെ വിശ്വാസ കാര്യങ്ങൾക്കെതിരെയുള്ള പ്രചാരണം ധന സമാഹരണം എന്നിവയുടെ പേരിൽ മുൻപ് അഴികൾക്കുള്ളിൽ കുടുങ്ങിയ ട്രാക്ക് റിക്കോർഡും സൗദിയിൽ ബഹുമാനപ്പെട്ട ഉസ്താദിനുണ്ട് . യു എ ഇ യിലെയും ഇന്ത്യയിലെയും നേതാക്കൾ ഇടപെട്ടതു കൊണ്ടാണ് അന്ന് ആ ദേഹം പുറംലോകം കണ്ടത്. സൗദിയിലെ മുൻകാല പ്രവർത്തനങ്ങളും ആ രാജ്യത്തോടുള്ള സമകാല നിലപാടുകളും തീരെ സുഖകരമല്ലാത്ത ഒരാൾ ഇന്ത്യക്കാർക്കുവേണ്ടി സംസാരിക്കാതിരുന്നാൽ അത്രയും നന്ന് എന്നേ ഇപ്പോൾ പറയുന്നുള്ളൂ.
മരണപ്പെട്ട മഹത്തുക്കളോട് പ്രാർഥിക്കൽ, ഖബർ പൂജ, നബിദിനാഘോഷം, ഉറൂസുകൾ, കണ്ണൂക്ക് , ചാവടിയന്തിരം, വെട്ടും കുത്തും റാതീബ്, മുടിയും മണ്ണും കലക്കിയ വെള്ളം വിറ്റ് കാശുണ്ടാക്കൽ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ശിർക്കൻ വാദങ്ങളുടെയും അന്ധവിശ്വാസങ്ങളുടെ മൊത്ത വ്യാപാരിയായ ഉസ്താദ് സൗദിയിൽ വരുമ്പോൾ ശൈഖുമാരുടെ മുൻപിൽ കാണിക്കുന്ന ഇരട്ട മുഖം ആർക്കാണ് അറിയാത്തത്. താൻ നാട്ടിൽ നിന്ന് റിക്രൂട്ട് ചെയ്തയക്കുന്ന സഖാഫിമാർ തദ്ദേശീയർക്കിടയിൽ തന്റെ അവതാനങ്ങൾ വാഴ്ത്തിയും ആഴ്ചതോറും ഉംറ ട്രിപ്പുകൾ സംഘടിപ്പിച്ചും വീടുകൾ കേന്ദ്രീകരിച്ച് മദ്രസകൾ നടത്തിയും പാകപ്പെടുത്തുന്ന മണ്ണ് അദ്ദേഹത്തെ അമിതാവേശം കൊള്ളിക്കുന്നുണ്ടാകാം. പക്ഷെ എല്ലാവരെയും എന്നും പറ്റിക്കാമെന്ന് ആരും ധരിക്കേണ്ടതില്ല. നാട്ടിൽ താൻ തൊണ്ട കീറി പറയുന്ന 'ആദർശ'ത്തെ കുറിച്ച് സൗദിയിൽ ക -മ മിണ്ടാൻ ഇന്ന് വരെ ഈ ഉസ്താദ് തയ്യാറായിട്ടുമില്ല. കഴിഞ്ഞ വർഷം സൌദിയിൽ നിന്ന് പുറത്തിറങ്ങിയ മജല്ലതുൽ ഹജ്ജിൽ കാന്തപുരത്തിന്റെ 40 കോടിയുടെ മുടിപ്പള്ളിയെ കുറിച്ച് എഴുതിയിരുന്നു. എന്നാൽ 'വിശുദ്ധ കേശം' സൂക്ഷിക്കാനാണ് ഈ പള്ളി ഒരുക്കുന്നത് എന്ന പരോക്ഷമായ ഒരു പരാമർശം പോലും അതിൽ ഉണ്ടായിരുന്നില്ല. താൻ എന്തു പറഞ്ഞാലും ആലോചിക്കാതെ ജയ് വിളിക്കുകയും ഏതു പാഷാണം കലക്കികൊടുത്താലും അത് കുടിച്ച് നിർവൃതി അടയുകയും ചെയ്യുന്ന ഒരു അനുയായി വൃന്തം ഉസ്താദിന്റെ അമൂല്യ സമ്പാദ്യമായി അംഗീകരിച്ചേ മതിയാവൂ. പ്രവാചകന്റെ ഖബറിനും അവിടുത്തെ മണ്ണിനും (തുർബതു ഹുജ്റതു ശരീഫ) കഅബയെക്കാൾ പുണ്യമുണ്ട് എന്ന് ഉസ്താദ് ചങ്കു കാറി പറഞ്ഞപ്പോൾ കണ്ണു തള്ളി ബോധം കെടുന്നതിന് പകരം ജയ് വിളിച്ച ഒന്നാം തരം ഇടയക്കൂട്ടം. അതിൽ 'അസൂയ'പ്പെട്ടിട്ട് കാര്യമില്ല.
നേരത്തെ ഉമ്മുൽഖുറ യൂണിവേഴ്സിറ്റിയിലും ഹറമിലും സേവനമനുഷ്ടിച്ചിരുന്ന മുഹമ്മദ് അലവി മാലികി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ കാഴ്ചപ്പാടുകളെയും അതുവഴി സൗദി നിലപാടുകളെയും നിശിതമായി വിമർശിച്ചു കൊണ്ടെഴുതിയ മഫാഹീമു യെജിബു ആൻ തുസ്വഹ:ഹ എന്ന ഗ്രന്ഥം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് (തിരുത്ത പ്പെടേണ്ട ധാരണകൾ) 'വഹാബിസം' സർവ്വ നാശമാണെന്ന് പ്രചരിപ്പിക്കുന്ന മഹാനാണ് ഉസ്താദ് അവർകൾ. ഉമ്മുൽഖുറയിലും ഹറമിലും അലവി മാലികി മാറ്റി നിർത്തപ്പെട്ട പശ്ചാത്തലവും മറ്റൊന്നല്ല. കാന്തപുരം തലയ്ക്കു വെച്ചുറങ്ങുന്ന പ്രസ്തുത ഗ്രന്ഥത്തിന് സൗദിയിലെ തലയെടുപ്പുള്ള പണ്ഡിതർ ഖണ്ഡനം എഴുതിയിട്ടുമുണ്ട്. മക്ക ഗവർണ്ണർ വിളമ്പിയ ചോറ് ഉരുട്ടി വിഴുങ്ങുമ്പോൾ 'ഉസ്താദ്' ഇതൊക്കെ ഓർത്തു കാണുമോ ആവൊ? കാരന്തൂർ മര്ക്കസിനു തറക്കല്ലിട്ടതും സാക്ഷാൽ അലവി മാലിഖി തന്നെ ആയിരുന്നല്ലോ . കഴിഞ്ഞ വർഷത്തെ മർക്കസ് വാർഷികത്തിനു പോലും ഉപകാര സ്മരണയെന്നോണം അലവി മാലിഖിയുടെ പേരിൽ കാന്തപുരം പ്രത്യേകം കവാടങ്ങൾ സ്ഥാപിച്ചിരുന്നു
താൻ പ്രചരിപ്പിക്കുന്ന 'ആദർശ'ങ്ങളുടെ സംരക്ഷണാർത്ഥം മക്ക ഗവർണ്ണറെ കണ്ട സ്ഥിതിക്ക് അദ്ദേഹത്തിന് കൊടുക്കാമായിരുന്ന ഒരു നിവേദനമുണ്ട്. അതിൽ ഉൾപ്പെടുത്തേണ്ട ചില കാര്യങ്ങൾ. 1. കെട്ടി ഉയർത്തിയ ആയിരക്കണക്കിന് ഖബറുകൾ സൗദി ഭരണകൂടം പൊളിച്ച് നിരപ്പാക്കിയിട്ടുണ്ട്. അത് പുനർ നിർമ്മിക്കുക. (വേണമെങ്കിൽ നിതാഖാതിൽ പെട്ട സഖാഫികളുടെ സേവനം ആകാവുന്നതുമാണ്). 2. നേർച്ച ഉറൂസ് ജാറം മൂടൽ എന്നിവ മുടങ്ങാതെ നിലനിർത്തുക. 3. ഹറമുകളിൽ ഉൾപ്പെടെ സ്ത്രീകൾ പള്ളികളിൽ നമസ്കാരത്തിന് പങ്കെടുക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുക 4. ഖുതുബകളിൽ ആനുകാലിക വിഷയങ്ങൾ പറയാതിരിക്കുക 5. വിശുദ്ദ ഭൂമിയിലെ മണ്ണ്‍, കല്ല്, പൊടി എന്നിവ ചെറിയ പാക്കറ്റുകളിൽ ലഭ്യമാക്കുക. ഹജ്ജിനും ഉംറക്കും വരുന്ന തന്റെ അനുയായികൾക്ക് അത് സൗജന്യമായി നല്കുക. 6. ശരീഫയുടെയുടെ റൂമിലെ മണ്ണ് (തുർബതു ഹുജ്റതു ശരീഫ) കലക്കിയ വെള്ളം മക്ക മദീന ഹൈവേയിൽ വിതരണം ചെയ്യുക. 7 .മുടിയും മണ്ണും കലക്കി താൻ ഇപ്പോൾ വിതരണം ചെയ്യുന്ന ബർക്കത്ത് വെള്ളത്തിൽ ചേർക്കാൻ കഅബ കഴുകിയ വെള്ളം ഓരോ വർഷവും ക്വാട്ട പ്രകാരം അനുവദിക്കുക. 8. സൗദി ഭരണകൂടം അച്ചടിച്ച് പ്രചരിപ്പിക്കുന്ന വിവിധ ഭാഷകളിലുള്ള വഹാബി ഗ്രന്ഥങ്ങൾ നിരോധിക്കുക തുടങ്ങി ഏതാനും ആവശ്യങ്ങളെങ്കിലും 'ഉസ്താദ്' ഭാവിയിലെ നിവേദനത്തിലെങ്കിലും സമർപ്പിക്കും എന്ന ശുഭാപ്തി 'വിസ്വാസം' കുഞ്ഞാടുകൾക്കുണ്ട്. അവർക്കറിയില്ലെങ്കിലും വിദേശങ്ങളിൽ പോകുമ്പോൾ സ്ത്രീകൾ പങ്കെടുക്കുന്ന പള്ളിയിൽ ഖുതുബ പറയാനും തറാവീഹ് പതിനൊന്ന് നമസ്കരിക്കാനും പുറത്തു വെച്ച് മുജാഹിദുകളോടും ജമാഅതുകാരോടും സലാം ചൊല്ലാനും ഉസ്താദ് ബഹു മിടുക്കനാണല്ലോ. ബിസിനസ് മേലാളന്മാരുടെ തോളിൽ കയ്യിട്ട് വഹാബി ഭരണ കൂടത്തിന്റെ സർബത്ത് കുടിച്ച് ഊറിച്ചിരിക്കുന്ന ഉസ്താദ് ഏതായാലും ഒരു ജയ് വിളി അർഹിക്കുന്നുണ്ട്. മണ്ണിന്റെ മണമുള്ള ജയ് വിളി!
ചൊവ്വാഴ്ച, ഏപ്രിൽ 23 by മുജീബ് റഹ്‌മാന്‍ ചെങ്ങര · 11അഭിപ്രായങ്ങള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)