‘നറുനിലാവ്' - ഈദ് സമ്മാനം

```അഭിപ്രായം അറിയിക്കുമല്ലോ...```

തിങ്കളാഴ്‌ച, ജൂലൈ 19

മലയാളം ഹദീസ് പഠനം 14

അവലംബം : http://blog.hudainfo.com/2010/06/14.html



അബുഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഇസ്രാഈല്യരില്‍ ചില പുരുഷന്മാരുണ്ടായിരുന്നു. അവര്‍ നബിമാരായിരുന്നില്ല. എന്നിട്ടും അല്ലാഹു അവരോട് സംസാരിക്കാറുണ്ടായിരുന്നു. എന്റെ അനുയായികളില്‍ അത്തരം ഒരാളുണ്ടെങ്കില്‍ അതു ഉമര്‍ മാത്രമാണ്. (ബുഖാരി : 5-57-38)

അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യന്‍ കാണുന്ന നല്ല സ്വപ്നങ്ങള്‍ പ്രവാചകത്വത്തിന്റെ നാല്‍പ്പത്തിയാറില്‍ ഒരംശമാണ്. (ബുഖാരി : 9-87-112)



അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: പ്രവാചകത്വത്തിന്റെ അംശങ്ങളില്‍ സന്തോഷ വാര്‍ത്തകളല്ലാതെ ഒന്നും അവശേഷിച്ചിട്ടില്ല. അനുചരന്മാര്‍ ചോദിച്ചു: എന്താണ് സന്തോഷ വാര്‍ത്തകള്‍. ഉത്തമസ്വപ്നങ്ങള്‍ തന്നെയെന്ന് നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി : 9-87-119)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനം അടുത്തുകഴിഞ്ഞാല്‍ സത്യവിശ്വാസിയുടെ സ്വപ്നം കള്ളമാവുകയില്ല. സത്യവിശ്വാസിയുടെ സ്വപ്നമാവട്ടെ നുബുവ്വത്തിന്റെ നാല്‍പത്തിയാറിന്റെ ഒരംശമാണ്. നുബുവ്വത്തിന്റെ അംശമായത് കള്ളമായിരിക്കുകയില്ല. മുഹമ്മദ് ബ്നുസിറീന്‍ പറയുന്നു: സ്വപ്നം മൂന്ന് തരമാണ്. മനസ്സിന്റെ വര്‍ത്തമാനം, പിശാചിന്റെ ഭയപ്പെടുത്തല്‍, അല്ലാഹുവില്‍ നിന്നുള്ള സന്തോഷവാര്‍ത്ത. ഉറക്കത്തില്‍ കഴുത്തില്‍ ആമം വെച്ചത് കാണുന്നത് അവര്‍ വെറുത്തിരുന്നു. കാല്‍ബന്ധിച്ചത് അവര്‍ ഇഷ്ടപ്പെട്ടിരുന്നു. കാരണം അതിന്റെ അര്‍ത്ഥം മതത്തില്‍ ഉറച്ച് നില്‍ക്കലാണ്. (ബുഖാരി : 9-87-144)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി; ഒരു വേശ്യയായ സ്ത്രീക്ക് മാപ്പ് ചെയ്യപ്പെട്ടു. ദാഹം മൂലം ചാവാറായി ഒരു കിണറ്റിന്‍ കരയിലെ നനഞ്ഞ മണ്ണ് നക്കിക്കൊണ്ടിരുന്ന ഒരു നായയുടെ അരികിലൂടെ അവള്‍ നടന്നുപോയി. അതു കണ്ടപ്പോള്‍ അവള്‍ തന്റെ ഷൂസഴിച്ച് തട്ടത്തിന്റെ ഒരു തലക്കുകെട്ടി കിണറ്റിലേക്ക് താഴ്ത്തി ആ നായ്ക്ക് വെളളം കോരിയെടുത്ത് കൊടുത്തു. അതു കാരണം അവള്‍ക്ക് മാപ്പ് ചെയ്യപ്പെട്ടു. (ബുഖാരി : 4-54-538)


അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു നായ ദാഹം കാരണം നനഞ്ഞ മണ്ണ് തിന്നുന്നത് ഒരു മനുഷ്യന്‍ കണ്ടു. ഉടനെ ആ മനുഷ്യന്‍ തന്റെ ഷൂ എടുത്തു വെള്ളം കോരിയിട്ട് ആ നായക്ക് ദാഹം മാറുന്നതുവരെ കുടിക്കാന്‍ കൊടുത്തു. അക്കാരണത്താല്‍ അല്ലാഹു അവനോട് നന്ദികാണിക്കുകയും അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. (ബുഖാരി : 1-4-174)

അസ്മാഅ്(റ) പറയുന്നു: നബി(സ) ഒരു ഗ്രഹണനമസ്കാരം നിര്‍വ്വഹിച്ചു. ശേഷം പ്രസംഗിച്ചു കൊണ്ട് പറഞ്ഞു. നരകം എന്നിലേക്ക് അടുപ്പിക്കപ്പെട്ടു. എന്റെ രക്ഷിതാവേ! ഞാന്‍ അവരുടെ കൂടെയാണോ എന്ന് ഞാന്‍ പറഞ്ഞു പോകുന്നതുവരെ. അപ്പോള്‍ നരകത്തില്‍ ഒരു സ്ത്രീയെ ഞാന്‍ കണ്ടു. ഒരു പൂച്ച അവളെ മാന്തിക്കൊണ്ടിരിക്കുന്നു. ഞാന്‍ ചോദിച്ചു. എന്താണ് ആ സ്ത്രീയുടെ പ്രശ്നം. അവര്‍ (മലക്കുകള്‍) പറഞ്ഞു. അവള്‍ അതിനെ കെട്ടിയിട്ടു. വിശപ്പ് കാരണം അത് ചാകുന്നതുവരെ. (ബുഖാരി : 3-40-552)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരിക്കല്‍ ഒരു മനുഷ്യന്‍ നടന്നു പോകുമ്പോള്‍ അയാള്‍ക്ക് അതി കഠിനമായി ദാഹം അനുഭവപ്പെട്ടു. അദ്ദേഹം വഴിവക്കിലുള്ള കിണറ്റിലിറങ്ങി വെള്ളം കുടിച്ച് ശേഷം കിണറ്റില്‍ നിന്ന് കയറിപ്പോയതോ ഒരു നായ നാവു നീട്ടി ദാഹം സഹിക്ക വയ്യാതെ മണ്ണ് തിന്നുന്നു!. ആ മനുഷ്യന്‍ ആത്മഗതം ചെയ്തു. ഞാനനുഭവിച്ചു കൊണ്ടിരുന്ന വിഷമം ഇതാ ഈ നായയും അനുഭവിച്ചുകൊണ്ടിരുന്നു. അദ്ദേഹം കിണറ്റിലിറങ്ങി ഷൂസില്‍ വെള്ളം നിറച്ചു വായകൊണ്ട് കടിച്ച് പിടിച്ച് കരക്ക് കയറി. അതു ആ നായയെ കുടിപ്പിച്ചു. അക്കാരണത്താല്‍ അല്ലാഹു അയാളോടു നന്ദി കാണിക്കുകയും അയാളുടെ പാപങ്ങളില്‍ നിന്ന് പൊറുത്തു കൊടുക്കുകയും ചെയ്തു. അനുചരന്മാര്‍ ചോദിച്ചു: പ്രവാചകരേ! നാല്‍ക്കാലികള്‍ക്ക് വല്ല ഉപകാരവും ചെയ്താല്‍ ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമോ! നബി(സ) അരുളി: ജീവനുള്ള ഏതു ജന്തുവിനു ഉപകാരം ചെയ്താലും പ്രതിഫലം ലഭിക്കുന്നതാണ്. (ബുഖാരി : 3-40-551)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി; വെളളിയാഴ്ച ദിവസം വന്നാല്‍ പളളിയുടെ ഓരോ വാതില്ക്കലും കുറെ മലക്കുകള്‍ വന്നു നില്‍ക്കും. ആദ്യമാദ്യം വരുന്നവരാരെന്ന് അവരെഴുതികൊണ്ടിരിക്കും. അവസാനം ഇമാം മിമ്പറില്‍ കയറി ഇരുന്നുകഴിഞ്ഞാല്‍ മലക്കുകള്‍ അവരുടെ കടലാസുകളെല്ലാം ചുരുട്ടിവെച്ച് ഇമാമിന്റെ ഉല്‍ബോധനം കേള്‍ക്കാന്‍ ചെന്നിരിക്കും. (ബുഖാരി : 4-54-434)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: സൂര്യനുദിക്കുന്ന ദിവസങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിവസമാകുന്നു. ആദംനബി (അ) സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നല്‍കപ്പെട്ടതും അതില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ടതും അന്നേ ദിവസമാണ്. (മുസ്ലിം)
ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: നിങ്ങളാരെങ്കിലും പള്ളിയില്‍വെച്ച് നമസ്കാരം നിര്‍വ്വഹിക്കുന്നുവെങ്കില്‍ തന്റെ നമസ്കാരത്തില്‍ നിന്ന് ഒരോഹരി അവന്റെ ഭവനത്തിനും ആക്കിക്കൊള്ളട്ടെ! തന്റെ നമസ്കാരം മൂലം നിസ്സംശയം അവന്റ ഭവനത്തില്‍ അല്ലാഹു അഭിവൃദ്ധി നല്‍കും. (മുസ്ലിം)

ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: തീര്‍ച്ചയായും സ്ഥലം വിടുന്നതുവരെ ജുമുഅക്കു ശേഷം നബി(സ) സുന്നത്ത് നമസ്കരിക്കാറില്ല. സ്ഥലം വിട്ടതിനുശേഷം വീട്ടില്‍ വെച്ച് രണ്ട് റക്അത്ത് നമസ്കരിക്കാറുണ്ട്. (മുസ്ലിം)

അബൂമൂസാ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു സത്യവിശ്വാസിക്ക് മറ്റേ സത്യവിശ്വാസിയുമായുള്ള ബന്ധം ഒരു കെട്ടിടം പോലെയാണ്. അതിന്റെ ഒരു വശത്തിന്ന് മറ്റേ വശം പിന്‍ബലം നല്‍കുന്നു. ശേഷം തിരുമേനി(സ) തന്റെ വിരലുകളെ തമ്മില്‍ കോര്‍ത്തു. (ബുഖാരി : 1-8-468)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: റമസാനിലേതല്ലാത്ത നോമ്പുകളില്‍വെച്ച് ഏറ്റവും ഉത്തമമായത് മുഹറ മാസത്തിലെ നോമ്പാകുന്നു. അപ്രകാരം തന്നെ ഫര്‍ളു നമസ്കാരത്തിനു ശേഷം നമസ്കാരങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമമായത് രാത്രിയിലെ സുന്നത്ത് നമസ്കാരമാകുന്നു. (മുസ്ലിം)

ജാബിറി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍(സ) ചോദിക്കപ്പെട്ടു. നമസ്കാരങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠതയുള്ളതേതാണ്? അവിടുന്ന് ഉത്തരം നല്‍കി: നിറുത്തം കൂടുതല്‍ ദീര്‍ഘിപ്പിക്കുന്ന നമസ്കാരമാണത്. (മുസ്ലിം)

ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: നിശ്ചയം, ഒരാളുടെ സത്യവിശ്വാസത്തിന്റെയും സത്യനിഷേധത്തിന്റെയും ഇടയിലുള്ള അന്തരം നമസ്കാരം ഉപേക്ഷിക്കല്‍ മാത്രമാണ്. (മുസ്ലിം)
ബുറൈദ(റ)യില്‍ നിന്ന് നിവേദനം:

നബി(സ) പറഞ്ഞു: നമ്മുടേയും അവരുടേയും (മുനാഫിഖുകളുടേയും) ഇടയിലുള്ള ബന്ധം നമസ്കാരം കൊണ്ട് മാത്രമാണ്. അവരാരെങ്കിലും അത് കൈവെടിഞ്ഞാല്‍ അവന്‍ സത്യനിഷേധിയത്രെ. (തിര്‍മിദി) (കാഫിറുകളും മുനാഫിഖുകളും തമ്മിലുള്ള വ്യത്യാസം നമസ്കാരം മാത്രമാണ്. നമസ്കാരംകൊണ്ട് മുസ്ളീംകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്കും ലഭിക്കും. അത്തരം കാര്യങ്ങള്‍ അവര്‍ കൈക്കൊള്ളുന്നില്ലെങ്കില്‍ അവരും കാഫിറുകളും തമ്മില്‍ യാതൊരു വ്യത്യാസവും ഉണ്ടായിരിക്കയില്ല)

ഇബ്നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം: യഥാര്‍ത്ഥ മുസ്ളീമായിക്കൊണ്ട നാളെ അല്ലാഹുവിനെ സമീപിക്കുവാന്‍ വല്ലവനും ഇഷ്ടപ്പെടുന്നുവെങ്കില്‍ ബാങ്ക് വിളിക്കുന്ന സ്ഥലത്തുവെച്ച് അവന്‍ പതിവായി നമസ്കരിച്ചുകൊള്ളട്ടെ. നിശ്ചയം, നിങ്ങളുടെ പ്രവാചകന് സന്മാര്‍ഗ്ഗപന്ഥാവ് അല്ലാഹു കാണിച്ചുകൊടുത്തിരിക്കുന്നു. ഇവ - നമസ്ക്കാരങ്ങള്‍ - ആ സന്മാര്‍ഗ്ഗപന്ഥാവില്‍ പെട്ടതാകുന്നു. നിശ്ചയം, ജമാഅത്തില്‍ പങ്കെടുക്കാത്ത ഇവന്‍ തന്റെ വീട്ടില്‍ വെച്ച് ഒറ്റക്ക് നമസ്കരിക്കുംപോലെ നിങ്ങളും സ്വന്തം ഭവനങ്ങളില്‍ വെച്ച് നമസ്കരിക്കുന്നപക്ഷം നബി(സ)യുടെ മാതൃക നിങ്ങള്‍ കൈവെടിഞ്ഞു. നബി(സ)യുടെ മാതൃക കൈവെടിഞ്ഞാല്‍ നിശ്ചയം, നിങ്ങള്‍ വഴിപിഴച്ചവരായിത്തീരും. നിശ്ചയം. ഞങ്ങളെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. കലവറയില്ലാത്ത മുനാഫിഖുകളല്ലാതെ ജമാഅത്തില്‍ പങ്കെടുക്കാതെ പിന്തിനില്ക്കാറില്ല. ചില ആളുകള്‍ രണ്ടാളുകളുടെ (ചുമലില്‍) നയിക്കപ്പെട്ട് കൊണ്ട് വന്ന് നമസ്കാരത്തിന്റെ സഫില്‍ നിര്‍ത്തപ്പെടാറുണ്ടായിരുന്നു. (മുസ്ലിം) മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്: നിശ്ചയം, റസൂല്‍(സ) സന്മാര്‍ഗ്ഗപന്ഥാവ് ഞങ്ങളെ പഠിപ്പിച്ചു. ബാങ്കുകൊടുക്കുന്ന പള്ളിയില്‍വെച്ച് ജമാഅത്തായുള്ള നമസ്കാരം അവയില്‍പ്പെട്ടതാണ്.

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ)യുടെ അടുത്ത് ഒരു അന്ധന്‍ വന്നുകൊണ്ട് പറഞ്ഞു. പ്രവാചകരേ! പള്ളിയിലേക്ക് കൊണ്ടുപോകുവാന്‍ ഒരു വഴികാട്ടി എനിക്കില്ല. അങ്ങനെ സ്വന്തം വീട്ടില്‍വെച്ച് നമസ്കരിക്കാനുള്ള വിട്ടുവീഴ്ച റസൂല്‍(സ) യോട് അദ്ദേഹം ആവശ്യപ്പെട്ടു. റസൂല്‍(സ) അദ്ദേഹത്തിന് വിട്ടുവീഴ്ച നല്കിയെങ്കിലും അദ്ദേഹം പിന്തിരിഞ്ഞുപോയപ്പോള്‍, അയാളെ വിളിച്ചു ചോദിച്ചു. നീ ബാങ്ക് കേള്‍ക്കാറുണ്ടോ? അതെ എന്നയാള്‍ പറഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ അതിനുത്തരം ചെയ്യണം. (മുസ്ലിം)

അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രവാചകരേ! നിശ്ചയം വന്യമൃഗങ്ങളും ദുഷ്ടജന്തുക്കളും ധാരാളമുള്ള സ്ഥലമാണ് മദീന. (അതുകൊണ്ട് ജമാഅത്തിന് പങ്കെടുക്കാതെ എന്റെ വീട്ടില്‍വെച്ച് നമസ്കരിക്കാനുള്ള അനുവാദം അവിടുന്ന് നല്‍കിയാലും) നബി(സ) ചോദിച്ചു. നമസ്കാരത്തിലേക്ക് വരൂ! വിജയത്തിലേക്ക് വരു! എന്ന് നീ കേള്‍ക്കാറുണ്ടോ? എന്നാല്‍ നീ ഇവിടെ വരിക തന്നെ വേണം. (അബൂദാവൂദ്)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) ശഠിച്ചു പറഞ്ഞു. വല്ലവനും തന്റെ വീട്ടില്‍ വെച്ച് വുളു ചെയ്തുകൊണ്ട് അല്ലാഹുവിന്റെ ഭവനങ്ങളില്‍പെട്ട ഒരു ഭവനത്തില്‍ ഫര്‍ളു നിര്‍വ്വഹിക്കാന്‍ വേണ്ടി ചെന്നുവെങ്കില്‍ തന്റെ ചവിട്ടടികളില്‍ ഒന്ന് ഒരു പാപമകറ്റുന്നതും മറ്റേത് ഒരു പദവി ഉയര്‍ത്തുന്നതുമാകുന്നു. (മുസ്ലിം)

ബുറൈദ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: (ജമാഅത്തായി നമസ്കരിക്കുമ്പോള്‍) പള്ളികളിലേക്ക് കൂരിരുട്ടില്‍ നടന്നുപോകുന്നവര്‍ക്ക് അന്ത്യദിനത്തില്‍ പരിപൂര്‍ണ്ണമായ പ്രകാശം ലഭിക്കുമെന്ന് നിങ്ങള്‍ സന്തോഷവാര്‍ത്ത അറിയിക്കുക. (അബൂദാവൂദ്, തിര്‍മിദി)

ഉമ്മുദര്‍ദാഅ്(റ) നിവേദനം: ഒരിക്കല്‍ അബുദര്‍ദാഅ് എന്റെ അടുക്കല്‍ കോപിഷ്ഠനായിക്കൊണ്ട് കയറി വന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു. എന്താണ് താങ്കളെ കോപിഷ്ഠനാക്കുന്നത്? അദ്ദേഹം പറഞ്ഞു: മുഹമ്മദിന്റെ സമുദായത്തില്‍ നബി(സ)യുടെ കാലത്ത് കണ്ടിരുന്ന ഒന്നും തന്നെ ഇന്നു കാണുന്നില്ല. ജമാഅത്തായി നമസ്കരിക്കുന്നുണ്ടെന്നു മാത്രം. (ബുഖാരി : 1-11-622)


ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

1 Responses to “മലയാളം ഹദീസ് പഠനം 14”

Noushad Vadakkel പറഞ്ഞു...
2010, ജൂലൈ 19 9:40:00 PM

Share and Promote this Post through e-mail and other Social Networks
ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്, തിര്‍മിദി, ഇബ്നുമാജ, നസാഈ മുതലായ ഹദീസ് പണ്ഡിതര്‍ റിപ്പോര്‍ട്ട് ചെയ്ത മൂവായിരത്തോളം സ്വഹീഹായ ഹദീസുകള്‍. ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക - മലയാളം ഹദീസ് -മലയാളം ഹദീസ് പരിഭാഷ വിഷയാടിസ്ഥാനത്തില്‍


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP