ചൊവ്വാഴ്ച, മാർച്ച് 1
യുവാക്കള്‍ക്കിടയില്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ചിരുന്ന അബൂബക്കര്‍ കാരക്കുന്നിന്റെ വിയോഗം നമ്മെ ഏറെ വേദനിപ്പിക്കുന്നു.പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അബൂബക്കര്‍ കാരക്കുന്നിന്റെ വിയോഗം വലിയൊരു വിടവുതന്നെയാണ്. ആപല്‍ഘട്ടങ്ങളില്‍ പ്രാര്‍ഥിക്കാന്‍ വേണ്ടി പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ഥന ഇപ്രകാരമാണ്: ``അല്ലാഹുവേ ഈ പ്രതിസന്ധിയില്‍ ഞങ്ങള്‍ക്ക് ക്ഷമയും പ്രതിഫലവും പ്രദാനം ചെയ്യേണമേ, പകരമായി ഏറ്റവും ഉത്തമമായത് പ്രദാനം ചെയ്യേണമേ.''
കേരളത്തിലെ മതസംഘടനകളില്‍ ആദ്യത്തെ യുവജനസംഘടനയാണ് ഐ എസ് എം. അതിന്റെ ശക്തനായ അമരക്കാരനായിരുന്നു പണ്ഡിതനായ അബൂബക്കര്‍ കാരക്കുന്ന്. ഞാനും അദ്ദേഹവും തമ്മില്‍ പ്രായത്തില്‍ വ്യത്യാസം ഉള്ളതുകൊണ്ടു തന്നെ ഒരേ വേദിയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടായിട്ടില്ല. ഞാന്‍ പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച വര്‍ഷമാണ് അബൂബക്കറിന്റെ ജനനം. എന്നിരുന്നാലും അകലെ നിന്ന് അദ്ദേഹത്തിന്റെ കഴിവും പ്രാഗത്ഭ്യവും നേതൃപാടവവും വീക്ഷിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഴിവുകള്‍ എന്നെ ഏറെ ആകര്‍ഷിച്ചു. വിവിധോന്മുഖമായ കഴിവുകളുള്ള വ്യക്തിത്വം. പത്രപ്രവര്‍ത്തന രംഗത്തും രാഷ്‌ട്രീയ, സാമൂഹ്യ, ആതുരശുശ്രൂഷാ രംഗങ്ങളിലുമെല്ലാം അദ്ദേഹം നിറഞ്ഞുനിന്നു. മുസ്‌ലിം ചെറുപ്പക്കാര്‍ തീവ്രവാദത്തിലേക്ക് ചെന്നുചാടുന്ന സന്ദര്‍ഭമുണ്ടായപ്പോള്‍ ആ പ്രവണതയെ തടയിടാന്‍ വേണ്ടി ഐ എസ് എമ്മിന്റെ സംഘശക്തിയെ ഉപയോഗപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചു.
സംഘടനയെ പ്രവര്‍ത്തന നിരതമാക്കുന്നതില്‍ അസൂയാവഹമായ കഴിവായിരുന്നു അദ്ദേഹത്തിന്റേത്. ഐ എസ് എമ്മിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ കൂടുതലായപ്പോള്‍ തങ്ങളെ പരിഗണിക്കുന്നില്ലായെന്ന തോന്നല്‍ സംഘടനയിലെ കാരണവന്മാര്‍ക്കുണ്ടായി. ഐ എസ് എമ്മിന്റെ ഫറോക്ക് സമ്മേളനത്തോടെ ഈ ധാരണ ശക്തിപ്രാപിക്കുകയും ചെയ്‌തു. ദുരുദ്ദേശ്യത്തോടെയായിരുന്നില്ല അത്. യുവസഹജമായ എടുത്തുചാട്ടം അതിലുണ്ടാവാം.
അത് മുതിര്‍ന്നവര്‍ക്ക് വേദനയുണ്ടാക്കിയെന്ന് തോന്നിയപ്പോള്‍ അദ്ദേഹവും അന്നത്തെ ഐ എസ് എം ജന. സെക്രട്ടറി മുസ്‌തഫ ഫാറൂഖിയും നേതാക്കളെ വീടുകളില്‍ ചെന്ന് കാണുകയുണ്ടായി. വിഷമകരമായി വല്ലതും ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അപാകതയുണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും നേതാക്കളെക്കണ്ട് ധരിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം പ്രസിഡന്റായ സന്ദര്‍ഭത്തിലാണ് കരുത്തുറ്റ യുവജനനിരയിലെ പ്രവര്‍ത്തക സമിതി അംഗങ്ങളെ പിരിച്ചുവിടുകയും പകരം അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്‌തത്. അതോടു കൂടിയാണ് സംഘടനയുടെ പിളര്‍പ്പ് വെളിപ്പെട്ടത്. അതില്‍ അഗാധ ദു:ഖിതരായ അദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും സമാശ്വസിപ്പിക്കാന്‍ ഞാനും കെ കെ മുഹമ്മദ് സുല്ലമിയുമെല്ലാം അവരെ സമീപിച്ചു. അതോടു കൂടിയാണ് ഞങ്ങള്‍ക്ക് അടുത്ത് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായത്. പിന്നീട് പലപ്പോഴും ഞങ്ങളൊരുമിച്ച് ഒരേ വേദിയില്‍ പ്രഭാഷകരായി ഉണ്ടായിട്ടുണ്ട്. രോഗശയ്യയിലായിരിക്കെ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോഴൊക്കെ അദ്ദേഹം കൂടുതലും സംസാരിച്ചത് സംഘടനയെപ്പറ്റിയായിരുന്നു. ഏതൊരു കാര്യത്തിലും പുരോഗമനപരമായ കാഴ്‌ചപ്പാട് പുലര്‍ത്തിയ ധിഷണാശാലിയായ പ്രതിഭയായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വേര്‍പാട് ഏറെ ദു:ഖിപ്പിക്കുന്നതാണ്.
അദ്ദേഹത്തെ അവസാനമായി ഐ എസ് എം പ്രസിഡന്റായി തെരഞ്ഞെടുക്കുമ്പോള്‍ അതിന് നേതൃത്വം നല്‌കാനുള്ള അവസരം എനിക്കാണുണ്ടായത്. ജോലിത്തിരക്ക് കാരണത്താല്‍ അദ്ദേഹത്തിന് ആ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നിട്ടും അദ്ദേഹത്തിന്റെ അഭാവത്തില്‍ ഐ എസ് എമ്മിന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കാന്‍ ഐക്യകണ്‌ഠേന തീരുമാനമുണ്ടായി. അവസാനമായി ഒരു വലിയ സ്ഥാപനത്തിനു വേണ്ടി നിസ്‌തുലമായ സേവനമര്‍പ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഒരു ചെറിയ ആയുസ്സിനുള്ളില്‍ തന്നെ വലിയ ജീവിതം കാഴ്‌ചവെക്കാന്‍ കാരക്കുന്നിന് കഴിഞ്ഞു. ഇതെല്ലാം അല്ലാഹു സല്‍കര്‍മമായി സ്വീകരിക്കുമാറാകട്ടെ. അദ്ദേഹത്തിന് മഗ്‌ഫിറത്തും മര്‍ഹമത്തും പ്രദാനം ചെയ്യുമാറാകട്ടെ.
സി പി ഉമര്‍ സുല്ലമി,
ജനറല്‍ സെക്രട്ടറി ,
കേരള നദ്വ് വതുല്‍ മുജാഹിദീന്‍ .
ചൊവ്വാഴ്ച, മാർച്ച് 1 by islahibloggers · 0അഭിപ്രായങ്ങള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)