വെള്ളിയാഴ്‌ച, ഡിസംബർ 3

മതകേന്ദ്രങ്ങള്‍ അത്താണിയാവണം





അബൂഹുറയ്‌റ(റ) പറയുന്നു: ``നബി(സ)യുടെ അടുത്തേക്ക്‌ ഒരാള്‍ വന്ന്‌ പറഞ്ഞു: ഞാന്‍ വളരെ അവശനാണ്‌. അപ്പോള്‍ നബി(സ) ഒരാളെ തന്റെ ഒരു ഭാര്യയുടെ അടുത്തേക്ക്‌ അയച്ചു. എന്നാല്‍ ഭാര്യയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: താങ്കളെ സത്യസന്ദേശവുമായി നിയോഗിച്ച അല്ലാഹു തന്നെയാണ്‌ സത്യം, കുറച്ച്‌ വെള്ളമല്ലാതെ മറ്റൊന്നും ഇവിടെയില്ല. തുടര്‍ന്ന്‌ മറ്റു ഭാര്യമാരുടെ അടുത്തേക്കും നബി(സ) ആളെ അയച്ച്‌ അന്വേഷിച്ചുവെങ്കിലും എല്ലാവരും സമാനമായ മറുപടിയാണ്‌ പറഞ്ഞത്‌. ശേഷം നബി(സ) സ്വഹാബികളോട്‌ ചോദിച്ചു: ഇന്ന്‌ രാത്രി ഇയാളെ അതിഥിയായി സ്വീകരിക്കാന്‍ ആരെങ്കിലും തയ്യാറുണ്ടോ? അപ്പോള്‍ അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ തയ്യാറാണെന്ന്‌ പ്രവാചകനെ അറിയിച്ചു.


ആ സ്വഹാബി അയാളെയും കൂട്ടി വീട്ടിലേക്ക്‌ പോവുകയും പ്രവാചകന്റെ ഈ അതിഥിയെ ആദരിക്കുക എന്ന്‌ ഭാര്യയോട്‌ പറയുകയും ചെയ്‌തു. മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്‌ ഇപ്രകാരമാണ്‌: അദ്ദേഹം ഭാര്യയോട്‌ ചോദിച്ചു: നിന്റെയടുക്കല്‍ വല്ലതുമുണ്ടോ? അവള്‍ പറഞ്ഞു: കുട്ടികള്‍ക്ക്‌ കരുതിവെച്ച അല്‌പം ഭക്ഷണമല്ലാതെ മറ്റൊന്നുമില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: നീ എന്തെങ്കിലും പറഞ്ഞ്‌ കുട്ടികളെ ആശ്വസിപ്പിക്കുക. ഇനി അവര്‍ രാത്രിഭക്ഷണം ആവശ്യപ്പെട്ടാല്‍ അവരെ നീ ഉറക്കാന്‍ ശ്രമിക്കുക. അങ്ങനെ അതിഥി കടന്നുവന്നാല്‍ നീ വിളക്കണയ്‌ക്കണം. അദ്ദേഹത്തിന്റെ കൂടെ നാം ഭക്ഷണം കഴിക്കുന്നതായി തോന്നിപ്പിക്കണം. അങ്ങനെ അതിഥി ഭക്ഷണം കഴിക്കാന്‍ വന്നിരുന്നു. അദ്ദേഹം ഭക്ഷണം കഴിച്ചു. അവര്‍ രണ്ടു പേരും -കുടുംബനാഥനും കുടുംബിനിയും- വിശന്ന നിലയില്‍ ആ രാത്രി കഴിച്ചുകൂട്ടി. പിറ്റേന്ന്‌ പ്രഭാതമായപ്പോള്‍ അദ്ദേഹം കുടുംബനാഥനായ സ്വഹാബി -പ്രവാചക സവിധത്തിലെത്തി. അപ്പോള്‍ പ്രവാചകന്‍ ഇപ്രകാരം അറിയിച്ചു. ഇന്നലെ രാത്രി നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ അതിഥിയോടു ചെയ്‌ത കാര്യങ്ങള്‍ അല്ലാഹുവിന്‌ വളരെ ഇഷ്‌ടപ്പെട്ടിരിക്കുന്നു.'' (ബുഖാരി, മുസ്‌ലിം)


വിശ്വാസികളുടെ സമൂഹം ഒറ്റ സമൂഹമാണെന്നും അവര്‍ മാനവിക മൂല്യങ്ങള്‍ മറ്റാരെക്കാളുമധികം ഉയര്‍ത്തിപ്പിടിക്കുന്നവരാണെന്നും തന്നെക്കാള്‍ തന്റെ സഹോദരന്‌ മുന്‍ഗണന നല്‌കുന്നവരാണെന്നും വ്യക്തമാക്കുന്ന ധാരാളം ആദര്‍ശതലങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒരു ഹദീസാണിത്‌. ഈ ഹദീസില്‍ നിന്ന്‌ സ്വാംശീകരിച്ചെടുക്കാവുന്ന ആദര്‍ശതത്വങ്ങളും ഗുണപാഠങ്ങളും ഇവയാണ്‌:


പാവങ്ങള്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും ആശ്രയവും അത്താണിയുമാകണം മതകേന്ദ്രവും മതനേതാക്കളും എന്നതാണ്‌ ഈ ഹദീസ്‌ ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും പ്രധാന സന്ദേശം. `പള്ളിയില്‍ പോയി പറ!' എന്ന ഒരു ശൈലി തന്നെ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ടല്ലോ. തീരെ പരിഗണിക്കപ്പെടാത്തതും പരിഹരിക്കപ്പെടാത്തതുമായ കാര്യത്തെ സൂചിപ്പിച്ചുകൊണ്ട്‌ പറയപ്പെടുന്ന ഒരു പരിഹാസ വാക്കായിട്ടാണ്‌ ഈ `ചൊല്ല്‌' വ്യവഹരിക്കപ്പെടുന്നത്‌. പള്ളിയില്‍ പോയി പറഞ്ഞാല്‍ മനുഷ്യന്റെ ഭൗതിക പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരമുണ്ടാവുകയില്ല എന്ന നിഷേധാര്‍ഥവും ഇത്‌ പറയുന്നവരില്‍ പലരും വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു! എന്നാല്‍ പള്ളിയില്‍ പോയി പറഞ്ഞാല്‍ വിശക്കുന്നവന്റെ വിശപ്പിനും അവശതയനുഭവിക്കുന്നവന്റെ അവശതയ്‌ക്കും പരിഹാരമുണ്ടാകുമെന്നാണ്‌ ഈ ഹദീസില്‍ വിശകലനം ചെയ്യപ്പെട്ട സംഭവം സാക്ഷീകരിക്കുന്നത്‌.


മതനേതൃത്വവും മതകേന്ദ്രങ്ങളും മതസംഘടനകളും മതപരമായ ആചാരാനുഷ്‌ഠാനങ്ങളെപ്പറ്റി മാത്രം പറയുകയും അതിന്‌ മാത്രം നേതൃത്വം കൊടുക്കുകയും ചെയ്‌താല്‍ പോര എന്നാണ്‌ പ്രവാചക ജീവിതം നല്‌കുന്ന സന്ദേശം. ഇസ്‌ലാമിക പ്രബോധനത്തിന്‌ മുമ്പും ശേഷവും സഹജീവികളെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുക എന്ന മാനുഷിക മുഖം പ്രവാചകന്‍(സ) കാത്തുസൂക്ഷിച്ചിരുന്നു. ദിവ്യബോധനത്തിന്റെ പ്രഥമ സന്ദര്‍ഭത്തില്‍ കാര്യത്തിന്റെ നിജസ്ഥിതിയറിയാതെ ഭയചകിതനായി വീട്ടിലെത്തിയ പ്രവാചകനെ പ്രിയതമ ഖദീജ ആശ്വസിപ്പിച്ചുകൊണ്ട്‌ പറഞ്ഞ വാക്കുകളില്‍ ഇങ്ങനെയൊരു വാക്കുണ്ട്‌: ``അല്ലാഹു താങ്കളെ അപമാനിക്കുകയില്ല; കാരണം താങ്കള്‍ വിഷമിക്കുന്നവരുടെ വിഷമമകറ്റുന്നവനാണ്‌.''


പരോപകാര ബോധത്തോടെയും പരക്ഷേമ തല്‌പരതയോടെയും സഹായമനസ്ഥിതിയോടെയും ജീവിക്കുന്നവര്‍ക്ക്‌ അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹവും കാരുണ്യവുമുണ്ടാകുമെന്ന്‌ ഉപരിസൂചിത സംഭവങ്ങളില്‍ നിന്നും മറ്റനേകം പ്രമാണ വാക്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുമുണ്ട്‌.


ഉള്ളത്‌ പങ്കുവെക്കുക, ഇല്ലാത്തവനെ ഉള്ളവന്‍ സഹായിക്കുക, ആ സഹായത്തില്‍ പൂര്‍ണമായും ആനന്ദവും സംതൃപ്‌തിയുമടയുക, കഷ്‌ടപ്പെടുന്നവരെ സഹായിക്കുന്നതില്‍ അല്ലാഹുവിന്റെ തൃപ്‌തി മാത്രം കാംക്ഷിക്കുക എന്ന ഉദാത്തമായ സംസ്‌കാരവും ഒരു സത്യവിശ്വാസിയുടെ വ്യക്തിത്വത്തിന്റെ ഭാഗമാകണം എന്ന സന്ദേശവും ഈ ഹദീസിലുണ്ട്‌. ധാരാളമുള്ളവന്‍ അതില്‍ നിന്ന്‌ വല്ലതുമെടുത്ത്‌ എന്തെങ്കിലും പാവപ്പെട്ടവനെ സഹായിക്കുന്നതാണ്‌ സാധാരണ കണ്ടുവരാറുള്ളത്‌. ഇസ്‌ലാം കുറച്ചുകൂടി ആദര്‍ശാത്മകമായും വ്യാപക സ്വഭാവത്തോടെയുമാണ്‌ ഈ വിഷയത്തെ കാണുന്നത്‌. സാമ്പത്തികശേഷി കുറഞ്ഞവര്‍ തങ്ങളുടെ വിഷമങ്ങള്‍ പരിഗണിക്കാതെ തങ്ങളെക്കാള്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്ന മനസ്ഥിതിയാണ്‌ ഖുര്‍ആനിലും ഹദീസിലും പ്രശംസിക്കപ്പെട്ടത്‌.


നിരാലംബരായി മദീനയിലെത്തിയ മക്കയിലെ വിശ്വാസികളെ-മുഹാജിറുകളെ-മദീനയിലെ പാവങ്ങളായ വിശ്വാസികള്‍-അന്‍സ്വാറുകള്‍-രണ്ടു കയ്യും നീട്ടി സ്വീകരിച്ചതിനെയും നിറഞ്ഞ മനസ്സോടെ സഹായിക്കാന്‍ സന്നദ്ധരായതിനെയും ഖുര്‍ആന്‍ പ്രശംസിച്ചിട്ടുണ്ട്‌. ``അവര്‍ തങ്ങളുടെ സ്വന്തം ശരീരങ്ങളെക്കാള്‍ അവര്‍ക്ക്‌-മുഹാജിറുകള്‍ക്ക്‌-പരിഗണന കല്‌പിക്കുന്നു; അവര്‍ക്ക്‌ ദാരിദ്ര്യമുണ്ടായിരുന്നിട്ടും'' എന്നാണ്‌ ഖുര്‍ആന്‍ (59:9) അന്‍സാര്‍-മുഹാജിര്‍ ബന്ധത്തെ വിശേഷിപ്പിച്ചതും പ്രശംസിച്ചതും. ഉദ്ധൃത ഹദീസിലും കഷ്‌ടപ്പെടുന്ന കുടുംബനാഥന്‍ തന്നെക്കാള്‍ കഷ്‌ടപ്പാടും വിശപ്പുമുള്ള തന്റെ സഹോദരനെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന ചിത്രമാണല്ലോ ഉള്ളത്‌. കുട്ടികള്‍ക്ക്‌ മാത്രം കഴിക്കാനുള്ള പരിമിതമായ ഭക്ഷണം മാത്രമേ വീട്ടിലുള്ളൂ എന്നറിഞ്ഞിട്ടും പ്രവാചകപാഠശാലയില്‍ വളര്‍ന്നുവന്ന സ്വഹാബി വിശക്കുന്നവന്റെ വിശപ്പ്‌ മാറ്റാന്‍ കുട്ടികളെ ഉറക്കിക്കിടത്തി, ആ ഭക്ഷണമെടുത്ത്‌ തന്റെ അതിഥിക്ക്‌ നല്‌കുന്നു. ഈ പ്രവര്‍ത്തനം അല്ലാഹുവിന്‌ അങ്ങേയറ്റം ഇഷ്‌ടകരമായി എന്നും നബി(സ) അറിയിക്കുന്നു.


ഒരു വശത്ത്‌ ആഹാരത്തിന്‌ വകയില്ലാതെ കഷ്‌ടപ്പെടുന്ന ധാരാളം പേര്‍. മറുവശത്ത്‌ വീട്ടില്‍ ഭക്ഷണം സുഭിക്ഷമായി ഉണ്ടാക്കി മിച്ചം വരികയും അവ ചവറ്റുകൊട്ടയില്‍ തള്ളുകയും ചെയ്യുന്നവര്‍! ആദര്‍ശത്തിന്നും പരലോകത്തിനും പ്രാധാന്യം കല്‌പിക്കേണ്ട മുസ്‌ലിംകള്‍ മുകളില്‍ സൂചിപ്പിച്ച ഹദീസില്‍ നിന്നാണ്‌ മാതൃകയും പ്രചോദനവും ഉള്‍ക്കൊള്ളേണ്ടത്‌. ജാബിര്‍(റ) നിവേദനം ചെയ്‌ത്‌ മുസ്‌ലിം ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെയുണ്ട്‌: ``ഒരാള്‍ക്കുള്ള ഭക്ഷണം രണ്ടാള്‍ക്ക്‌ മതിയാകും. രണ്ടാള്‍ക്കുള്ളത്‌ നാലാള്‍ക്കും നാലാള്‍ക്കുള്ളത്‌ എട്ടാള്‍ക്കും മതിയാകും.''




കെ പി എസ്‌ ഫാറൂഖി,ശബാബ് വാരിക

വെള്ളിയാഴ്‌ച, ഡിസംബർ 3 by Noushad Vadakkel · 0അഭിപ്രായങ്ങള്‍

വ്യാഴാഴ്‌ച, ഡിസംബർ 2

ഐക്യത്തിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറക്കുക













































പി മുഹമ്മദ്‌ കുട്ടശ്ശേരി മൌലവി
(ചന്ദ്രിക ദിനപത്രത്തിലെ പോസ്റ്റ്‌ ബോക്സില്‍ പ്രസിദ്ധീകരിച്ചത് .. 2.12.2010)

വ്യാഴാഴ്‌ച, ഡിസംബർ 2 by Noushad Vadakkel · 7അഭിപ്രായങ്ങള്‍

ബുധനാഴ്‌ച, നവംബർ 24

ഐക്യത്തിന് തടസ്സം അഭിപ്രായവ്യത്യാസമോ?

കേരളത്തിലാകെ നവോത്ഥാനത്തിന്റെ വെളിച്ചം പരത്തിയ ഇസ്ലാഹി പ്രസ്ഥാനത്തിന് നേരിട്ട പ്രതിസന്ധിക്ക് മൗലികമായ കാരണം വീക്ഷണവ്യത്യാസങ്ങളാണെന്ന് കരുതുന്നവര്‍ ഏറെയുണ്ട്.  മദ്ഹബില്‍ നിന്ന് വിട്ടവര്‍ അഭിപ്രായവ്യത്യാസങ്ങളുടെ വേലിയേറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വിഷമിക്കുകയാണെന്ന് മുന്‍പേ പ്രചരിപ്പിച്ചിരുന്ന  യാഥാസ്തിക പുരോഹിതന്മാര്‍ ഇപ്പോള്‍ വലിയ നിധികിട്ടിയ ഭാവത്തിലാണ്.  തങ്ങളുടെ മത-രാഷ്ട്രീയ ലൈന്‍ തള്ളികളഞ്ഞതാണ് മുജാഹിദുകളുടെ പതനത്തിന് കാരണമെന്ന് ജമാ അത്ത് സൈദ്ധാന്തികന്മാര്‍ തട്ടിമൂളിക്കാനും തുടങ്ങിയിട്ടുണ്ട്.  സലഫീ ആശയം ഉള്‍ക്കൊണ്ട ആരും ഒരിക്കലും ഇവരുടെ കെണിയില്‍ വീഴുകയില്ലെന്ന് അനുഭവങ്ങള്‍ തെളിയിച്ചിട്ടുള്ളതിനാല്‍ നാം അങ്കലാപ്പിലാകേണ്ട കാര്യമില്ല.


എന്നാല്‍ നമ്മെ സംബന്ധിച്ചിടത്തോളം ഈ സന്ദര്‍ഭം ആത്മപരിശോധനയുടേതാണ്, ആകണം.  യതാര്‍ഥത്തില്‍ പലരും കരുതുന്നതുപോലെയും പ്രചരിപ്പിക്കുന്നതുപോലെയും നമുക്കിടയില്‍ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങളുണ്ടോ? അതല്ല, പിശാച് അവ പര്‍വ്വതീകരിച്ചു കാണിച്ച് അനൈക്യത്തിന് ആക്കം കൂട്ടുകയാണോ? നമ്മുടേ ഈമാനും ഇഖ് ലാസും അപചയ മുക്തമായി സൂക്ഷിക്കേണ്ടതിന് ഇത് സംബന്ദ്ധിച്ച സൂക്ഷമ വിചിന്തനം അനിവാര്യമാകുന്നു.


വക്കം മൗലവിയുടെയും കെ.എം മൗലവിയുടെയും മറ്റും കാലം മുതല്‍ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ വ്യതിരിക്തതയായി ചൂണ്ടിക്കാണിക്കപ്പെടുന്ന കാര്യങ്ങളിലൊന്നും ഇപ്പോഴും  ഇവിടത്തെ സലഫികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല എന്ന വസ്തുത അനിഷേധ്യമാകുന്നു. അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കല്‍, അവരെ മധ്യവര്‍ത്തികളാക്കി പ്രാര്‍ഥിക്കല്‍, അവര്‍ക്ക് നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കല്‍, അവരുടെ പേരില്‍ സത്യം ചെയ്യല്‍, ജുമുഅ. ഖുതുബ, സ്ത്രീകളുടെ ജുമുഅ-ജമാ‍അത്ത്, തറാവീഹ്, ഖുനൂത്ത്, നമസ്ക്കാരശേഷം കൂട്ട പ്രാര്‍ത്ഥന തുടങ്ങീ കാര്യങ്ങളിലൊന്നും സലഫീ പ്രബോധകര്‍ക്കാര്‍ക്കും തര്‍ക്കമില്ല എന്നത് അത്യന്തം ശ്രദ്ദേയമാകുന്നു.


ഇതൊക്കെയാണ് യാഥാര്‍ഥ്യമെങ്കിലും നമ്മുടെ പണ്ഡിതന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും രൂക്ഷമായ പരസ്പര വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നില്ല.  എന്ന നഗ്ന സത്യം നമ്മെ നോവിപ്പിക്കുന്നു.  ഇതൊന്തുകൊണ്ട് ഇങ്ങനെ തുടരുന്നു എന്ന് ഇനിയെങ്കിലും തെളിഞ്ഞമനസ്സോടെ നമുക്ക് വിശകലനം ചെയ്യാന്‍ കഴിയേണ്ടതല്ലേ?  ആശയങ്ങളില്‍ ഐക്യമുണ്ടാക്കിയാലും സലഫികളുടെ മനസ്സുകള്‍ വിശാലമാകാന്‍ വിസമ്മതിക്കുന്നു എന്നല്ലേ ഇതില്‍ നിന്നൊക്കെ ഗ്രഹിക്കാവുന്നത്? ഇതൊന്തുകൊണ്ടാണ്? പ്രശ്നം ഈഗോയുടേതാണോ? തലമുറകള്‍ തമ്മിലുള്ള വിടവാണോ? വിനിമയവിടവ് അഥവാ കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ആണോ? നേതാക്കള്‍ പ്രകൃത്യാതന്നെ പരസ്പരം പൊരുത്തപ്പെട്ട് പോകാന്‍ പ്രയാസമുള്ള പേഴ്സണാലിറ്റി ടൈപ്പ്കളായതുകൊണ്ടുള്ള പ്രയാസമാണോ? പ്രശ്നം എന്തുതന്നെയാണെങ്കിലും അവികലമായ ആദര്‍ശം മനസ്സില്‍ കടന്നുകൂടിയാല്‍ എല്ലാ ഉടക്കുമസാലകളും ഉരുകിപ്പോകേണ്ടതല്ലേ?


“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക, നിങ്ങള്‍ മുസ്ലീംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്.
നിങ്ങളൊന്നിച്ച് അല്ലഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുകളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ കൂട്ടിയിണക്കി.  അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായി തീര്‍ന്നു.  നിങ്ങള്‍ അഗ്നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ട് അതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു.  നിങ്ങള്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കാന്‍ വേണ്ടി.


നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍




വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയശേഷം പല കക്ഷികളായി പിരിഞ്ഞു ഭിന്നിച്ചവരെപ്പോലെ നിങ്ങളാവരുത്, അവര്‍ക്ക് കനത്ത ശിക്ഷയാണുള്ളത്. ചില മുഖങ്ങള്‍ വെളുക്കുകയും ചിലമുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍. എന്നാല്‍ മുഖങ്ങള്‍ കറുത്ത്പോയവരോട് (പറയപ്പെടും) വിശ്വാസം സ്വീകരിച്ചതിനുശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്?  എങ്കില്‍ നിങ്ങള്‍ അവിശ്വാസം  സ്വീകരിച്ചതിന്റെ ഫലമായി ശിക്ഷ അനുഭവിച്ചുകൊള്ളുക. എന്നാല്‍ മുഖങ്ങള്‍ വെളുത്തുതെളിഞ്ഞവര്‍ അല്ലാഹുവിന്റെ കാരുണ്യത്തിലായിരിക്കും.  അവരതില്‍ ശാശ്വതവാസികളായിരിക്കുന്നതാണ്.” (വി.ഖു. 3:102107)




കടപ്പാട്
ചെറിയമുണ്ടം അബ്ദുല്‍ഹമീദ്
||| മതം, നവോത്ഥാനം, പ്രതിരോധം |||
യുവത ബുക്ക് ഹൗസ്

ബുധനാഴ്‌ച, നവംബർ 24 by Prinsad · 6അഭിപ്രായങ്ങള്‍

JOIN US

ബ്ലോഗു വായനകള്‍ക്കിടയില്‍ കിട്ടിയ രസകരവും വിമര്‍ശനാത്മകവും ആയ രചനകളും ,മറുള്ളവര്‍ വായിക്കണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്ന ബ്ലോഗുകളുടെ ലിങ്കുകള്‍ ഒരു ചെറിയ വിശദീകരണം സഹിതവും , നാട്ടിന്‍പുറങ്ങളിലെ ഇസ്ലാമിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന  അനാചാരങ്ങളുടെ  റിപ്പോര്‍ട്ടുകളും ഈ ബ്ലോഗ്ഗില്‍ പ്രസിദ്ദീകരിക്കാം                               


ഈ ബ്ലോഗ്‌  കൂട്ടായ്മയില്‍ പങ്കാളികളാകുവാന്‍ താല്പര്യമുള്ള ഇസ്ലാഹി പ്രവര്‍ത്തകരായ ബ്ലോഗ്ഗര്‍മാര്‍ താഴെ കാണുന്ന ഫോം പൂരിപ്പിച് അയക്കുമല്ലോ . ഓര്‍ക്കുക താങ്കള്‍ക്കു ഇസ്ലാഹീ പ്രവര്‍ത്തനവുമായി ബന്ധമുള്ള ഒരു ബ്ലോഗ്‌ നിര്‍ബന്ധമായും ഉണ്ടായിരിക്കണം .(ഇല്ലാത്തവര്‍ ഉടനെ ഒരു ബ്ലോഗ്‌ തുടങ്ങുവാന്‍ താല്പര്യം

തിങ്കളാഴ്‌ച, നവംബർ 15

സ്ത്രീകളുടെ വസ്ത്രം



ഇസ്ലാമിക വസ്ത്രധാരണം അടിമത്തത്തിന്റെ അടയാളമല്ല. പ്രത്യുത ആഭിജാത്യത്തിന്റെ ചിഹ്നമാണ് എന്ന് അല്‍പം ചിന്തിച്ചാല്‍ ബോധ്യമാകും. മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം മറക്കണമെന്ന് ഇസ്ലാം സ്ത്രീയോട് കല്‍പിക്കുന്നുവെന്നത് ശരിയാണ്. എന്തിനാണ് ഈ കല്‍പന? സ്ത്രീകളെ അടിമത്തത്തിന്റെ കാരാഗൃഹത്തിലടക്കുകയോ സുരക്ഷിതത്വത്തിന്റെ താഴ്വരയില്‍ വിഹരിക്കാനനുവദിക്കു...കയോ എന്താണ് ഈ കല്‍പന ചെയ്യുന്നത്? ഇസ്ലാമിക വസ്ത്രധാരണം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്. അത് ഇങ്ങനെയാണ്:

"നബിയേ, താങ്കളുടെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (33:59).

"സത്യവിശ്വാസിനികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുരക്ഷിക്കാനും അവരുടെ ഭംഗിയില്‍നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ'' (24:31).

"പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലെയുള്ള സൌന്ദര്യ പ്രകടനം നിങ്ങള്‍ നടത്തരുത്'' (33:33).

സ്ത്രീയോട് മാന്യമായ വസ്ത്രധാരണരീതി സ്വീകരിക്കാന്‍ കല്‍പിച്ചതിന് പിന്നിലുള്ള ലക്ഷ്യങ്ങള്‍ ഈ സൂക്തങ്ങളില്‍ല്‍നിന്ന് സുതരാം വ്യക്തമാണ്.

ഒന്ന്, തിരിച്ചറിയപ്പെടുക.

രണ്ട്, ശല്യം ചെയ്യപ്പെടാതിരിക്കുക.

സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍ ജീവിക്കുന്നവര്‍ തിരിച്ചറിയപ്പെടുന്നതിനുവേണ്ടി വ്യത്യസ്ത വസ്ത്രധാരണരീതികള്‍ സ്വീകരിക്കാറുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ വസ്ത്രധാരണരീതിയില്‍നിന്നുതന്നെ ഒരളവോളം അവരുടെ ജീവിതരീതിയെയും പെരുമാറ്റ രീതിയെയും നമുക്ക് അളക്കുവാന്‍ സാധിക്കും.

ആവശ്യക്കാര്‍ക്ക് തിരിച്ചറിയുവാന്‍ സാധിക്കുന്ന രീതിയിലുള്ള വസ്ത്രധാരണരീതിയാണ് വേശ്യകള്‍ സ്വീകരിക്കുക. ക്ഷേത്രങ്ങളോട് ബന്ധപ്പെട്ട് ജീവിച്ചിരുന്ന ദേവദാസികള്‍ക്ക് അവരുടേതായ വസ്ത്രധാരണ രീതിയുണ്ടായിരുന്നു. ഗ്രീസിലെ ഹെറ്റേയ്റേകള്‍ക്കും ചൈനയിലെ ചിന്‍കുവാന്‍ ജെന്നുകള്‍ക്കും ജപ്പാനിലെ ഗായിഷേകള്‍ക്കുമെല്ലാം അവരുടേതായ വസ്ത്രധാരണരീതികളുണ്ടായിരുന്നതായി കാണാന്‍ കഴിയും. ഈ വസ്ത്രധാരണ ത്തില്‍ നിന്ന് അവരെ മനസ്സിലാക്കാം. ആവശ്യക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ ക്ഷണിക്കുകയും ചെയ്യാം.

ഇസ്ലാം വിഭാവനം ചെയ്യുന്ന സ്ത്രീ, മാന്യയും കുലീനയുമാണ്; ചാരിത്രവതിയും സദ്വൃത്തയുമാണ്. അവളുടെയടുത്തേക്ക് ലൈംഗികദാഹം പൂണ്ട ചെന്നായ്ക്കള്‍ ഓടിയടുക്കേണ്ടതില്ല. കാമാഭ്യര്‍ഥനയുമായി അവളെ ആരും സമീപിക്കേണ്ടതില്ല. ഇത് അവളുടെ വസ്ത്രത്തില്‍നിന്നുതന്നെ തിരിച്ചറിയണം. പതിനഞ്ചാം നൂറ്റാണ്ടിലെ വെനീസിലെ നിയമസംഹിതയി ല്‍ വേശ്യകള്‍ മാറുമറയ്ക്കാതെ ജനാലക്കല്‍ ഇരുന്നുകൊള്ളണമെന്ന കല്‍ പനയുണ്ടായിരുന്നു. മാംസദാഹം തീര്‍ക്കുവാന്‍ വരുന്നവര്‍ക്ക് മാംസഗുണമളക്കുവാന്‍ വേണ്ടിയുള്ള നടപടി! ഇന്നലെകളില്‍ ആവശ്യക്കാരെ ആകര്‍ഷിക്കുന്നതിനുവേണ്ടി അഭിസാരികകള്‍ സ്വീകരിച്ചിരുന്ന വസ്ത്രങ്ങള്‍ക്ക് സമാനമായ ഉടയാടകളാണ് ആധുനിക വനിതകളുടെ വേഷമെന്ന കാര്യം എന്തു മാത്രം വിചിത്രമല്ല! സത്യവിശ്വാസികളെയും മാംസവില്‍പനക്കാരികളെയും തിരിച്ചറിയണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു; അവരുടെ വസ്ത്രധാരണത്തിലൂടെ.

എക്കാലത്തും ശല്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് സ്ത്രീകള്‍. അവരുടെ മാംസത്തിനുവേണ്ടി-ചാരിത്യ്രത്തിനുവേണ്ടി-കടിപിടി കൂടുന്നവരാണ് എന്നത്തെയും സാഹിത്യ-സാംസ്കാരിക രംഗത്തെ നായകന്മാര്‍. നഗ്നനൃത്തങ്ങളും നഗ്നതാ വിവരങ്ങളുള്‍ക്കൊള്ളുന്ന കവിതകളും ഉപയോഗിച്ചുകൊണ്ടായിരുന്നു ഇന്നലെ സ്ത്രീയുടെ മാനത്തെ പിച്ചിച്ചീന്തിയിരുന്നതെങ്കില്‍ ഇന്നത് 'വിഡ്ഢിപ്പെട്ടി'കളിലൂടെയും ഇന്റര്‍നെറ്റിലൂടെയും കുടുംബത്തിന്റെ ഇടനാഴികളിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുകയാണ്. ആധുനിക ജനതയുടെ മുഴുജീവിതവും ലൈംഗികവത്കരിക്കപ്പെട്ടിരിക്കുകയാണ്. അതിരാവിലെ കുടിക്കേണ്ട കാപ്പിയേതാണെന്ന് തെരഞ്ഞെടുക്കുന്നതിനും രാത്രി ഉറങ്ങുമ്പോള്‍ വെയ്ക്കേണ്ട തലയിണ ഏതാണെന്ന് തീരുമാനിക്കുന്നതിനുംപോലും പെണ്ണിന്റെ നിമ്നോന്നതികളിലൂടെ കണ്ണ് പായിക്കണമെന്നുള്ള അവസ്ഥയാണിന്നുള്ളത്.

അതുകൊണ്ടുതന്നെ, പെണ്ണിനു നേരെയുള്ള കൈയേറ്റങ്ങളും കൂടി ക്കൊണ്ടിരിക്കുന്നു. സ്വന്തം മകളെ മാനഭംഗം ചെയ്യുന്ന അച്ഛനും പെറ്റമ്മയുമായി ലൈംഗികകേളികളിലേര്‍പ്പെടുന്ന മകനും നമ്മുടെ മസ്തിഷ്കങ്ങളില്‍ യാതൊരു ആന്ദോളനവും സൃഷ്ടിക്കാത്ത കഥാപാത്രങ്ങളായിക്കൊണ്ടിരിക്കുന്നു. വിദ്യാര്‍ഥിനികളെ മാനഭംഗപ്പെടുത്തുന്ന അധ്യാപകര്‍! അധ്യാപികമാരുമായി ഊരുചുറ്റുന്ന വിദ്യാര്‍ഥികള്‍! വനിതാ സെക്രട്ടറിയുമായി ബന്ധപ്പെട്ട ലൈംഗിക അപവാദങ്ങള്‍ മൂലം രാജിവെച്ചൊഴിയേണ്ടിവരുന്ന ഉദ്യോഗസ്ഥ പ്രമുഖര്‍! പലരുമായി ലൈംഗികബന്ധമുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന രാജകുമാരിമാര്‍! ഇങ്ങനെ പോകുന്നു ദിനപത്രങ്ങളില്‍ ദിനേന നാം വായിക്കുന്ന വര്‍ത്തമാനങ്ങള്‍. സ്ത്രീകള്‍ക്ക് സ്വൈരമായി യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥ! സ്വൈര്യമായി ജോലി ചെയ്യാനാവാത്ത സ്ഥിതി! എന്തിനധികം, സ്വൈര്യമായി വീട്ടില്‍ അടങ്ങിക്കൂടി നില്‍ക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്കാണ് നമ്മുടെ സമൂഹം പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതിനെന്താണ് കാരണം? പക്വമതികളായ വിദഗ്ധര്‍ പറയുന്ന ഉത്തരം ശ്രദ്ധിക്കുക:

'കുമാരി' വാരികയിലെ 'പ്രതിവാര ചിന്തകള്‍' എന്ന പംക്തിയില്‍ എന്‍. വി. കൃഷ്ണവാരിയര്‍ എഴുതി: "സ്ത്രീകളുടെ മാദകമായ വസ്ത്രധാരണവും ചേഷ്ടകളും നിമിത്തം മതിമറന്ന് താല്‍ക്കാലികമായ ഒരു ഉന്മാദാവസ്ഥയിലാണ് പുരുഷന്‍ ബലാല്‍സംഗം നടത്തുന്നതെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. പുരുഷനെ ഉത്തേജിപ്പിക്കുമാറ് വസ്ത്രം ധരിച്ച ഓരോ സ്ത്രീയും ബലാല്‍സംഗം അര്‍ഹിക്കുന്നുവെന്ന് ഇന്ത്യയില്‍ ഒരു സുപ്രീംകോടതി ജഡ്ജി കുറെമുമ്പ് പരസ്യമായി പ്രസ്താവിക്കുകയുണ്ടായി'' (കുമാരി വാരിക 11.3.83).

അപ്പോള്‍ വസ്ത്രധാരണത്തില്‍ മാന്യത പുലര്‍ത്തുന്നതുവഴി സ്ത്രീ സ്വന്തം ശരീരത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. പടച്ചതമ്പുരാന്‍ പറഞ്ഞതെത്ര ശരി!

"അവര്‍ തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് അനുയോജ്യം'' (33:59).

വ്യഭിചാരവും ബലാല്‍സംഗങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള കൈയേറ്റങ്ങളും അവസാനിപ്പിക്കുന്നതിന്റെ ആദ്യപടിയെന്ന നിലക്കാണ് മാന്യമായി വസ്ത്രധാരണം ചെയ്യണമെന്ന് ഖുര്‍ആന്‍ സ്ത്രീകളോട് ഉപദേശിക്കുന്നത്.

മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം മറയ്ക്കണമെന്നുതന്നെയായിരുന്നു സത്യവിശ്വാസിനികളായ സ്ത്രീകളോട് മുന്‍ പ്രവാചകന്മാരും പഠിപ്പിച്ചിരുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അന്യപുരുഷന്മാരെ കാണുമ്പോള്‍ മൂടുപടം അണിയുന്ന പതിവ് ഇസ്രായേല്‍ സമൂഹത്തില്‍ ആദ്യം മുതല്‍ക്കുതന്നെ നിലനിന്നിരുന്നുവെന്നാണ് പഴയനിയമ ചരിത്രം നല്‍കുന്ന സൂചന (ഉല്‍പത്തി 24:62-65). ഒരു സ്ത്രീയുടെ മൂടുപടം എടുത്തുകളയുന്നത് അവളെ മാനഭംഗം ചെയ്യുന്നതിന് തുല്യമായിക്കൊണ്ട് വിശേഷിപ്പിക്കപ്പെട്ടതില്‍നിന്ന് (ഉത്തമഗീതം 5:7) അതിനുണ്ടായിരുന്ന പ്രാധാന്യം എത്രത്തോളമായിരുന്നുവെന്ന് ഊഹിക്കുവാന്‍ കഴിയും.

യേശുക്രിസ്തുവിന് ശേഷവും മൂടുപടം ഉപയോഗിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നതായി കാണാന്‍ കഴിയും. പൌലോസിന്റെ എഴുത്തുകളില്‍നിന്ന് നമുക്ക് ഇക്കാര്യം മനസ്സിലാക്കാനാവും. അദ്ദേഹം എഴുതി: "സ്വന്തം ശിരസ്സ് മൂടാതെ പ്രാര്‍ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന സ്ത്രീ തന്റെ ശിരസ്സിനെ അപമാനിക്കുന്നു. അവളുടെ തല മുണ്ഡനം ചെയ്യുന്നതിന് സമമാണത്. തല മൂടാത്ത സ്ത്രീ തന്റെ മുടി മുറിക്കണം. മുടി മുറിക്കുന്നതും മുണ്ഡനം ചെയ്യുന്നതും അപമാനമാണെന്ന് കരുതുന്നവര്‍ ശിരോവസ്ത്രം ധരിക്കട്ടെ'' (1 കൊരിന്ത്യര്‍ 11:5-7).

"വ്യഭിചാരത്തെ സമീപിക്കുകപോലും ചെയ്യരുത്'' (17:32) എന്ന സത്യവിശ്വാസികളോടുള്ള ഖുര്‍ആനിക കല്‍പനയുടെ പ്രയോഗവത്കരണത്തിന്റെ ഭാഗമായിട്ടാണ് മാന്യമായ വസ്ത്രധാരണം വേണമെന്ന് അത് സ്ത്രീകളോട് അനുശാസിക്കുന്നത്. കാമാര്‍ത്തമായ നോട്ടവും വാക്കും അംഗചലനങ്ങളുമെല്ലാം വ്യഭിചാരത്തിന്റെ അംശങ്ങളുള്‍ക്കൊള്ളുന്നവയാണെന്നാണ് മുഹമ്മദ് നബി (sa) സ്ത്രീക്ക് ഖുര്‍ആന്‍ നല്‍കിയ അവകാശങ്ങള് പഠിപ്പിച്ചത്. വ്യഭിചാരത്തിലേക്കും തദ്വാരാ സദാചാര തകര്‍ച്ചയിലേക്കും നയിക്കുന്ന 'കൊച്ചു വ്യഭിചാരങ്ങ'ളുടെ വാതിലടയ്ക്കണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. മാദകമായ വസ്ത്രധാരണവും ലൈംഗികചേഷ്ടയിലെ അംഗചലനങ്ങളുള്‍ക്കൊള്ളുന്ന നൃത്തനര്‍ത്യങ്ങളും ഇസ്ലാം നിരോധിക്കുന്നത് അതുകൊണ്ടാണ്।

വ്യഭിചാരം കടന്നുവരുന്ന വാതിലുകള്‍ അടയ്ക്കണമെന്നുതന്നെയാണ് യേശുക്രിസ്തുവും പഠിപ്പിച്ചത്. അദ്ദേഹം ഉപദേശിച്ചു:'വ്യഭിചരിക്കരുത് എന്ന കല്‍പന നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോട് പറയുന്നു: കാമാര്‍ത്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ അവളെ തന്റെ മനസ്സില്‍ വ്യഭിചരിച്ചുകഴിഞ്ഞു. പാപം ചെയ്യാന്‍ നിന്റെ വലതു കണ്ണ് കാരണമാകുന്നുവെങ്കില്‍ അത് ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക. നിന്റെ ഒരവയവം നഷ്ടപ്പെടുന്നതാണ് ശരീരം മുഴുവന്‍ നരകത്തില്‍ എറിയപ്പെടുന്നതിനേക്കാള്‍ ഉത്തമം. നീ പാപം ചെയ്യാന്‍ നിന്റെ വലതുകൈ കാരണമാകുന്നുവെങ്കില്‍ അതു വെട്ടി എറിഞ്ഞുകളയുക. നിന്റെ ഒരവയവം നഷ്ടപ്പെടുന്നതാണ് ശരീരം മുഴുവന്‍ നരകത്തില്‍ വീഴുന്നതിനേക്കാള്‍ ഉത്തമം'' (മത്തായി 5:27-30)।

വ്യഭിചാരം ഇല്ലാതാക്കുവാന്‍ കാമാര്‍ത്തമായ നോട്ടവും കാമമുളവാക്കുന്ന ചലനങ്ങളുമില്ലാതാക്കണമെന്നാണ് ക്രിസ്തു ഇവിടെ പഠിപ്പിക്കുന്നത്. അതില്ലാതെയാവണമെങ്കില്‍ എന്താണാവശ്യം? സ്ത്രീ മാന്യമായി വസ്ത്രം ധരിക്കണം, തന്റെ ശരീരത്തിന്റെ നിമ്നോന്നതികള്‍ വ്യക്തമാക്കാത്ത -സൌന്ദര്യം പ്രകടമാക്കാത്ത വസ്ത്രം. ഇങ്ങനെ വസ്ത്രം ധരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന ഖുര്‍ആനുമായി വന്ന മുഹമ്മദ് നബി(sa)യാണോ, സ്ത്രീ സൌന്ദര്യത്തെ വിപണനത്തിനുള്ള മാര്‍ഗമായി കാണുന്ന മുതലാളിത്തത്തിന് ഓശാന പാടുന്ന പുരോഹിത സഭയാണോ അന്തിക്രിസ്തുവെന്ന് ചിന്തിക്കുവാന്‍ സാധാരണ ക്രൈസ്തവര്‍ സന്നദ്ധരാവണം।

ക്രൈസ്തവ ഗ്രന്ഥകാരനായ സാക്ക് പുന്നന്റെ ഭാര്യ ഡോ. ആനി പുന്നന്‍ ക്രിസ്ത്യന്‍ വനിതകള്‍ക്ക് നല്‍കുന്ന ഉപദേശം ശ്രദ്ധേയമാണ്: "ദൈവം നമ്മെ വിശ്വസിച്ചേല്‍പിച്ചിരിക്കുന്ന ഒരു സ്വത്താണ് ശരീരം. അതിനെ നാം ദുരുപയോഗം ചെയ്യാന്‍ പാടില്ല. നമ്മുടെ ശരീരം കൊണ്ട് ദൈവ ത്തെ മഹത്വപ്പെടുത്തുവാന്‍ ദൈവം നമ്മോട് കല്‍പിച്ചിരിക്കുന്നു. ഇത് ശാരീരിക ശീലങ്ങളെക്കുറിച്ച് മാത്രമല്ല, ശരീരത്തില്‍ നാം ധരിക്കുന്ന വേഷവിധാനത്തെക്കുറിച്ചുംകൂടിയാണ് പറഞ്ഞിട്ടുള്ളത്. പുരുഷന്മാരെ ആകര്‍ഷിക്കുവാന്‍ നല്‍കിയിട്ടുള്ള ഈ ശക്തിയെ പലവിധ മാര്‍ഗങ്ങളിലൂടെ ദുരുപയോഗപ്പെടുത്തിയതിന് സിയോന്‍ പുത്രിമാരെ ദൈവം ശിക്ഷ വിധിച്ചതായി പഴയ നിയമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു (യെശ. 3:16-24 വായിക്കുക)।

അകമേ നാം യഥാര്‍ഥത്തില്‍ എന്തായിരിക്കുന്നുവെന്ന് കാണിക്കുന്ന ഒരു പരസ്യമാണ് നാം ധരിക്കുന്ന വസ്ത്രങ്ങള്‍ പലപ്പോഴും. ഒരളവുവരെ അത് നമ്മുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നു. മറ്റു മനുഷ്യര്‍ക്ക് നമ്മെക്കുറിച്ചുള്ള ആദ്യധാരണ ലഭിക്കുന്നത് സാധാരണയായി നാം ധരിക്കുന്ന വസ്ത്രങ്ങളിലൂടെയാണ്. അതിനാല്‍ നമ്മുടെ വസ്ത്രധാരണത്തില്‍ നാം ലോകത്തിന്റെ വഴികള്‍ പിന്തുടരുന്നുവെങ്കില്‍ ക്രിസ്തുവിനുവേണ്ടിയുള്ള നമ്മുടെ സാക്ഷ്യം നിഷ്ഫലമായിത്തീര്‍ന്നെന്നു വരാം...

പുരുഷന്മാരില്‍ ദുര്‍മോഹം ജനിപ്പിക്കുമാറുള്ള വസ്ത്രധാരണാരീതി നാം ഏതായാലും ധരിക്കാന്‍ പാടില്ല. ദൈവം ദുര്‍മോഹത്തിന് പുരുഷന്മാരെ വിധിക്കുമെങ്കില്‍ അവരില്‍ ദുര്‍മോഹം ജനിപ്പിക്കുമാറ് വസ്ത്രധാരണം ചെയ്ത യുവതികളെക്കൂടി വിധിക്കുക എന്നുള്ളത് യുക്തിയുക്തം മാത്രമാണ്'' (സാക് പുന്നന്‍: സെക്സ്, പ്രേമം, വിവാഹം-ക്രിസ്തീയ സമീപനം, പുറം 112, 113)।

എങ്ങനെയാണ് ഒരു സ്ത്രീ മാന്യമായി വസ്ത്രം ധരിക്കേണ്ടത്? കാര്‍ക്കൂന്തലുകളും മാറിന്റെ സിംഹഭാഗവും വയറുമെല്ലാം പുറത്തുകാണിച്ചുകൊണ്ടുള്ള പഴയ ദേവദാസികളുടേതിനു തുല്യമായ വസ്ത്രധാരണാ രീതിയോ? കാല്‍മുട്ടുവരെയും കഴുത്തും കാര്‍ക്കൂന്തലുകളും പുറത്ത് കാണിച്ചുകൊണ്ടുള്ള ഗ്രീസിലെ ഹെറ്റയ്റേകളുടെ വസ്ത്രധാരണ സമ്പ്രദായമോ? ഇറുകിയ വസ്ത്രങ്ങളിലൂടെ ശരീരത്തിന്റെ നിമ്നോന്നതികള്‍ പുരുഷന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന ചൈനയിലെ ചിന്‍കുവാന്‍ ജെന്നുകളുടെ ഉടയാടകള്‍ക്ക് തുല്യമായ പുടവകളോ? അതല്ല, മുഖവും മുന്‍കൈയും മാത്രം പുറത്തുകാണിക്കുകയും ശരീരഭാഗങ്ങള്‍ വെളിവാകാത്ത രൂപത്തില്‍ അയഞ്ഞ വസ്ത്രം ധരിക്കുകയും ചെയ്യുന്ന ഇസ്ലാമിക രീതിയോ? മുന്‍ധാരണയില്ലാത്ത ആര്‍ക്കും അവസാനത്തേതല്ലാത്ത മറ്റൊരു ഉത്തരം തെരഞ്ഞെടുക്കാന്‍ കഴിയില്ല

.ഇസ്ലാം സ്ത്രീയോട് മാന്യമായി വസ്ത്രം ധരിക്കാന്‍ പറയുക മാത്രമല്ല, എങ്ങനെയാണ് ആ വസ്ത്രധാരണരീതിയെന്ന് പഠിപ്പിക്കുക കൂടി ചെയ്തുവെന്നുള്ളതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. പുരുഷന്മാരെ വഴിതെറ്റിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം സ്വീകരിക്കരുതെന്ന് പറയുന്ന മറ്റുള്ളവര്‍ക്ക് പലപ്പോഴും പ്രസ്തുത വസ്ത്രധാരണ രീതിയെക്കുറിച്ച് വ്യക്തമായൊരു ചിത്രം നല്‍കാന്‍ കഴിയാറില്ല. ഇസ്ലാം വിജയിക്കുന്നത് ഇവിടെയാണ്. ഇസ്ലാമിക വസ്ത്രധാരണാരീതി സ്വീകരിച്ചിരിക്കുന്ന സമൂഹങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തുലോം വിരളമാണെന്ന വസ്തുത 'അവര്‍ ശല്യപ്പെടാതിരിക്കാന്‍ വേണ്ടി'' (33:59)എന്ന ഖുര്‍ആനിക നിര്‍ദേശത്തിന്റെ സത്യതയും പ്രായോഗികതയും വ്യക്തമാക്കുന്നതാണ്।

ഇസ്ലാമിക വസ്ത്രധാരണം സ്ത്രീയെ അടുക്കളയില്‍ തളച്ചിടുന്നതിനുവേണ്ടി സൃഷ്ടിച്ചെടുത്തതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഈ വസ്ത്രധാരണാരീതി സ്വീകരിച്ചുകൊണ്ടുതന്നെ സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രശോഭിച്ച ഒട്ടനവധി മഹിളാരത്നങ്ങളെക്കുറിച്ച് ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. പ്രവാചകനില്‍നിന്ന് കാര്യങ്ങള്‍ പഠിക്കുകയും അദ്ദേഹത്തിന്റെ ജീവിതകാലത്തും ശേഷവും പ്രവാചകാനുചരന്മാരെ പഠിപ്പിക്കുകയും ചെയ്യുന്നതിന് പ്രവാചകപത്നി ആഇശ()ക്ക് ഇസ്ലാമിക വസ്ത്രധാരണം ഒരു തടസ്സമായി നിന്നിട്ടില്ല. പ്രസ്തുത വസ്ത്രം ധരിച്ചുകൊണ്ടുതന്നെയായിരുന്നു അവര്‍ ജമല്‍ യുദ്ധം നയിച്ചത്. പുരുഷന്മാരില്‍ ഭൂരിപക്ഷവും യുദ്ധരംഗം വിട്ടോടിയ സന്ദര്‍ഭത്തില്‍ -ഉഹ്ദ് യുദ്ധത്തില്‍ -ആയുധമെടുത്ത് അടരാടിയ ഉമ്മു അമ്മാറ() ധരിച്ചത് പര്‍ദ തന്നെയായിരുന്നു. ഏഴ് യുദ്ധങ്ങളില്‍ പ്രവാചകനോടൊപ്പം പങ്കെടുത്ത് പരിക്കേറ്റവരെ പരിചരിച്ചും ഭക്ഷണം പാകം ചെയ്തും പ്രശസ്തയായ ഉമ്മുഅത്വിയ്യ()ക്ക് തന്റെ ദൌത്യനിര്‍വഹണത്തിനു മുമ്പില്‍ ഇസ്ലാമിക വസ്ത്രധാരണം ഒരു വിലങ്ങായിത്തീര്‍ന്നിട്ടില്ല. ഇങ്ങനെ പ്രവാചകാനുചരന്മാരില്‍തന്നെ എത്രയെത്ര മഹിളാരത്നങ്ങള്‍! മുഖവും മുന്‍കൈയും മാത്രം പുറത്തുകാണിച്ചുകൊണ്ടുതന്നെ സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹതികള്‍! ഇന്നും ഇസ്ലാമിക സമൂഹത്തില്‍ ഇത്തരം സഹോദരിമാരുണ്ട്. ഇസ്ലാമിക വസ്ത്രധാരണരീതി സ്വീകരിച്ചുകൊണ്ട് സാമൂഹിക മേഖലകളിലേക്ക് സേവന സന്നദ്ധരായി സധൈര്യം കയറിച്ചെല്ലുന്ന സഹോദരികള്‍. ഇസ്ലാമിക വസ്ത്രധാരണം സ്ത്രീയെ ചങ്ങലകളില്‍ ബന്ധിക്കുന്നുവെന്ന ആരോപണം അര്‍ഥമില്ലാത്തതാണെന്ന വസ്തുത ഇവിടെ അനാവൃതമാകുന്നു।

സത്യത്തില്‍, മാന്യമായി വസ്ത്രം ധരിക്കണമെന്ന് നിര്‍ദേശിക്കുക വഴി ഖുര്‍ആന്‍ സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തുകയും അവര്‍ ആക്രമിക്കപ്പെടുന്ന അവസ്ഥ ഇല്ലാതാക്കുവാനുള്ള പ്രായോഗിക പദ്ധതിക്ക് രൂപം നല്‍കുകയുമാണ് ചെയ്യുന്നത്.

(കടപ്പാട്: മോക്ഷത്തിന്റെ മാര്‍ഗ്ഗം)

തിങ്കളാഴ്‌ച, നവംബർ 15 by Noushad Vadakkel · 7അഭിപ്രായങ്ങള്‍

ശനിയാഴ്‌ച, നവംബർ 6

എം കെ ഹാജി , യതീം കുട്ടികളുടെ ഉപ്പാപ്പ

ശനിയാഴ്‌ച, നവംബർ 6 by Noushad Vadakkel · 1

ചൊവ്വാഴ്ച, ഒക്‌ടോബർ 5

അറിവുള്ളവനും ,ഇല്ലാത്തവനും സമമാകുമോ ?



ഷിയാസ്‌ എന്ന സുഹൃത്ത്‌ അയച്ചു തന്നത് ...

ചൊവ്വാഴ്ച, ഒക്‌ടോബർ 5 by Noushad Vadakkel · 3അഭിപ്രായങ്ങള്‍

ഞായറാഴ്‌ച, സെപ്റ്റംബർ 26

പരസ്പര പൂരകമായ രണ്ടു ജീവിതങ്ങള്‍ - (വക്കം മൌലവിയും രാമകൃഷ്ണപിള്ളയും )മാതൃഭൂമി 26 സെപ്തംബര്‍ 2010 വാരന്തപതിപ്പ്

പരസ്പര പൂരകമായ രണ്ടു ജീവിതങ്ങള്‍ - (വക്കം മൌലവിയും രാമകൃഷ്ണപിള്ളയും )മാതൃഭൂമി 26 സെപ്തംബര്‍ 2010 വാരന്തപതിപ്പ്



ഞായറാഴ്‌ച, സെപ്റ്റംബർ 26 by Anees Aluva · 0അഭിപ്രായങ്ങള്‍

ശനിയാഴ്‌ച, സെപ്റ്റംബർ 11

ഖുര്‍ആന്‍ പരിവര്‍ത്തനത്തിന് പ്രചോദനമാവണം

ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് അഖിലേന്ത്യാ ജനറല്‍സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ എഴുതിയ പ്രാസ്ഥാനിക ചിന്തകള്‍ എന്ന പുസ്തകത്തില്‍ നിന്നും .....




ശനിയാഴ്‌ച, സെപ്റ്റംബർ 11 by Noushad Vadakkel · 0അഭിപ്രായങ്ങള്‍

വ്യാഴാഴ്‌ച, സെപ്റ്റംബർ 9

ആഘോഷങ്ങള്‍ ആസക്തിയില്ലാതെ :മുക്താര്‍ ഉദരംപൊയില്‍


വ്യാഴാഴ്‌ച, സെപ്റ്റംബർ 9 by Noushad Vadakkel · 1

വെള്ളിയാഴ്‌ച, സെപ്റ്റംബർ 3

അല്ലാഹുവിന്റെ വിരുന്ന്

റമദാന്‍ അവസാന നാളുകളിലേക്ക് ;വിശ്വാസികള്‍ക്കായി പ്രവാചക വചനങ്ങള്‍





ചന്ദ്രിക ദിന പത്രം(03-09-2010

വെള്ളിയാഴ്‌ച, സെപ്റ്റംബർ 3 by Noushad Vadakkel · 3അഭിപ്രായങ്ങള്‍

ഞായറാഴ്‌ച, ഓഗസ്റ്റ് 29

ഇന്ത്യയും ഇസ്‌ലാമും അമുസ്‌ലിങ്ങളും







വീണ്ടുമൊരു റമദാന്‍ 17. ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റില്‍ നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. ഇന്ത്യയെ പോലുള്ള ഒരു ബഹുമത സമൂഹം നിലനില്‍ക്കുന്ന ഒരു രാഷ്ട്രത്തില്‍ ഒരു സായുധ ജിഹാദിന്റെ ആവശ്യകതയും അനാവശ്യവും നമ്മള്‍ അവിടെ കണ്ടതാണ്. ഇത് ഇന്ത്യയാണ്. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും ബുദ്ധനും ജൈനനും മതമില്ലാത്തവനും കോണ്‍ഗ്രസ്സുകാരനും കമ്മ്യൂണിസ്റ്റ്കാരനും ബിജെപി യും ലീഗും ദളും അരാഷ്ട്രീയവാദിയും മലയാളിയും തമിഴനും പഞ്ചാബിയും കാശ്മീരിയും കറുത്തവനും വെളുത്തവനും ഉള്ളവനും ഇല്ലാത്തവനും എല്ലാം ജീവിക്കുന്ന നമ്മുടെ അഭിമാന ഭാരതം. എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടമനുസരിച്ച് ഭാഷയും മതവും സംസ്ക്കാരവും തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ള സുന്ദര ഭാരതം.

ഇവിടെ ജീവിക്കേണ്ട ഒരു മുസ്‌ലിം അവിടെയുള്ള അമുസ്‌ലിങ്ങളുമായി എങ്ങിനെ ഇടപെടണം എന്ന കാര്യത്തില്‍ കൃത്യമായ ഒരു മാര്‍ഗ്ഗ രേഖയുണ്ട്.ഇത് വരെയും നമ്മള്‍ അങ്ങിനെ ജീവിച്ചു പോന്നു.എന്നാല്‍ ഈയിടെയായി അതിനു ഭംഗം വരുന്ന രീതിയില്‍ അസുഖകരമായ പലതും കാണുകയും പുതിയ ചില 'ഇസ്‌ലാമിക മാര്‍ഗ്ഗങ്ങള്‍' ചില ആളുകള്‍ പറയുകയും ചെയ്യുമ്പോള്‍ വളരെ പരിമിതമായ എന്റെ അറിവില്‍ നിന്ന് കൊണ്ട് അല്‍പ്പമെങ്കിലും പറയേണ്ടത് ഒരു മുസ്‌ലിമെന്ന നിലയില്‍ എന്റെ ബാധ്യത കൂടിയാണ്. ആരെയെങ്കിലും വ്യക്തിപരമായോ സംഘടനാപരമയോ ആക്ഷേപിക്കാനല്ല ഇതെന്ന് ഞാന്‍ പറയുമ്പോള്‍ അതൊരു മുന്‍‌കൂര്‍ ജാമ്യമായി കാണില്ല എന്ന് വിശ്വസിക്കുന്നു.എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെ ശിക്ഷണവും ആദരണീയനായ എന്റെ ഗുരുനാഥന്റെ അധ്യാപനങ്ങളും എന്റെ വായനയും ചിന്തകളുമാണ് എന്നെ സ്വാധീനിച്ചിട്ടുണ്ടാവുക. ഞാന്‍ പറയുന്നതെല്ലാം ശരിയെന്ന വാശിയൊന്നും എനിക്കില്ല.നിങ്ങള്‍ക്ക് തിരുത്തുവാനും വിമര്‍ശിക്കുവാനും ഏറെ സ്വാതന്ത്ര്യമുണ്ട്.

ഇസ്ലാമിക ദൃഷ്ട്യാ അമുസ്‌ലിം സമൂഹത്തെ പ്രധാനമായും മൂന്നായാണ് തരാം തിരിച്ചിട്ടുള്ളത്.

1) ഇസ്‌ലാമിക ഭരണത്തിന്‍ കീഴിലുള്ള അമുസ്‌ലിങ്ങള്‍ അഥവാ സമൂഹങ്ങള്‍
2) മുസ്‌ലിങ്ങളുമായി ശത്രുത പ്രഖ്യാപിച്ചുട്ടുള്ള അമുസ്‌ലിങ്ങള്‍ അഥവാ രാജ്യങ്ങള്‍
3) മുസ്‌ലിങ്ങളുമായി സമാധാനത്തില്‍ കഴിയാമെന്ന് ഉടമ്പടിയുള്ള അമുസ്‌ലിങ്ങള്‍ അഥവാ രാജ്യങ്ങള്‍

ഇതില്‍ ഏതിലാണ് ഇന്ത്യയിലെ അമുസ്‌ലിങ്ങളെ കൂട്ടുക.ഇന്ത്യ ഒരു ഇസ്‌ലാമിക രാഷ്ട്രമല്ല എന്നത് കൊണ്ട് ഒന്നാമത്തെ പട്ടിക തള്ളാം.ഇവിടുത്തെ അമുസ്‌ലിങ്ങള്‍ മുഴുവനും മുസ്‌ലിങ്ങളുമായി ശത്രുത പ്രഖ്യാപിച്ചിട്ടില്ല എന്നതിനാല്‍ രണ്ടും ഉപേക്ഷിക്കാം.എന്നാല്‍ ഇവിടുത്തെ അമുസ്‌ലിങ്ങള്‍ മുസ്‌ലിങ്ങളുമായി സമാധാനത്തില്‍ വര്‍ത്തിക്കാമെന്ന കരാറിലാണ് ഉള്ളത്.അത് ഒരു മേശക്ക് ഇരുവശവും ഇരുന്ന് ഒപ്പിട്ട ഒരു ഉടമ്പടിയല്ല.മറിച്ച് ഇവിടുത്തെ ഭരണഘടന പ്രകാരം നമ്മളെല്ലാം മറ്റു സമൂഹങ്ങളുടെ അവകാശങ്ങളെ ഹനിക്കാതെ സമാധാനത്തില്‍ കഴിയാമെന്ന ഒരു പ്രതിജ്ഞയാണ്.ജനാധിപത്യമുള്ള നമ്മുടെ നാട്ടില്‍ ഈ പ്രതിജ്ഞ ഒരു കരാര്‍ പോലെ ഓരോ ഭാരതീയനും നിര്‍ബന്ധപൂര്‍വ്വം കാത്തു സൂക്ഷിക്കുന്നുമുണ്ട്.

മനുഷ്യരെല്ലാം അടിസ്ഥാനപരമായി ഒന്നാണ്."നിങ്ങളെല്ലാവരും ആദമില്‍ നിന്നാണ് ,ആദമാകട്ടെ മണ്ണില്‍ നിന്നും". എല്ലാവര്‍ക്കും അറിയാവുന്നതാണിത്. അല്ലാഹു ഖുര്‍ആനില്‍ പറയുന്നുണ്ട്
"ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. " (വിശുദ്ധ ഖുര്‍ആന്‍ 49:13)

എത്ര സുന്ദരമായ വാചകങ്ങളാണിത്. ഇങ്ങിനെ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ക്കെല്ലാം പടച്ച തമ്പുരാന്‍ വിശ്വാസപരമായ സ്വാതന്ത്യം നല്‍കി. നല്‍കപ്പെട്ട ബുദ്ധിയും വിവേകവും വെച്ച് ആര്‍ക്കു വേണമെങ്കിലും തങ്ങളുടെ വിശ്വാസം ക്രമപ്പെടുത്താം. ഇവിടെ ഒരാള്‍ മറ്റൊരാളെ നിര്‍ബന്ധിച്ചു തന്റെ മതത്തിലേക്ക് കൊണ്ട് വരേണ്ട ആവശ്യമേ ഇല്ല.പടച്ച തമ്പുരാന്‍ അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല.പിന്നെ പടപ്പുകളായ നമ്മളെന്തിന് നിര്‍ബന്ധിക്കണം.അല്ലാഹു പറയുന്നു.
"നിന്‍റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച്‌ വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?" (വിശുദ്ധ ഖുര്‍ആന്‍ 10:99) സൂറത്ത് ബഖറയില്‍ അല്ലാഹു പറയുന്നു." മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല"

ഇതെല്ലാം അറിയാവുന്ന നമ്മള്‍ സമാധാനത്തില്‍ ഇവിടെ ജീവിച്ചു വരുമ്പോള്‍ അതിനു വിഘ്നം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി തന്നെ ചില ആളുകള്‍ ചെയ്തു വരുന്നു.അതിന് പല കാരണങ്ങളും ഉണ്ടായേക്കാം.എന്നാല്‍ ഒരു മുസ്‌ലിം ഇവിടെ പാലിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.ക്ഷമയാണ് അതില്‍ പ്രധാനം.പ്രതികരിക്കാം പക്ഷെ പ്രതികാരം വേണ്ടല്ലോ.മുസ്‌ലിങ്ങള്‍ക്ക് വേദനയുണ്ടാവുന്ന എന്തെങ്കിലും ഈ ബഹു മത സമൂഹത്തില്‍ ഉണ്ടായാല്‍ അതിന് കൈ വെട്ടാനും കാല്‍ വെട്ടാനും പോയാല്‍ പിന്നെ സമാധാനത്തിന്റെ പര്യായമായ ഇസ്‌ലാമിന് എന്ത് പ്രസക്തി?.
പരിശുദ്ധ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മുസ്‌ലിങ്ങളെ തടയല്‍ എത്രത്തോളം വേദനയുള്ളതാണ്. അങ്ങിനെ ചെയ്തവരോട്‌ പോലും പ്രതികാരം വേണ്ട എന്നല്ലേ പടച്ചവന്‍ പറഞ്ഞത്. മാത്രമോ അവരോടു നന്മയില്‍ പരസ്പ്പരം സഹകരിക്കാനും തിന്മയില്‍ നിസ്സഹകരണം ചെയ്യാനുമല്ലേ കല്‍പ്പിച്ചത്.

"മസ്ജിദുല്‍ ഹറാമില്‍ നിന്ന്‌ നിങ്ങളെ തടഞ്ഞു എന്നതിന്‍റെ പേരില്‍ ഒരു ജനവിഭാഗത്തോട്‌ നിങ്ങള്‍ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന്ന്‌ നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്‌. പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌." (വിശുദ്ധ ഖുര്‍ആന്‍ 5:2)

ഒരു വിഭാഗം ഒരു തെറ്റ് ചെയ്തു എന്നത് കൊണ്ട് അവരോടു വൈരാഗ്യം വെച്ച് പുലര്‍ത്തേണ്ട കാര്യം ആര്‍ക്കുണ്ടെങ്കിലും മുസ്‌ലിമിന് ഉണ്ടാവാന്‍ പാടില്ലല്ലോ. എല്ലാം സഹിച്ച് എല്ലാം നഷ്ടപ്പെട്ട് ഒരു വിനീത വിധേയനാവണം എന്നല്ലല്ലോ ഇതിനര്‍ത്ഥം.തിരിച്ചടിയും അതിന് വേണ്ട നിബന്ധനകളും സന്ദര്‍ഭങ്ങളും നമ്മള്‍ ജിഹാദുമായി ബന്ധപ്പെട്ട പോസ്റ്റില്‍ ചര്‍ച്ച ചെയ്തതുമാണ്.

മനുഷ്യാവകാശങ്ങളെ കുറിച്ച് പറഞ്ഞ പ്രവാചകന്‍(സ) പോലെ മറ്റൊരാളും ചരിത്രത്തിലില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ.
"മുസ്‌ലിങ്ങളുമായി സമാധാനത്തില്‍ നില്‍ക്കുന്ന ഒരു അമുസ്‌ലിമിനെ ആരെങ്കിലും വധിച്ചാല്‍ അയാള്‍ക്ക്‌ സ്വര്‍ഗ്ഗത്തിന്റെ മണം പോലും ആസ്വദിക്കാന്‍ കഴിയില്ല".ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ആണിത്.മറ്റൊരു ഹദീസ് നോക്കൂ.
"മുസ്‌ലിങ്ങളുമായി സമാധാനത്തില്‍ നില്‍ക്കുന്ന ഒരു അമുസ്‌ലിമിനോട് ആരെങ്കിലും അക്രമം ചെയ്‌താല്‍ അല്ലെങ്കില്‍ അപമാനം വരുത്തിയാല്‍ അതുമല്ലെങ്കില്‍ ആ വ്യക്തിയെ കൊണ്ട് നിര്‍ബന്ധിച്ചു അയാള്‍ക്കിഷ്ടമില്ലാത്തത് ചെയ്യിപ്പിച്ചാല്‍ അന്ത്യനാളില്‍ അവന്‍ എന്റെ ശത്രുവായിരിക്കും." ഇതില്‍ കൂടുതല്‍ എങ്ങിനെയാണ് പറഞ്ഞു തരേണ്ടത്‌.എന്തേ ഇനിയും നമ്മുടെ ചില ആളുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്തത്.

ഇനി നമ്മുടെ നാട്ടിലെ ഏതെങ്കിലും ഹിന്ദുവോ ക്രിസ്ത്യാനിയോ എന്തെങ്കിലും അപമാനം മുസ്‌ലിങ്ങള്‍ക്ക് ഉണ്ടാക്കിയാല്‍ അതെ നാണയത്തില്‍ തിരിച്ച് പ്രവര്‍ത്തിക്കണമെന്ന് ആരാണ് ഇക്കൂട്ടരെ പഠിപ്പിച്ചത്.സഹനവും വിട്ടുവീഴ്ചയും ഇസ്‌ലാമിന്റെ മുഖമുദ്രയാണെന്നുള്ള കാര്യം ഇവര്‍ മനസ്സിലാക്കുന്നില്ലല്ലോ.‍ ഒരു വ്യക്തി ചെയ്ത കുറ്റത്തിന് ഒരു സമുദായം ഒന്നടങ്കം ശിക്ഷിക്കപ്പെടുവാന്‍ പറ്റില്ലല്ലോ.ആ സമൂഹം ഒന്നടങ്കം ആ തെറ്റിനെ ന്യായീകരിക്കാത്തിടത്തോളം കാലം.പ്രവാചകനെ കുറിച്ചോ ഇസ്‌ലാമിനെ കുറിച്ചോ മോശമായി പല ആളുകളും പലതും പറയും.അത് അദ്ധ്യാപകനായാലും അഞ്ചല്‍ക്കാരനായാലും വിധി ഒന്ന് തന്നെയാണ്.പരമാവധി ക്ഷമിക്കുക.രാജാധിരാജനായ അല്ലാഹു പറയുന്നത് ശ്രവിക്കൂ.

"തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്‌. നിങ്ങള്‍ക്ക്‌ മുമ്പ്‌ വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത്‌ ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു." (വിശുദ്ധ ഖുര്‍ആന്‍ 3:186)
ഈ വചനം 2010 ല്‍ ഇറങ്ങിയതല്ല. ജുത്-ക്രൈസ്തവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും പലതും കേള്‍ക്കേണ്ടി വരുമെന്ന് പറയുന്നത് സര്‍വജ്ഞനായ ദൈവം തമ്പുരാനാണ്.അപ്പോള്‍ ക്ഷമിക്കണമെന്നും സൂക്ഷ്മത കൈക്കൊള്ളണമെന്നും പറയുന്നതും ഇതേ ദൈവം തമ്പുരാന്‍ തന്നെ.ഇതിനെക്കാളും അപമാനം മുസ്‌ലിങ്ങള്‍ ലോകം അഭിമുഖീകരിച്ചിട്ടുണ്ട്.മക്കാ കാലഘട്ടത്തിലെ അപമാനങ്ങള്‍ ക്ഷമാപൂര്‍വ്വം കൈക്കൊണ്ടവരാണ് മുസ്‌ലിങ്ങള്‍. തന്റേടികളായ ആളുകള്‍ പ്രതികരിക്കാന്‍ ഇല്ലാഞ്ഞിട്ടാണോ. പാതിരാവിന്റെ മറവില്‍ മാര്‍ക്കറ്റില്‍ പോയി ബോംബ് വെയ്ക്കുന്ന നമ്മുടെ ഭീരുക്കളായ 'പോരാളികളെ' പോലെയുള്ളവരല്ല,പാഞ്ഞു വരുന്ന വന്യ മൃഗത്തെ നേര്‍ക്ക്‌ നേരെ നിന്ന് പോരാടുന്ന സയ്യിദു ശുഹദാ ഹംസ(റ) യെ പോലെയുള്ള,എത്ര വലിയവന്റെ മുന്നിലും പോയി സധൈര്യം അടരാടാന്‍ കെല്‍പ്പുള്ള ഉമര്‍(റ)യെ പോലെയുള്ള,മുഅത്ത യുദ്ധത്തില്‍ ഏറ്റ മുറിവുകളെല്ലാം ശരീരത്തിന്റെ മുന്‍ഭാഗത്ത്‌ മാത്രമായി ഏറ്റുവാങ്ങി വീരരക്ത സാക്ഷിയായ ജഅഫര്‍(റ) യെ പോലെയുള്ള ചുണക്കുട്ടികള്‍ കൂടെയുള്ള റസൂല്‍(സ)ക്ക് ‍ഇവരില്‍ ആരെയെങ്കിലെയും വിട്ട് അബൂജഹലിന്റെ കൈ വെട്ടിയെടുത്തു കൊണ്ട് വരാന്‍ പറഞ്ഞാല്‍,നിമിഷങ്ങള്‍ക്കകം അത് നടപ്പിലാകുമെന്ന് ഒരാള്‍ക്കും സംശയം ഉണ്ടാവില്ല. വെറുതെയല്ല റസൂല്‍(സ)യെ അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്ത കാരണം തന്നെ ധാരാളം.പക്ഷെ അങ്ങിനെയുണ്ടായോ?ഇല്ല തന്നെ. കാരണം അവിടെ ക്ഷമയും സൂക്ഷ്മതയും പാലിച്ചു കൊണ്ട് അവര്‍ യഥാര്‍ത്ഥ മുസ്‌ലിങ്ങളായി മാറി.

ഇനി അല്ലാഹുവിന്റെ പ്രാവചകന്‍(സ)യെ അപമാനിച്ചത് ഒരു മാഷ്‌ എന്നല്ല ഒരു മാര്‍ജ്ജാരന്‍ തന്നെ ആയാലും ശിക്ഷ നടപ്പാക്കാന്‍ ഒരു വ്യക്തിക്ക് അധികാരമില്ല.അവന്‍ ജീവിക്കുന്നത് ഒരു ഇസ്‌ലാമിക രാജ്യത്തില്‍ ആണെങ്കില്‍ കൂടി. അത് നടപ്പാക്കേണ്ടത് അതിന് ഉത്തരവാദപ്പെട്ടവരാണ്. ഇസ്‌ലാമിക ശരീഅത്ത് നില നില്‍ക്കുന്ന ഒരു രാജ്യത്ത് ജീവിക്കുന്ന എന്റെ മകനോ മകളോ വ്യഭിച്ചരിക്കുന്നത് ഞാന്‍ കണ്ടാല്‍ പോലും അവരെ എറിഞ്ഞു കൊല്ലാനോ,എന്റെ ധനം അപഹരിച്ചവന്റെ കൈ മുറിക്കുവാനോ എനിക്ക് അവകാശമില്ല എന്നിരിക്കെ മുസ്‌ലിങ്ങള്‍ ന്യൂനപക്ഷമായ ഒരു നാട്ടില്‍ ഒരു മുസ്‌ലിം എങ്ങിനെ ശിക്ഷാനടപടികള്‍ നടപ്പാക്കും. ആളുകളെല്ലാം അവരുടെ ഇഷ്ടപ്രകാരം ശിക്ഷയും വിധിയും നടപ്പിലാക്കിയാല്‍ പിന്നെ നാട്ടില്‍ അരാജകത്വമേ ഉണ്ടാവൂ. പ്രതികാരത്തേക്കാളും വിട്ടുവീഴ്ച്ചക്കാണ് ഖുര്‍ആന്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. ‍പരിഹാസങ്ങള്‍ ഒരുപാട് കേള്‍ക്കേണ്ടി വരും,അപ്പോഴെല്ലാം ക്ഷമ കാണിക്കുക എന്ന ഖുര്‍ആന്‍ വചനം മറക്കാതിരിക്കുക

ആളുകള്‍ ചോദിക്കും ക്ഷമയ്ക്ക് ഒരു അതിരില്ലേ എന്ന്? മക്കാ ജീവിതത്തില്‍ വിഷമങ്ങള്‍ അനുഭവിച്ചപ്പോള്‍ സഹാബികള്‍ റസൂല്‍(സ)യോട് പരാതി പറയുന്ന ഒരു രംഗമുണ്ട് ചരിത്രത്തില്‍ . പണ്ട്, മുസ്‌ലിമായതിന്റെ പേരില്‍ മാത്രം ‍വാളു കൊണ്ട് തല അറുക്കപ്പെട്ട അനുഭവം മുന്‍ഗാമികള്‍ക്ക് ഉണ്ടായിട്ടുണ്ട്. അത്രയ്ക്ക് വല്ലതും നിങ്ങള്‍ അനുഭവിച്ചിട്ടില്ലെങ്കില്‍ ക്ഷമിച്ചു കൊണ്ട് സൂക്ഷ്മത പാലിക്കൂ എന്ന് പറഞ്ഞു പ്രവാചകന്‍(സ) അവരെ മടക്കി അയക്കുകയുണ്ടായി.
നമുക്ക് മറ്റൊരു വശം കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട് .മഹാനായ ഈ പ്രവാചകനെ നിന്ദിക്കുക എന്നത് ഒരു ചെറിയ കാര്യമാണോ?പടച്ചവനാണേ സത്യം അതൊരു നിസ്സാര കുറ്റമല്ല. ലോക മുസ്‌ലിങ്ങള്‍ തങ്ങളുടെ ജീവനേക്കാളും ഇഷ്ടപ്പെടുന്ന ആ സ്നേഹ ഗുരുവിന് ഒരു ചെറിയ അപമാന ക്ഷതം പോലും താങ്ങാന്‍ മുസ്‌ലിങ്ങള്‍ക്ക് ആവില്ല തന്നെ.അങ്ങിനെയുള്ള തെറ്റുകള്‍ ഒരു കാരണവശാലും ന്യായീകരിക്കാന്‍ പറ്റുന്നതല്ല.എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.പക്ഷെ എങ്ങിനെ ? അവിടെയാണ് നമുക്ക് ഈ ലോക ഗുരുവില്‍ മാതൃകയുള്ളത്. എതിര്‍ക്കേണ്ടതും പ്രതികരിക്കേണ്ടതും ഈ മഹാന്‍ അവര്‍കള്‍ പഠിപ്പിച്ചത് പോലെ തന്നെയായിരിക്കണം എന്ന് മാത്രം .
ഇപ്പോള്‍ പ്രവാചകന്‍(സ) ജീവിച്ചിരിക്കുന്നുണ്ട് എന്ന് വിചാരിക്കുക.ഇത്തരത്തില്‍ പ്രവാചകനെ(സ) ആക്ഷേപിച്ച ഒരു വ്യക്തിയോട് എന്തായിരിക്കും പ്രാവാചകന്റെ പ്രതികരണം. അയാളുടെ കൈ വെട്ടാന്‍ പറയുമോ പ്രവാചകന്‍? ഇല്ല ഒരിക്കലുമില്ല. പണ്ട് ഉഹുദ് യുദ്ധാനന്തരം പ്രവാചകനെ കളിയാക്കി കൊണ്ട് ഖാലിദ് ബിന്‍ വലീദും അബൂ സുഫിയാനും പ്രവാചകനെ(സ) കളിയാക്കുന്നുണ്ട്. പക്ഷെ പ്രവാചകന്‍(സ) നിശബ്ദനാവുകയാണ് ചെയ്തത്. എന്നാല്‍ ഞങ്ങളുടെ ഹുബുലാ ദേവിയാണ് ഈ യുദ്ധത്തിലെ ജയത്തിനു കാരണമെന്നും ഞങ്ങള്‍ക്ക് ഹുബുലാ ദേവി രക്ഷയ്ക്ക് ഉണ്ട് എന്നും നിങ്ങള്‍ക്ക് അതില്ല എന്നും പറഞ്ഞപ്പോള്‍,അഥവാ ആദര്‍ശത്തെ തൊട്ടു കളിച്ചപ്പോള്‍ പ്രവാചകന്‍(സ) പ്രതികരിക്കാന്‍ പറയുകയുണ്ടായി. "അല്ലാഹു മൗലാനാ വലാ മൗലാ ലക്കും" (ഞങ്ങളുടെ രക്ഷയ്ക്ക് അല്ലഹുവുണ്ട് നിങ്ങള്‍ക്കതില്ല.) ഇവിടെ വ്യക്തിപരമായ കളിയാക്കലില്‍ പ്രവാചകന്‍(സ) നിശബ്ദനായത് പ്രത്യേകം ശ്രദ്ധിക്കുക. അദ്ദേഹത്തിന്റെ 23 വര്‍ഷത്തെ ജീവിതം നമുക്ക് മുന്നിലുണ്ട്. ക്ഷമാ പൂര്‍ണ്ണമായ പ്രതികരണങ്ങളേ അധികവും കാണാന്‍ കഴിയുകയുള്ളൂ.

തെറ്റിനെ തെറ്റ് കൊണ്ട് നേരിടുന്ന എന്റെ പ്രിയ സഹോദരന്മാരെ ഒന്നാലോചിക്കുക. സ്വര്‍ഗ്ഗം ലഭിക്കാന്‍ വേണ്ടിയാണോ നിങ്ങള്‍ ഇത് ചെയ്യുന്നത്.എന്നാല്‍ അറിയുക. ആ സ്വര്‍ഗ്ഗത്തിന്റെ മണം പോലും ഇത്തരക്കാര്‍ക്ക് ലഭിക്കില്ല എന്ന് പറഞ്ഞ ആ പ്രവാചകന്‍(സ)യുടെ വാക്ക് ഓര്‍മ്മിക്കുക. അദ്ധേഹത്തെ അനുസരിച്ച് കൊണ്ടാണ് പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടത്. അല്ലാതെ ധിക്കരിച്ചു കൊണ്ടല്ല. ഈ നാട്ടില്‍ ഒരു നിയമ സംഹിതയുണ്ട്. എല്ലാവര്‍ക്കും തുല്യ മത സ്വാതത്ര്യം വിഭാവനം ചെയ്യുന്നുമുണ്ട് . അത് നിഷേധിക്കപ്പെടുമ്പോള്‍ നേരിടാന്‍ അതിന്റേതായ സംവിധാനങ്ങളുമുണ്ട് . നിയമം കയ്യിലെടുക്കാതെ ഭരണകൂടത്തിന് വിധേയനായി ജീവിക്കാന്‍ ഇതൊരു പ്രേരകമാവട്ടെ.


ഞായറാഴ്‌ച, ഓഗസ്റ്റ് 29 by Noushad Vadakkel · 0അഭിപ്രായങ്ങള്‍

ബുധനാഴ്‌ച, ഓഗസ്റ്റ് 25

MLM-മണിചെയ്ൻ --ഇസ്ലാമിക വിധി




സൌദി അറേബ്യയിലെ ഇസ്ലാമിക ഫത്വാ ബോര്‍ഡ് 22935-ാം നമ്പര്‍ ഫത്വയായി 14/3/1425നു പ്രസിദ്ധീകരിച്ചതിന്റെ സംക്ഷിപ്ത പരിഭാഷ


ചോദ്യം:

അറിയപ്പെടുന്ന കമ്പനികള്‍ കച്ചവടരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന (മണീ ചെയ്ന്‍) വ്യാപാര ശൃംഖലയില്‍ പങ്കാളികളാകുന്നതിന്റെ ഇസ്ലാമിക വിധി എന്ത് ?

--------------------------------------------------------------------------------

ഉത്തരം അന്യായമായ രൂപത്തില്‍ ജനങ്ങളുടെ പണം സ്വരൂപിക്കാനായി കമ്പനികള്‍ നടപ്പില്‍വരുത്തുന്ന ഇത്തരം ബിസിനസ്സില്‍ പങ്കാളികളാകാന്‍ പല കാരണങ്ങളാല്‍ പാടില്ല. വഞ്ചനയും ചതിയും തട്ടിപ്പും ഇതില്‍ ഉള്‍ക്കൊള്ളുന്നു. മാത്രമല്ല, സാക്ഷാല്‍ പലിശതന്നെയാണ് ഈ ഇടപാടിലൂടെ സ്വന്തമാക്കുന്നത്.


ബര്‍നാസ്, ഹിബത്തുല്‍ ജസീറ പോലുള്ള പ്രസിദ്ധ കച്ചവടക്കമ്പനികള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വേഗത്തില്‍ വിറ്റഴിക്കാനായി തയ്യാര്‍ ചെയ്ത പദ്ധതിയാണ് മണീ ചെയ്ന്‍ എന്ന ആശയം. തങ്ങളുടെ ഉല്‍പന്നങ്ങള്‍ ആദ്യമായി വാങ്ങുന്ന വ്യക്തി അതിന്റെ ഗുണഗണങ്ങള്‍ പറഞ്ഞ് മറ്റുള്ളവരെയും പ്രസ്തുത ഉല്‍പന്നം വാങ്ങാന്‍ പ്രേരിപ്പിക്കുക. അങ്ങിനെ വാങ്ങുന്ന ഓരോ വ്യക്തിയും കൂടുതല്‍ ആളുകളെക്കൊണ്ട് ആ ഉല്‍പന്നം വാങ്ങാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു.


കമ്പനികളില്‍നിന്ന് തങ്ങളുടെ ഉല്‍പന്നം വിറ്റഴിയുമ്പോഴെല്ലാം ആദ്യമായി പ്രസ്തുത വസ്തു വാങ്ങിയ വ്യക്തിക്ക് പ്രോത്സാഹനമായി പാരിതോഷികം ലഭിക്കുന്നു. പിന്നീട് ആ വ്യക്തിയുടെ പ്രേരണയാല്‍ കമ്പനിയുടെ ഉല്‍പന്നം ആരൊക്കെ വാങ്ങുകയും അവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നുവോ അതിനനുസരിച്ച് ആദ്യത്തെ വ്യക്തിക്ക് വലിയ തുക പാരിദോഷികമായി കമ്പനി നല്‍കിക്കൊണ്ടിരിക്കുന്നു. ഇപ്രകാരം ഓരോ ഉപഭോക്താവും മറ്റുള്ളവരെ സാധനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന രീതിയാണ് മണീചെയിന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ഇടപാടുകള്‍ ഹറാം (നിഷിദ്ധം) തന്നെയാണ്. ഒരു തരത്തിലുള്ള പ്രലോഭനമാണിത്. ഉല്‍പന്നങ്ങളുടെ വിലയോ ലാഭമോ അല്ല മറിച്ച്, അതിന്റെ വിലയെക്കാള്‍ എത്രയോ മടങ്ങ് വലിയ തുകയാണ് നേടാന്‍ സാധിക്കുന്നത്. ഈ രണ്ടു കാര്യങ്ങളും ഒരാളുടെ മുമ്പില്‍ സമര്‍പ്പിക്കുന്നുവെങ്കില്‍ ബുദ്ധിയുള്ളവര്‍ രണ്ടാമതു പറഞ്ഞത് തന്നെയാണ് തെരഞ്ഞെടുക്കുക. അതിനാല്‍ തന്നെ ഉപഭോക്താവിന്റെ മുമ്പില്‍ ഈ വലിയ തുക പറഞ്ഞു പ്രലോഭിപ്പിച്ചും തങ്ങളുടെ ഉല്‍പന്നം ചെലവഴിക്കാനുള്ള പരസ്യം നല്‍കിയുമാണ് കമ്പനികള്‍ ഇപ്രകാരം ചെയ്തുകൊണ്ടിരിക്കുന്നത്. ഉല്‍പന്നങ്ങളുടെ തുഛവിലയും, അതിലൂടെ സംഭരിക്കാവുന്ന ഭീമമായ ലാഭവും പറഞ്ഞ് ഉപഭോക്താക്കളെ കമ്പനികള്‍ വഞ്ചിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍തന്നെ ഈ വഞ്ചനാത്മകമായ രീതി ഇസ്ലാം നിഷിദ്ധമാക്കുന്നു. അതിന് പലകാരണങ്ങളുമുണ്ട്:


ഒന്ന് - ഒരു തരം പലിശയുടെ മാര്‍ഗ്ഗമാണത്: കാരണം തുഛമായ പണം മുടക്കി ഭീമമായ പണം സ്വരൂപിക്കുന്നു. ഇത് മതപരമായി ഖണ്ഡിതമായ തെളിവുകളാലും പണ്ഡിത•ാരുടെ ഇജ്മാഇനാലും (ഏകോപിച്ച അഭിപ്രായം) നിഷിദ്ധമാണ്. കമ്പനികള്‍ തങ്ങളുടെ തുഛമായ ഉല്‍പന്നങ്ങളെ അതിനുള്ള മറയായി സ്വീകരിക്കുന്നു എന്നുമാത്രം.


രണ്ട് - ഉപഭോക്താക്കളെ വഞ്ചിക്കുന്നു: ഇത് ഇസ്ലാം അനുവദിക്കുന്നില്ല. കാരണം, ഉപഭോക്താക്കള്‍ക്ക് നിശ്ചയിക്കപ്പെട്ട അത്ര ആളുകളെക്കൊണ്ട് കമ്പനിയുടെ ഉല്‍പ ന്നം വാങ്ങിക്കുവാന്‍ കഴിയുമോ എന്ന് അയാള്‍ക്കറിയില്ല. അപ്രകാരംതന്നെ എത്രമാത്രം ആളുകള്‍ സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന കൃത്യമായ കണക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയുമില്ല. അതിനാല്‍ നിശ്ചയിക്കപ്പെട്ട പരമാവധി സംഖ്യക്ക് താന്‍ അര്‍ഹനായിരിക്കുന്നുവോ, അതല്ല, ഏറ്റവും ചെറിയ തുകക്കുള്ള അര്‍ഹതയാണോ നേടിയിട്ടുള്ളത് എന്നും അയാള്‍ക്ക് കൃത്യമായി വിവരം ലഭ്യമല്ല. അതും ഒരു രീതിയില്‍ വഞ്ചനതന്നെയാണ്. മാത്രമല്ല, ഈ ബിസിനസില്‍ പങ്കെടുക്കുന്നവരില്‍ അധികവും പരാജിതരുമാണ്. ഇങ്ങനെയുള്ള വഞ്ചനയെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് മുസ്ലിമിലെ ചില ഹദീസുകളില്‍ നിന്നും മനസിലാക്കാം.


മൂന്ന് - ഈ സംരംഭത്തിലൂടെ ആളുകളുടെ സ്വത്ത് അന്യായമായി സ്വായത്തുമാക്കുകയാണ് കമ്പനികള്‍ ചെയ്യുന്നത് . ഇത് ഖുര്‍ആന്‍ വിലക്കിയിട്ടുണ്ട്. അല്ലാഹു പറഞ്ഞിരിക്കുന്നു:


يَا أَيُّهَا الَّذِينَ آمَنُواْ لاَ تَأْكُلُواْ أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ) سورة النساء 29)
“സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം നിങ്ങള്‍ക്കിടയിലൂടെ സ്വത്ത് അന്യായമായി ഭക്ഷിക്കരുത്” (അന്നിസാഅ് 29)


നാല് - കമ്പനിയുടെ ഉല്‍പനങ്ങള്‍ പ്രത്യക്ഷത്തില്‍ കാണിച്ചുകൊണ്ടു ജനങ്ങളെ വഞ്ചിക്കുകയും പൂഴ്ത്തിവെപ്പു നടത്തുകയും ചതിക്കുകയുമാണ് ഈ കച്ചവടത്തിലൂടെ നടക്കുന്നത്.


പലപ്പോഴും സാക്ഷാല്‍കരിക്കപ്പെടാത്ത ഭീമമായ തുകയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഇസ്ലാം നിരോധിച്ചിരിക്കുന്നു. നബി() പറഞ്ഞിരിക്കുന്നു: من غش فليس مني “ആരെങ്കിലും ചതിക്കുന്നുവെങ്കില്‍ അവന്‍ എന്നില്‍ പെട്ടവനല്ല.” (മുസ്ലിം)


കച്ചവടത്തില്‍ കച്ചവടക്കാരനും ഉപഭോക്താവും പരസ്പരം സംതൃപ്തരാകേണ്ടതുണ്ട്. നബി() പറഞ്ഞിരിക്കുന്നു: البيعان بالخيار ما لم يفترقا فإن صدقا وبينا بورك لهما في بيعهما وإن كتما وكذبا محقت البركة من بيعهما “കച്ചവടത്തില്‍ സത്യസന്ധത പുലര്‍ത്തുകയും കാര്യങ്ങള്‍ ശരിയായി വിവരിക്കുകയും ചെയ്യുമങ്കില്‍ ആ കച്ചവടത്തില്‍ അവര്‍ ഇരുവര്‍ക്കും അനുഗ്രഹം ചൊരിയപ്പെടും. എന്നാല്‍ കളവു പറയുകയും ഉള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുന്നുവെങ്കില്‍ കച്ചവടത്തിലെ അനുഗ്രഹം തടയപ്പെടും.” ( ബുഖാരി, മുസ്ലിം)


ഇതിനെക്കുറിച്ചു മറ്റൊരു രീതിയില്‍ പറയപ്പെടാറുള്ളത് കച്ചവടത്തിന് ഇടയില്‍ നില്‍ക്കുന്ന ബ്രോക്കര്‍ എന്ന നിലയിലാണ് പണം കൈപറ്റുന്നത് എന്നാണ്.


അത് ശരിയല്ല. ഉപഭോക്താവിനും കമ്പനിക്കുമിടയില്‍ കച്ചവടം നടന്നു കഴിഞ്ഞാലുടന്‍ നിശ്ചയിക്കപ്പെട്ട തുക ഇടനിലക്കാരന് ലഭിക്കുന്ന പതിവുണ്ട് . എന്നാല്‍ ഈ രീതിയില്‍ ഉപഭോക്താവ് പണം നല്‍കി കമ്പനി ഉല്‍പന്നങ്ങള്‍ വാങ്ങിയിരിക്കണം. മാത്രമല്ല മറ്റു ഉപഭോക്താക്കളുടെ ശൃംഖലയും അദ്ദേഹം ഉണ്ടാക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഒരു ഇടനിലക്കാരന്റെ റോളല്ല ഈ ശ്യംഖലയില്‍ കണ്ണിയാവുന്നവരുടേത് എന്ന കാര്യം വളരെ വ്യക്തമാണ്.


മറ്റൊരു വാദം പറയാറുള്ളത് കേവലം (ഗിഫ്റ്റ്) ഉപഹാരമായി ലഭിക്കുന്ന പണമാണിതെന്നാകുന്നു എന്നാണ്.


എന്നാല്‍ ആ വാദവും നിരര്‍ത്ഥകമാണ്. കാരണം, എല്ലാ ഉപഹാരവും അനുവദനീയമാവുകയില്ല എന്ന് നബി () പറഞ്ഞിട്ടുണ്ട്. പണം കടം തന്നവര്‍ക്ക് ഉപഹാരം നല്‍കല്‍ പലിശയാകും എന്നതിനാല്‍ അത് വിലക്കപ്പെട്ടിരിക്കുന്നു. അബ്ദുല്ല ഇബ്നു അബീ ബുര്‍ദയോട് നബി () പറഞ്ഞു: “പലിശ സര്‍വ്വത്ര വ്യാപിച്ച ഒരു നാട്ടിലാണ് താങ്കള്‍ ജീവിക്കുന്നത്. അവിടെ താങ്കള്‍ക്ക് ആരെങ്കിലുമായി കടമിടപാടുണ്ടാവുകയും അയാള്‍ വല്ല ഗോതമ്പോ, ചോളമോ, പാല്‍കട്ടിയോ ഉപഹാരമായി താങ്കള്‍ക്ക് നല്‍കുകയും ചെയ്യുന്നുവെങ്കില്‍ സൂക്ഷിക്കണം. അത് പലിശയാണ്.”


ഉപഹാരങ്ങളെ വിലയിരുത്തേണ്ടത് അതിനുള്ള പ്രേരകം എന്ത് എന്നു നോക്കിയിട്ടായിരിക്കണം. അതുകൊണ്ടാണ് നബി()യുടെ അടുത്തേക്ക് ഒരാള്‍ വന്നുകൊണ്ട് (ഇതില്‍ ഇന്നതെല്ലാം നിങ്ങള്‍ക്കുള്ളതാണെന്നും ഇന്നതല്ലാം എനിക്ക് കിട്ടിയ ഉപഹാരമാണെന്നും പറഞ്ഞപ്പോള്‍ നബി () അദ്ദേഹത്തോട് “നീ നിന്റെ ഉമ്മയുടെയും വാപ്പയുടെയും വീട്ടില്‍ ഇരുന്നിരുന്നുവെങ്കില്‍ ഇത് താങ്കള്‍ക്ക് ഉപഹാരമായി കിട്ടുമായിരുന്നോ? എന്നു ചോദിക്കുകയുണ്ടായത്.” (ബുഖാരി, മുസ്ലിം)


മുകളില്‍ പരാമര്‍ശിക്കപ്പെട്ട കാര്യം ഏതുപേരില്‍ അറിയപ്പെട്ടാലും ശരി, അത് നിഷിദ്ധമാണ്. 

ബുധനാഴ്‌ച, ഓഗസ്റ്റ് 25 by Noushad Vadakkel · 1

തിങ്കളാഴ്‌ച, ഓഗസ്റ്റ് 16

മിമ്പറില്‍ കേട്ടത്- 2 : വിശ്വാസിയുടെ റമദാന്‍

വിശുദ്ധ റമദാനിന്റെ ആദ്യത്തെ വെള്ളിയാഴ്ച... ഈ ഖുത്ബ പള്ളിയുടെ പുറത്ത്‌ നിന്ന് കേട്ടതാണ്... പലതും അവ്യക്തമായാണ് കേട്ടത്..വല്ല തിന്മയും ഉണ്ടെങ്കില്‍ എന്റെ കേള്‍വിയുടെ പരിമിതി ആയി കാണണം എന്നപേക്ഷിച് ഞാന്‍ നിങ്ങളുടെ വായനക്കായി ഖുത്ബ ചുവടെ കുറിക്കുന്നു...

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ ഹിജ്റ 1431 ലെ റമദാനിനു സാക്ഷികലായിരിക്കുകയാണ്. ഇതൊരു മഹത്തായ അനുഗ്രഹമാണ്. ഭാഗ്യം നല്‍കിയതിനു അവനു നന്ദി ചെയ്യുകയും സ്തുടിക്കുകയും ചെയ്യാന്‍ നാം കടപ്പെട്ടവരാണ്.. റമദാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നാം ഏറെ കേട്ടതും മനസ്സിലാക്കിയതുമാണ്. ചില ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രം നടത്തുകയാണ്. അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹം, റമദാനില്‍ ജീവിക്കാന്‍ ഭാഗ്യം ലഭിച്ചു എന്ന മഹത്തായ അനുഗ്രഹം, അനുഗ്രഹത്തിന് നന്ദി കാണിക്കാന്‍ നാം ബാദ്ധ്യസ്ഥരാണെന്ന ബോധത്തോടെ ജീവിക്കുക. മാസം നമുക്ക്‌ നല്‍കുന്ന നന്മകളും മൂല്യങ്ങളും ഇവിടുന്നങ്ങോട്ടുള്ള ജീവിതത്തില്‍ പുലര്‍ത്തി പോകാന്‍ നാം പരിശ്രമിക്കണം. മനുഷ്യനെ അള്ളാഹു ബഹുമാനിച്ചത് തന്നെ ഇത്തരത്തില്‍ നന്മകളും മൂല്യങ്ങളും ജീവിതത്തില്‍ പുലര്തിപോരല്‍ നിര്‍ബന്ധമാക്കി കൊണ്ടാണ്.

നോമ്പിനെ കുറിച്ച് പറഞ്ഞിടത്ത് നബി() കേവലം ഒരു ആരാധന എന്ന നിലക്കല്ല പറഞ്ഞത്‌. മറിച്ച്  
"നോമ്പ് ഒരു പരിചയാണ്" 
എന്നാണ്. പരിച നിര്‍വ്വഹിക്കുന്ന ധര്‍മ്മം എന്താണെന്ന് നമുക്കറിയാം. ഏതൊരു വെട്ടില്‍ നിന്നും അക്രമങ്ങളും തടുക്കാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം. നമുക്ക്‌ ഒരു തരത്തിലുള്ള വെട്ടും കുത്തും എല്കാതിരിക്കാനുള്ള ഒരു പരിചയായി നാം നോമ്പിനെ കാണണമെന്നര്തം. ചീത്ത വിളിക്കാന്‍ വരുന്നവനോട്, പഴി പറയാന്‍ വരുന്നവനോട്, വിനോടങ്ങളിലെക്ക് ക്ഷണിക്കുന്നവനോട് ഞാന്‍ ഒരു നോമ്പ് കാരനാണ് എന്ന് പറയാന്‍ നമുക്ക് കഴിയണം..അതാണ്‌ ഒന്നാമതായി നമുക്കുണ്ടാവേണ്ടാത്. ഒരു കാരണവശാലും കൂടെക്കൂടികളാകാന്‍ നമുക്ക്‌ പാടില്ല എന്നര്‍ത്ഥം. നമുക്ക്‌ ചുറ്റും നമ്മെ കുഴപ്പതിലും ദുര്‍മാര്‍ഗതിലുമാക്കാന്‍ എമ്പാടും പണികള്‍ നടന്നു കൊണ്ടിരിക്കുന്നു. പണികളെ തിരിച്ചറിഞ്ഞു അതില്‍ നിന്നും മാറി നിന്ന് നോമ്പുകാരെനെന്ന ഐഡന്റിറ്റി കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.


രണ്ടാമതായി, നമുക്കറിയാം വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസമാണ് റമദാന്‍. അതാണ് നാം ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഖുര്‍ആനെ കുറിച്ചുള്ള സ്മരണയും അതുമായ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നാം വര്‍ദ്ധിപ്പിക്കണം
"റമദാന്‍ മാസം, അത് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ്".. 
അത് പാരായണം ചെയ്യണം..പഠിക്കണം, മനസ്സിലാക്കണം, അതിന്‍റെ ആഴങ്ങളിലെക്കിറങ്ങി ചെല്ലണം, അതിലുള്ള മുത്തുകള്‍ വാരിയെടുക്കണം, അതണിയണം, അഥവാ ജീവിതം ഖുര്‍ആനാക്കണം..ഇതാണ് ഖുര്‍ആനുമായി ബന്ധപ്പെടു നമുക്ക്‌ ചെയ്യാനുള്ളത്.

."ജനങ്ങളില്‍ ഏറ്റവും ഔദാര്യവാനായിരുന്നു മുഹമ്മദ്‌ നബി(). ജിബ്രീല്‍ നബി() യെ കണ്ടു മുട്ടുന്ന സമയത്തായിരുന്നു നബി() ഏറ്റവും കൂടുതല്‍ ഔദാര്യം കാണിച്ചിരുന്നത്. റമദാനിലെ എല്ലാ രാത്രികളിലും ജിബ്രീല്‍ നബി() അടുത്ത് വരും. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും പസ്പരം ഖുര്‍ആനോതും. ഔദാര്യത്തിനു വീശി അടിക്കുന്ന കാറ്റിനെക്കാള്‍ വേഗത ഉണ്ടായിരുന്നു.." 

ഇതില്‍ നിന്ന് രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കുക.. ഖുര്‍ആനോതുക, പഠിപ്പിക്കുക.. കാര്യത്തില്‍ ഔദാര്യം കാണിക്കുക..

ഖുര്‍ആനൊരു വെളിച്ചമാണ്..അതുമായി നാംരുട്ടിലൂടെ നടക്കണം..അതുപയോഗിച് ലോകത്തെ മുഴുവന്‍ ഇരുട്ടുകല്കും വെളിച്ചം പകരാന്‍ നമുക്ക്‌ കഴിയണം..അല്ലാഹു അതിനു നമ്മെ അനുഗ്രഹിക്കട്ടെ..ലോകമാകമാനം ഇരുട്ടിലാണ്..ഖുര്‍ആന്‍ പടിപ്പിചില്ലേ?  
"ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്‌ സമൂഹത്തെ നയിക്കാന്‍ തന്കള്‍ക്കവതരിപ്പിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍"... 
വിശ്വാസികളെ വെളിച്ചം നാം സ്വയം നമുക്ക്‌ വേണ്ടി പ്രകാശിപ്പിക്കുക..പിന്നെ മറ്റുള്ളവര്‍ക്ക് വേണ്ടിയും പ്രകാശിപ്പിക്കുക..അത് നമ്മുടെ ബാധ്യതയാണ്..അള്ളാഹു അനുഗ്രഹിക്കട്ടെ!


മൂന്നാമതായി മനസ്സിലാക്കുക..നമ്മള്‍ ശുപാര്‍ര്‍ശക്കാരെ തിരയുന്നവരാണ്..ഒരു ജോലി വേണം..റെക്കമണ്ട് ചെയ്യാന്‍ ആളുണ്ടെങ്കില്‍ നമുക്കത് കിട്ടും.. നാം അതിനു ആളെ തേടി പോകുന്നവരാണ്..എന്നാല്‍ മനസ്സിലാക്കുക, ആരാരും ശുപാര്‍ശ നടത്താനില്ലാത്ത ഒരു ദിവസത്തെ സ്വീകരിക്കാനും അതിനു സാക്ഷികളാകാനും ഭാഗവാകുകളാകാനും വിചാരണക്ക് മുന്‍പില്‍ അവിടുത്തെ യഥാര്‍ത്ഥ ജഡ്ജിയായ പടച്ച തന്പുരാന്റെ നില്കാനും ബാദ്ധ്യത ഉള്ളവരാണ് നാം..നബി() പഠിപ്പിക്കുന്നു.
"ഉയിര്തെഴുനെല്പ്പു നാളില്‍ ശുപാര്‍ശ പറയാന്‍ ആളില്ലാത്ത സമയത്ത് നോമ്പും ഖുര്‍ആനും വിശ്വാസിക്ക് ശുപാര്‍ശ പറയും. നോമ്പ്‌ പറയുകയാണ്‌ അല്ലയോ റബ്ബേ ഈ മനുഷ്യന് പകല്‍ സമയത്ത് അവന്‍റെ ഭക്ഷണത്തെയും ഇച്ചകളെയും തടഞ്ഞവാനാണ് ഞാന്‍. അത് കൊണ്ട് നാഥാ എന്നെ ഈ മനുഷ്യനു ശുപാര്‍ശക്കാരനാക്കണേ..ഖുര്‍ആന്‍ പറയും നാഥാ രാത്രി മുഴുവന്‍ എന്നെ പാരായണം ചെയ്തു ഈ മനുഷ്യന്‍ നിന്ന് നമസ്കരിക്കുകയായിരുന്നു. എന്നെ പാരായണം ചെയ്യുകയായിരുന്നു. അത് കൊണ്ട് ഈ മനുഷ്യന്റെ വിഷയത്തില്‍ എന്നെ നീ ശുപാര്‍ശക്കാരനാക്കേണമേ.."

ഖുര്‍ആനും നോമ്പും ശുപാര്‍ശ പറയുന്ന ആളുകളുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഉള്പെടുതുമാരാകട്ടെ..

സഹോദരങ്ങളെ റമദാന്‍ വിശ്വാസിക്ക് ഒരു സീസണാണ്..സീസണ്‍ കച്ചവടം നടത്തുന്ന ഒരു കച്ചവടക്കാരന്‍ സീസണ്‍ ആകുമ്പോഴേക്ക് ഒരുങ്ങി കച്ചവടം നടത്തുന്നത് പോലെ..റമദാന്‍ ഫെസ്റ്റിവല്‍ ഉപയോഗപ്പെടുത്തണം..നോമ്പുകാരന്റെ പ്രത്യേകതയായി നബി(സ) പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളും നാം പാലിക്കണം. ദുആ ചെയ്യുക..നോമ്പ്‌ തുറക്കുംപോഴുള്ള ദുആ, അല്ലാഹു ഉത്തരം ലഭിക്കാന്‍ സാധ്യത ഉള്ള സമയം..നോമ്പിന്റെ ഭാഗമായി നബി(സ) പഠിപ്പിച്ചതും അലാതതുമായ മുഴുവന്‍ നന്മകളും നാം പാലിക്കണം..

നബി പറഞ്ഞു.. 
"സ്വര്‍ഗത്തിന് റയാന്‍ എന്ന ഒരു വാതിലുണ്ട്..നോമ്പുകാര്‍ക്ക് വേണ്ടിയുള്ള വാതില്‍..ആര്‍ക്കെങ്കിലും അതിലൂടെ കടക്കാന്‍ ഭാഗ്യം ലഭിച്ചാല്‍ അവനു പിന്നെ ദാഹിക്കുകയെ ഇല്ല" 

ആ വാതിലിലൂടെ സ്വര്‍ഗത്തില്‍ കടക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ..

സഹോദങ്ങളെ രണ്ടു കാര്യങ്ങള്‍ നിങ്ങളുടെ ഓര്‍മ്മക്കായി പറയട്ടെ...ഒന്നാമതെത്..തൌബ..അല്ലാഹുവിലെക്ക് നാം ചെയ്ത മുഴുവന്‍ തെറ്റുകളും എറ്റു പറഞ്ഞു മടങ്ങുക എന്നതാണ് തൌബ..അള്ളാഹു തൊവ്വാബാണ്..റമദാന്‍ അതിനുള്ള സമയമാണ്..പാഴാക്കരുത്...രണ്ടാമത്തേത്‌ മഗ്ഫിറത്താന്...തൊബയുടെ അനന്തരഫലമാണ് മഗ്ഫിരത്...നമ്മുടെ തിന്മകള്‍ അള്ളാഹു മറച്ചു വെക്കണം എന്ന ആഗ്രഹം നമുക്കില്ലേ..അതാണ്‌ മഗ്ഫിരത്..നമ്മുടെ പകല്‍ മാന്യത പുറത്ത്‌ വന്നാല്‍ നാം എന്തിനു നന്നു..അള്ളാഹു മഗ്ഫൂറാന്...തൊബയും മഗ്ഫിരത്തും സീകരിച്ചു അള്ളാഹു അനുഗ്രഹിക്കുന്നവരുടെ കൂടത്തില്‍ അവന്‍ നമ്മെ ഉള്പെടുതുമാരാവട്ടെ..

സഹോദരങ്ങളെ ക്ഷമ...മറക്കരുത്..നോമ്പെന്നാല്‍ ക്ഷമയാണ്..ഖുര്‍ആന്‍ പറഞ്ഞു.. 
"നിങ്ങള്‍ നമസ്കാരം കൊണ്ടും ക്ഷമ കൊണ്ടും സഹായം ചോദിക്കുക.." 

പണ്ഡിതന്മാര്‍ പറഞ്ഞു..ഈ പറഞ്ഞ ക്ഷമ നോമ്പാണ്..മൂന്നു തരം ക്ഷമ നാം ഈ നോമ്പിന്റെ ഭാഗമായി ശീലിക്കണം..ഒന്നാമതെത്..അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തിലുള്ള ക്ഷമ..അല്ലാഹു നിരോധിച്ച കാര്യങ്ങളില്‍ നിന്നു അകന്നു നില്കാനുള്ള ക്ഷമയാണ് രണ്ടാമതെത്‌... അല്ലാഹുവിന്റെ വേദനിപ്പിക്കുന്ന വിധിയോട്‌ ക്ഷമിക്കാന്‍ കഴിയലാണ് മൂന്നാമതെത്... ഇത് മൂന്നും നാം പാലിക്കണം...ഈ ക്ഷമ മുഴുവന്‍ നമുക്ക്‌ നന്മയായി രേഖപ്പെടുത്തും...അല്ലാഹു അത്തരത്തില്‍ നല്ല ആളുകളുടെ കൂട്ടത്തില്‍ നമ്മെ ഉള്പെടുതട്ടെ....

നാം റമദാനിന്റെ തുടക്കത്തിലാണ്..ഈ റമദാന്‍ നമുക്ക്‌ നഷ്ടത്തിന്റെ കണക്കുകള്‍ നിരത്തുന്ന ഒന്നായി മാറരുത്..സകലമാന തിന്മകളില്‍ നിന്നും മുക്തി നേടി നന്മയുടെ മുഴുവന്‍ വാതയനങ്ങളിലും കയറി ചെന്ന് ലാഭം കൊയ്യുന്ന ഒരു കച്ചവടം ആയി ഈ റമദാന്‍ മാറണം..നിങ്ങലോര്‍ക്കണം നമ്മോടൊപ്പം കഴിഞ്ഞ റമദാനില്‍ ഇരുന്ന കുറെ ആളുകള്‍ അല്ലാഹുവിനെ കണ്ടു മുട്ടിയവരാണ്..അള്ളാഹു നമ്മെ ബഹുമാനിചിരിക്കുന്നു...കര്‍മ്മങ്ങള്‍ അതികരിപ്പികുക...ഓരോ നമസ്കാരവും ഓരോ നോമ്പും അവസാനത്തേതാണ് എന്ന ചിന്തയില്‍ മുന്നേറണം...ഏഷണി പറയരുത്, പരദൂഷണം പറയരുത്, തഖ്‌വ ജീവിതത്തിന്റെ മുഖ്മുദ്രയാക്കുക..സഹോദരാ...ഒരു നിഴാലായി മരണം കൂടെ നടക്കുന്നുണ്ട്...വിനയാന്നിതനായി നടക്കുക..ജീവിക്കുക...ഈ റമദാന്‍ നേട്ടങ്ങള്‍ സമ്മാനിക്കുന്ന ഭാഗ്യവാന്മാരായ നോമ്പുകാരില്‍ അല്ലാഹു നമ്മെ ഉള്പെടുതുമാരാവട്ടെ...










തിങ്കളാഴ്‌ച, ഓഗസ്റ്റ് 16 by Unknown · 1

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP