ഞായറാഴ്‌ച, ജൂൺ 27
മലയാളം ഹദീസ് പഠനം 10
അവലംബം : http://blog.hudainfo.com/2010/05/10.html
ഫേസ് ബുക്ക് , ട്വിറ്റെര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.
ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
ഹക്കീം(റ) നിവേദനം: നബി(സ) അരുളി: വാങ്ങുന്നവന്നും വില്‍ക്കുന്നവന്നും കച്ചവട സ്ഥലത്തു നിന്ന് വേര്‍പിരിയും വരേക്കും ആ കച്ചവടം ദുര്‍ബ്ബലപ്പെടുത്താനവകാശമുണ്ട്. അവര്‍ രണ്ടു പേരും യാഥാര്‍ത്ഥ്യം തുറന്ന് പറയുകയും വസ്തുതകള്‍ വിശദീകരിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ ഇടപാടില്‍ നന്മയുണ്ടാകും. ചരക്കിന്റെ കേടുപാടുകള്‍ മറച്ചുവെക്കുകയും കള്ളം പറയുകയും ചെയ്താലോ അവരുടെ കച്ചവടത്തിലെ ബര്‍ക്കത്തു നഷ്ടപ്പെടും. (ബുഖാരി : 3-34-293)
ഉഖ്ബത്തുബ്നു അംറ്(റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: നല്ലത് കാണിച്ച് കൊടുക്കുന്നവന് അത് പ്രവര്‍ത്തിച്ചവന്റെ തുല്യ പ്രതിഫലം ലഭിക്കുന്നതാണ്. (മുസ്ലിം)
അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നിങ്ങള്‍ സത്യവിശ്വാസികളാകാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹമില്ലാതെ സത്യവിശ്വാസികളാവുകയില്ല. പരസ്പരം സ്നേഹമുണ്ടാകുന്ന കാര്യം ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ ? നിങ്ങള്‍ക്കിടയില്‍ സലാം പരത്തലാണ്. (മുസ്ലിം)
അബ്ദുല്ല(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: മനുഷ്യരേ! നിങ്ങള്‍ സലാം പരത്തുകയും ആഹാരം നല്‍കുകയും ചാര്‍ച്ചയെ ചേര്‍ക്കുകയും ജനങ്ങള്‍ നിദ്രയിലാണ്ടിരിക്കുമ്പോള്‍ നമസ്കരിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ സുരക്ഷിതരായി നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. (തിര്‍മിദി)
ഇംറാനി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഒരാള്‍ നബി(സ) യുടെ സവിധത്തില്‍ വന്ന് അസ്സലാമു അലൈക്കും എന്നുപറഞ്ഞു. അയാള്‍ക്കു സലാം മടക്കിക്കൊണ്ട് അവിടുന്ന് അവിടെയിരുന്ന് പറഞ്ഞു: പ്രതിഫലം പത്ത്. പിന്നീട് വേറൊരാള്‍ വന്ന് അസ്സലാമു അലൈക്കും വറഹ്മ ത്തുല്ലാഹി എന്നു സലാം പറഞ്ഞപ്പോള്‍ അവിടുന്ന് സലാം മടക്കിയിട്ടുപറഞ്ഞു: പ്രതിഫലം ഇതുപത്. മൂന്നാമത് വേറൊരാള്‍ വന്ന് അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു എന്നു സലാം പറഞ്ഞപ്പോള്‍ അവിടുന്ന് സലാം മടക്കി ഒരിടത്തിരുന്ന് പറഞ്ഞു: പ്രതിഫലം മുപ്പത്. (അബൂദാവൂദ്, തിര്‍മിദി) (സലാം, റഹ്മത്ത്, ബക്കര്‍ത്ത് ഇവകളോരോന്നും ഓരോ ഹസനത്താണ്. ഓരോ ഹസനത്തിനും ചുരുങ്ങിയത് പത്ത് പ്രതിഫലം ലഭിക്കും)
അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ജനങ്ങളില്‍ വെച്ച് അല്ലാഹുവിനോട് ഏറ്റവും അടുത്തവന്‍ അവരോട് സലാം തുടങ്ങുന്നവനാണ്. (അബൂദാവൂദ്, തിര്‍മിദി)
അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുളി: നിങ്ങളാരെങ്കിലും കൂട്ടുകാരനെ കണ്ടുമുട്ടിയാല്‍ അവനോട് സലാം പറഞ്ഞുകൊള്ളട്ടെ! അവര്‍ക്കിടയില്‍ വൃക്ഷമോ മതിലോ കല്ലോ മറയിട്ടതിനുശേഷം വീണ്ടും കണ്ടുമുട്ടിയാലും സലാം പറയണം. (അബൂദാവൂദ്)
അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) എന്നോട് പറഞ്ഞു: പ്രിയ മകനേ! കുടുംബക്കാരുടെ അടുത്ത് നീ ചെല്ലുമ്പോള്‍ അവരോട് സലാം പറയൂ. നിനക്കും വീട്ടുകാര്‍ക്കും അഭിവൃദ്ധിക്ക് കാരണമാണത്. (തിര്‍മിദി)
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നിങ്ങളാരെങ്കിലും ഏതെങ്കിലും സദസ്സിലെത്തിച്ചേരുമ്പോഴും അവിടെനിന്ന് എഴുന്നേറ്റുപോകുമ്പോഴും സലാം പറയണം. എന്നാല്‍ ആദ്യത്തേത് അവസാനത്തേതിനേക്കാള്‍ കടമപ്പെട്ടതല്ല. (അബൂദാവൂദ്, തിര്‍മിദി) (ആദ്യത്തേതും രണ്ടാമത്തേതും തുല്യപ്രതിഫലമുള്ളതാണ്)
അനസ്(റ) നിവേദനം: നബി(സ) അരുളി: ഉണങ്ങിയ മുന്തിരിങ്ങ പോലെയുള്ള ശിരസ്സോടുകൂടിയ ഒരു നീഗ്രോ അടിമ നിങ്ങളുടെ ഭരണാധികാരിയെങ്കില്‍ പോലും അദ്ദേഹത്തിന്റെ കല്‍പനകള്‍ നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുവീന്‍. (ബുഖാരി : 9-89-256)
മുസ്തൌരിദി(റ) വില്‍ നിന്ന് നിവേദനം: പരലോകത്തെ അപേക്ഷിച്ച് ഇഹലോകത്തെ അവസ്ഥ നിങ്ങളൊരാള്‍ സ്വന്തം വിരല്‍ സമുദ്രത്തില്‍ മുക്കിയെടുത്തതു പോലെയാണ്. (അതില്‍ നിന്ന്) അവന്‍ എന്തുമായി മടങ്ങിയെന്ന് അവന്‍ നോക്കട്ടെ. (മുസ്ലിം)
ജാബിര്‍(റ) വില്‍ നിന്ന് നിവേദനം: നിശ്ചയം, റസൂല്‍(സ) ഒരിക്കല്‍ അങ്ങാടിയിലൂടെ നടന്നുപോയി. അവിടുത്തെ ഇരുപാര്‍ശ്വങ്ങളിലും കുറെ ജനങ്ങളുമുണ്ട്. അങ്ങനെ ചെവി മുറിക്കപ്പെട്ട ഒരു ചത്ത ആടിന്റെ അരികിലൂടെ നടന്നുപോകാനിടയായി. അതിന്റെ ചെവി പിടിച്ചു കൊണ്ട് (പ്രവാചകന്‍) പറഞ്ഞു. നിങ്ങളിലാരാണ് ഒരു ദിര്‍ഹമിന് ഇത് മേടിക്കാനിഷ്ടപ്പെടുന്നത്? അവര്‍ പറഞ്ഞു. യാതൊന്നും കൊടുത്ത് അതു വാങ്ങാന്‍ ഞങ്ങളിഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ എന്തുചെയ്യാനാണ്? വീണ്ടും നബി(സ) ചോദിച്ചു. എന്നാല്‍ ഒരുപ്രതിഫലവും കൂടാതെ നിങ്ങള്‍ക്കത് ലഭിക്കുന്നത് നിങ്ങളിഷ്ടപ്പെടുമോ? അവര്‍ പറഞ്ഞു. അല്ലാഹുവാണ് അത് ചെവി മുറിക്കപ്പെട്ടതു കൊണ്ട് ജിവനുള്ളപ്പോള്‍ തന്നെ ന്യൂനതയുള്ളതാണല്ലോ. ചത്തു കഴിഞ്ഞാല്‍ പിന്നെ പറയാനുമുണ്ടോ? അപ്പോള്‍ നബി(സ) പറഞ്ഞു. ഇത് നിങ്ങള്‍ക്ക് എത്ര നിസ്സാരമാണോ അതിലുപരി ഇഹലോകം അല്ലാഹുവിങ്കല്‍ നിസ്സാരമാണ്. (മുസ്ലിം)
സഹ്ല്‍(റ) വില്‍ നിന്ന് നിവേദനം: ഒരാള്‍ നബി(സ)യുടെ സന്നിധിയില്‍ വന്നുപറഞ്ഞു. പ്രവാചകരെ! എനിക്കൊരു അമല്‍ അവിടുന്ന് പഠിപ്പിച്ചുതരണം. ഞാനത് പ്രവര്‍ത്തിച്ചാല്‍ അല്ലാഹുവും മനുഷ്യരും എന്നെ ഇഷ്ടപ്പെടണം. റസൂല്‍(സ) പറഞ്ഞു. ഐഹികാഡംബരങ്ങളെ നീ കൈവെടിയുക. എന്നാല്‍, അല്ലാഹു നിന്നെ ഇഷ്ടപ്പെടും. ജനങ്ങളുടെ പക്കലുള്ളത് നീ മോഹിക്കാതിരിക്കുക. എന്നാല്‍, ജനങ്ങളും നിന്നെ തൃപ്തിപ്പെടും. (ഇബ്നുമാജ)
നുഅ്മാന്‍(റ) വില്‍ നിന്ന് നിവേദനം: ജനങ്ങള്‍ സമ്പാദിച്ച ഐഹികാഡംബരങ്ങളെക്കുറിച്ച് നബി(സ) ഒരിക്കല്‍ സംസാരിക്കുകയുണ്ടായി. റസൂല്‍(സ) ദിവസം മുഴുവന്‍ വിശന്നു വലയുന്ന ആളായി എനിക്ക് കാണാന്‍ കഴിഞ്ഞു. വളരെ മോശപ്പെട്ട കാരക്കപോലും വയര്‍ നിറക്കാന്‍ അവിടുത്തേക്ക് ലഭിച്ചിരുന്നില്ല. (മുസ്ലിം)
കഅ്ബുബ്നു മാലിക്(റ) വില്‍ നിന്ന് നിവേദനം: ആട്ടിന്‍പറ്റങ്ങളിലേക്ക് അഴിച്ചുവിട്ട വിശന്ന രണ്ട് ചെന്നായ്ക്കളുണ്ടാക്കുന്ന നാശത്തേക്കാള്‍ കൊടുംക്രൂരമാണ് സമ്പത്തിനോടും പ്രശസ്തിയോടുമുള്ള മനുഷ്യന്റെ അത്യാഗ്രഹം അവന്റെ ദീനിനോട് ചെയ്യുന്നത്. (തിര്‍മിദി)
അബ്ദുല്ലാഹിബ്നുമുഗ്ഫലില്‍ നിന്ന് നിവേദനം: ഒരാള്‍ ഒരിക്കല്‍ നബി(സ)യോട് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ! അങ്ങയെ ഞാനിഷ്ടപ്പെടുന്നു. തിരുദൂതര്‍(സ) പറഞ്ഞു. നീ പറയുന്നതെന്താണെന്ന് നല്ലവണ്ണം ചിന്തിക്കൂ! അപ്പോഴും അദ്ദേഹം പറഞ്ഞു അല്ലാഹുവാണ്, അങ്ങയെ ഞാനിഷ്ടപ്പെടുന്നു. മൂന്നു പ്രാവശ്യം അതാവര്‍ത്തിച്ചു. തിരുനബി(സ) പറഞ്ഞു. അങ്ങനെ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ ദാരിദ്യ്രത്തെ നേരിടാനുള്ള സഹനശക്തി നീ സംഭരിക്കണം. കാരണം, മലവെള്ളം അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനേക്കാളുപരി വേഗതയിലാണ് എന്നെ സ്നേഹിക്കുന്നവരെ ദാരിദ്യ്രം പിടികൂടുന്നത്. (തിര്‍മിദി)
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) വില്‍ നിന്ന് നിവേദനം: ഒരവസരത്തില്‍ റസൂല്‍(സ) ഒരു പായയില്‍ കിടന്നുറങ്ങി എഴുന്നേറ്റു. ആ പായ തിരുദൂതന്റെ ശരീരത്തില്‍ അടയാളങ്ങളുണ്ടാക്കിയിരുന്നു. ഞങ്ങളപ്പോള്‍ അവിടുത്തോട് ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ! അങ്ങേക്ക് ഞങ്ങളൊരു മാര്‍ദ്ദവമേറിയ വിരിപ്പുണ്ടാക്കിത്തന്നാലോ? അന്നേരം തിരുദൂതന്‍(സ) പറഞ്ഞു. ദുന്‍യാവുമായി എനിക്കെന്ത് ബന്ധമാണ്? ഒരു വൃക്ഷച്ചുവട്ടില്‍ കുറച്ചു സമയം നിഴലേറ്റു വിശ്രമിച്ചു, പിന്നീട് അതുപേക്ഷിച്ചുപോയ ഒരു യാത്രക്കാരനെപ്പോലെ മാത്രമാണ് ഞാനീ ലോകത്തില്‍. (മുസ്ലിം)
അബ്ദുല്ല(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) ഒരിക്കല്‍ ഞങ്ങളുടെ അരികിലൂടെ നടന്നുപോയി, തല്‍സമയം ഞങ്ങളുടെ കൂര ഞങ്ങള്‍ റിപ്പയര്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. തിരുദൂതന്‍(സ) ചോദിച്ചു. ഇതെന്താണ്? ഞങ്ങള്‍ പറഞ്ഞു. അതു തകര്‍ന്നു വീഴാന്‍ അടുത്തിരിക്കുന്നതുകൊണ്ട് ഞങ്ങളത് പുനരുദ്ധരിക്കുകയാണ്. അപ്പോള്‍ അവിടുന്നു പറഞ്ഞു. ഈ പുനരുദ്ധാരണത്തേക്കാള്‍ വേഗതയുള്ളതാണ് മരണമെന്നു എനിക്കു തോന്നുന്നു. (അബൂദാവൂ ദ്, തിര്‍മിദി) (ഇതൊക്കെ ഇങ്ങനെ പുനരുദ്ധരിച്ചുകൊണ്ട് ജീവിക്കാനുള്ള ദീര്‍ഘായുസ്സ് ലഭിക്കുമെന്നെനിക്കുറപ്പില്ല)
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: മുഅ്മിനുകളില്‍ പരിപൂര്‍ണ്ണന്‍ നല്ല സ്വഭാവമുള്ളവനാകുന്നു. നിങ്ങളില്‍ വെച്ചേറ്റവും ഉത്തമന്‍ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്. (തിര്‍മിദി)
മുആവിയ(റ)യില്‍ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരേ! ഞങ്ങള്‍ക്ക് ഭാര്യയോടുള്ള കടമ എന്താണ്? അവിടുന്ന് പറയുകയുണ്ടായി. നീ ഭക്ഷിക്കുമ്പോള്‍ അവളെ ഭക്ഷിപ്പിക്കുകയും നീ വസ്ത്രം ധരിക്കുമ്പോള്‍ അവളെ ധരിപ്പിക്കുകയുമാണ്. എന്നാല്‍ നീ അവളുടെ മുഖത്തടിക്കുകയോ ഇവളെന്ത് മാത്രം ദുസ്സ്വഭാവി എന്ന് പറഞ്ഞ് മാനം കെടുത്തുകയോ കിടപ്പറയിലല്ലാതെ വെടിയുകയോ ചെയ്യാന്‍ പാടില്ല. (അബൂദാവൂദ്)
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: സത്യവിശ്വാസി സത്യവിശ്വാസിനിയോട് കോപിക്കരുത്. അവളില്‍ നിന്ന് ഒരു സ്വഭാവം അവന്‍ വെറുത്താല്‍ തന്നെയും മറ്റുപലതും അവന്‍ തൃപ്തിപ്പെട്ടേക്കാനിടയുണ്ട്. (മുസ്ലിം)
അബ്ദുല്ലാഹിബിന്‍ അംറിബിന്‍ ആസി(റ)യില്‍ നിന്ന്: നബി(സ) പ്രസ്താവിച്ചു: ഇഹലോകം ചില ഉപകരണങ്ങളാണ്. ഐഹികവിഭവങ്ങളില്‍ ഉത്തമമായത് സത്യസന്ധയായ സ്ത്രീയാകുന്നു. (മുസ്ലിം)
നവാസി(റ)ല്‍ നിന്ന് നിവേദനം: നന്മ-തിന്മയെ സംബന്ധിച്ച് ഒരിക്കല്‍ നബി(സ) യോട് ഞാന്‍ ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു. സല്‍സ്വഭാവമാണ് യഥാര്‍ത്ഥത്തില്‍ നന്മ. നിന്റെ ഹൃദയത്തില്‍ സംശയമുളവാക്കുകയും ജനങ്ങളറിയല്‍ നിനക്ക് വെറുപ്പുണ്ടാവുകയും ചെയ്യുന്നതേതോ അതാണ് തിന്മ. (മുസ്ലിം)
അബുദ്ദര്‍ദാഅ്(റ) നിവേദനം ചെയ്യുന്നു: നബി(സ) പ്രഖ്യാപിച്ചു: അന്ത്യദിനത്തില്‍ സത്യവിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തേക്കാള്‍ ഘനംതൂങ്ങുന്ന മറ്റൊന്നുമില്ല. നിശ്ചയം നീച വാക്കുകള്‍ പറയുന്ന ദുസ്വഭാവിയോട് അല്ലാഹു കോപിക്കുക തന്നെ ചെയ്യും. (തിര്‍മിദി)
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: മനുഷ്യരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്ന മിക്കകാര്യങ്ങളെ സംബന്ധിച്ചും റസൂല്‍(സ) ചോദിക്കപ്പെടുകയുണ്ടായി. അവിടുന്ന് മറുപടി പറഞ്ഞു. സല്‍സ്വഭാവവും അല്ലാഹുവിനോടുള്ള ഭക്തിയുമാണത്. മനുഷ്യരെ നരകത്തില്‍ പ്രവേശിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളെ സംബന്ധിച്ചും അവിടുന്ന് ചോദിക്കപ്പെട്ടു. വായയും ഗുഹ്യസ്ഥാനവുമാണത്. എന്ന് തിരുദൂതന്‍(സ) അപ്പോള്‍ മറുപടി പറഞ്ഞു. (തിര്‍മിദി)
ആയിശ(റ)യില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറയുന്നത് ഞാന്‍ കേട്ടു. ഒരു സത്യവിശ്വാസിക്ക് തന്റെ സല്‍സ്വഭാവം കൊണ്ട് (സദാ) വ്രതമനുഷ്ഠിക്കുകയും നമസ്കരിക്കുകയും ചെയ്യുന്നവന്റെ പദവികളാര്‍ജ്ജിക്കാന്‍ കഴിയും. (അബൂദാവൂദ്) (ഉത്തമസ്വഭാവംകൊണ്ട് നമസ്കരിക്കുന്നവന്റെയും നോമ്പനുഷ്ഠിക്കുന്നവന്റെയും പ്രതിഫലം നേടാന്‍ കഴിയും)
അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. തര്‍ക്കം കൈവെടിയുന്നവന് സ്വര്‍ഗ്ഗത്തിന്റെ ഒരു ഭാഗത്ത് ഒരു ഭവനം നല്‍കാമെന്ന് ഞാനേല്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ അവന്‍ സത്യത്തിനുവേണ്ടി വാദിക്കുന്നവനാണെങ്കിലും. അപ്രകാരം തന്നെ കള്ളം ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ നടുവില്‍ ഒരു ഭവനം നല്‍കാമെന്നും ഞാനേല്‍ക്കുന്നു. അവന്‍ (കളവ് പറയാറുണ്ട്) തമാശരൂപത്തിലാണെങ്കിലും. ഉത്തമസ്വഭാവിക്ക് സ്വര്‍ഗ്ഗത്തിന്റെ ഉപരിഭാഗത്ത് ഒരു ഭവനം നല്‍കാമെന്നും ഞാനേല്‍ക്കുന്നു. (അബൂദാവൂദ്)
ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചു. അന്ത്യദിനത്തില്‍ നിങ്ങളില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരും സ്ഥാനം കൊണ്ട് എന്നോട് കൂടുതലടുത്തവരും നിങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമ സ്വഭാവികളാണ്. അന്ത്യദിനത്തില്‍ നിങ്ങളില്‍ വെച്ച് എന്നോട് ഏറ്റവും കോപമുള്ളവരും എന്നോടടുപ്പമില്ലാത്തവരും ധാരാളം സംസാരിക്കുന്നവരും ജനങ്ങളുടെമേല്‍ കുറ്റാരോപണം ചുമത്തുന്നവരും മുതഫയ്ഹിഖീങ്ങളുമാകുന്നു. അവര്‍ ചോദിച്ചു. പ്രവാചകരെ! സര്‍സാറും മുതശദ്ദിഖും ഞങ്ങള്‍ക്കറിയാം. മുതഫയ്ഹിഖുകൊണ്ടുള്ള വിവക്ഷയെന്താണ്? തിരു ദൂതന്‍(സ) പറഞ്ഞു. മുതകബ്ബിറൂന്‍ എന്നാണ് അതുകൊണ്ടുള്ള വിവക്ഷ. (തിര്‍മിദി)
അബൂഹുറയ്റ(റ)യില്‍ നിന്ന്: നബി(സ) പറഞ്ഞു: അനാവശ്യങ്ങളില്‍ നിന്ന് മാറിനില്ക്കല്‍ ഇസ്ളാമിന്റെ പരിപൂര്‍ണ്ണതയില്‍പ്പെട്ടതാണ്. (തിര്‍മിദി)
നവാസി(റ) വില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: നന്മയില്‍ പ്രധാന ഭാഗം സല്‍സ്വഭാവമാണ്. നിന്റെ ഹൃദയത്തില്‍ ഹലാലോ ഹറാമോ എന്ന് സംശയമുളവാകുകയും ജനങ്ങളറിയുന്നത് നിനക്കിഷ്ടമില്ലാതിരിക്കുകയും ചെയ്യുന്നതേതോ അതാണ് (യഥാര്‍ത്ഥത്തില്‍) പാപം. (ജനങ്ങളറിയുന്നത് നിനക്കിഷ്ടമില്ലെങ്കില്‍ അത് നിഷിദ്ധമാണെന്നതിന് വ്യക്തമായ തെളിവാണ്). (മുസ്ലിം)
മഅ്ഖല്‍ (റ) പറയുന്നു: നബി(സ) അരുളി: ഒരു മനുഷ്യനെ ഒരു വിഭാഗത്തിന്റെ ഭരണാധികാരിയായി അല്ലാഹു നിശ്ചയിച്ചു. എന്നിട്ട് ഗുണകാംക്ഷയോട് കൂടി അവരെ അവന്‍ പരിപാലിച്ചില്ല. എങ്കില്‍ അത്തരത്തിലുള്ള ഒരൊറ്റ മനുഷ്യനും സ്വര്‍ഗ്ഗത്തിന്റെ സുഗന്ധം ആസ്വദിക്കാന്‍ കഴിയുകയില്ല. (ബുഖാരി. 9. 89. 264)
മഅ്ഖല്‍ (റ) നിവേദനം: നബി(സ) അരുളി: ഒരാള്‍ മുസ്ലിംകളില്‍ ഒരു വിഭാഗത്തിന്റെ അധികാരം ഏറ്റെടുത്തു. അവരെ വഞ്ചിച്ചുകൊണ്ടാണ് അവന്‍ മൃതിയടഞ്ഞതെങ്കില്‍ അല്ലാഹു അവന് സ്വര്‍ഗ്ഗം ഹറാമാക്കാതിരിക്കുകയില്ല. (ബുഖാരി. 9. 89. 265)

This post was written by: ~~~ISLAHI BLOGGERS~~~
ബ്ലോഗ് ലോകത്തുള്ള ഇസ്ലാഹി ആദര്‍ശം പുലര്‍ത്തുന്ന വ്യക്തികളുടെ ഒരു കൂട്ടായ്മ്മ ആണ് . ഇതിലെ ഉള്ളടക്കം അതാത് ലേഖകരുടെതാണ് .. ഏതെന്കിലും സംഘടനയുടെ ഉത്തരവാദിത്വത്തില്‍ അല്ല ഈ കൂട്ടായ്മ്മ പ്രവര്‍ത്തിക്കുന്നതും ...Follow US on FACEBOOK
Follow Us On TWITTER
Join Wth Our FACEBOOK FAN PAGE
Get Updates Via Email
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Older Post
0 Responses to “മലയാളം ഹദീസ് പഠനം 10”
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :