‘നറുനിലാവ്' - ഈദ് സമ്മാനം

```അഭിപ്രായം അറിയിക്കുമല്ലോ...```

വ്യാഴാഴ്‌ച, ജനുവരി 20

മകന്‍/മകള്‍ അങ്ങനെയൊന്നും ചെയ്യുന്നില്ലെന്ന് പൂര്‍ണമായി വിശ്വസിക്കരുത്



അമ്മമാര്‍ അറിയുക, മക്കള്‍ ഔട്ട് ഓഫ്!




ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍വിട്ടു വരുമ്പോള്‍ ബൈക്കിലെത്തിയ പയ്യന്‍ ഒരു പൊതി കൈമാറുന്നു. ആദ്യം അമ്പരന്ന കുട്ടി അഴിച്ചപ്പോള്‍ പുത്തന്‍ മൊബൈല്‍ സെറ്റ്. തന്റെ നമ്പറും പേരും അതിലുണ്ടെന്നും മൊബൈല്‍ സൈലന്റ്‌മോഡിലാണെന്നും പറഞ്ഞ് കക്ഷി മിന്നായം പോലെ സ്ഥലം വിട്ടു. ഏഴാം ക്ലാസുകാരി ചൂണ്ടയിലകപ്പെടാന്‍ പിന്നെ സമയം വേണ്ടി വന്നില്ല. ക്ലാസില്‍ മായാലോകത്തിരുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപകര്‍ വിവരം അറിയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ബന്ധം അറിയുന്നത്. അവളെ ചോദ്യം ചെയ്തപ്പോഴാണ് അജ്ഞാതനായ 'ചേട്ടന്‍' നല്‍കിയ സമ്മാനവും അവര്‍ തമ്മിലുള്ള ബന്ധവും ഞെട്ടലോടെ രക്ഷിതാക്കള്‍ മനസ്സിലാക്കിയത്. മൊബൈല്‍ കിട്ടിയിട്ട് നാലു ദിവസമേ ആയുള്ളൂ എന്ന് കുട്ടി. മകളെ വലയിലാക്കിയവരെ കണ്ടെത്താന്‍ പിതാവ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ഒപ്പം മകളെ കൗണ്‍സലങ്ങിന് വിധേയയാക്കി.


മൊബൈല്‍ നല്‍കിയ 'ചേട്ടനു'മായി ബന്ധം തുടങ്ങിയിട്ട് രണ്ടു മാസമായെന്ന് കൗണ്‍സലറുടെ മുഖത്തുനോക്കി 12കാരി കൂസലില്ലാതെ പറഞ്ഞു. ആളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായി കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. മകളുടെ പിറകെയുള്ളവനെ കണ്ടെത്തണമെന്ന വാശിയോടെ പിതാവ് മുന്നോട്ടുപോയപ്പോള്‍ വ്യാജ അഡ്രസിലുള്ള സിംകാര്‍ഡാണ് കാമുകന്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ആളെ തന്ത്രപരമായി സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്ള പ്രതിയാണെന്ന് ഞെട്ടലോടെ പൊലീസ് തിരിച്ചറിയുന്നത്.
കുട്ടിയെ കൊണ്ടുവന്ന് കാമുകന്റെ യഥാര്‍ഥമുഖം ബോധ്യപ്പെടുത്തിയതോടെ ആ ബന്ധം അവസാനിച്ചു. പക്ഷേ അപ്പോഴേക്കും ആ കുഞ്ഞുമനസ്സ് പിടിവിട്ടു പോയിരുന്നു.


അവര്‍ കാണാമറയത്തേക്ക്


ഏക മകളുടെ മൊബൈലിലേക്ക് വരുന്ന കോളുകള്‍ കാമുകന്റെതാണെന്ന് വൈകിയാണ് മാതാപിതാക്കള്‍ അറിഞ്ഞത്. നിരവധി മിസിങ് കേസുകള്‍ അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായ പിതാവ് കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇനി അങ്ങനെയൊന്നുമുണ്ടാവില്ലെന്ന് കുട്ടി സത്യം ചെയ്തു. മകളെ വിശ്വസിച്ച പിതാവ് മൊബൈല്‍ അവള്‍ക്ക് തിരിച്ചുനല്‍കി. അതിന് താന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ആ പിതാവ് അറിഞ്ഞില്ല. ഏകമകളെ കാണാതായതിന്റെ വേദനയില്‍ നീറി കഴിയുന്ന, എല്ലാ സ്വപ്‌നങ്ങളും തകര്‍ന്ന മാതാപിതാക്കളുള്ള വീടാണ് അവിടമിപ്പോള്‍.


ചതിയുടെ റിങ്‌ടോണുകള്‍!


മൊബൈല്‍പ്രണയം മാതാപിതാക്കളറിയുന്നു. തരക്കേടില്ലാത്ത കുടുംബങ്ങളിലുള്ളവരായതുകൊണ്ട് കമിതാക്കളുടെ രക്ഷിതാക്കള്‍ ഒന്നിച്ചിരുന്ന് വിവാഹത്തെക്കുറിച്ച് ആലോചിച്ചു. തുടക്കത്തില്‍ കുഴപ്പമില്ലാതെ നീങ്ങിയ ആലോചനയുടെ അവസാനം കാമുകന് കാര്യമായ അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍വീട്ടുകാര്‍ പിന്‍മാറി. ദിവസങ്ങള്‍ക്കുള്ളില്‍ മകളുടെയും കാമുകന്റെയും പ്രണയരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പടര്‍ന്നുപിടിച്ചു.കാമുകനെതിരെ പെണ്‍വീട്ടുകാര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങളുടെ ഉറവിടം ചികഞ്ഞു. അന്യസംസ്ഥാനത്തുള്ള ഏതോ ഒരു കേന്ദ്രത്തിലേക്കാണ് തുടക്കത്തില്‍ അന്വേഷണം എത്തിയത്. പിന്നെയും ചികഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലെത്തിച്ച കമ്പ്യൂട്ടര്‍ കണ്ടെത്തി.


അന്വേഷണ ഉദ്യോഗസ്ഥരെയും രക്ഷിതാക്കളെയും അമ്പരപ്പിച്ചുകൊണ്ട് ഇരുകുടുംബങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്ന ഒരാളുടെ വീട്ടിലുള്ളതായിരുന്നു ആ കമ്പ്യൂട്ടര്‍. തുടരന്വേഷണത്തിലാണ്, കാമുകനുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി നിലവിലുള്ള കാമുകി പൂര്‍ണമായി വെറുത്താല്‍ അവനെ സ്വന്തമാക്കാമെന്ന കണക്കുകൂട്ടലില്‍ പിതാവിന്റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ഇന്‍ര്‍നെറ്റില്‍ എത്തിക്കുകയായിരുന്നു എന്ന സത്യം ഞെട്ടലോടെ മൂന്നു കുടുംബങ്ങള്‍ തിരിച്ചറിഞ്ഞത്.


ജീവിതം തകര്‍ക്കുന്ന ഓഫറുകള്‍!


വിദേശത്ത് ഉന്നത ഉദ്യോഗമുള്ള അച്ഛന്റെയും നാട്ടില്‍ അറിയപ്പെടുന്ന വിദ്യാലയത്തില്‍ ജോലിയുള്ള അമ്മയുടെയും പത്തില്‍ പഠിക്കുന്ന ഏക മകള്‍. പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുക്കിയായിരുന്ന അവള്‍ക്ക് പാട്ടു കേള്‍ക്കാന്‍ മാത്രമായി അച്ഛന്‍ മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കി.
പഠിക്കാനുണ്ടെന്ന് പറഞ്ഞ് ദീര്‍ഘനേരം മുറിയടച്ചിരിക്കുന്ന മകളെ അമ്മ ശാസിച്ചു. തനിച്ചിരിക്കാന്‍ സമ്മതിക്കാത്തതിന് പലപ്പോഴും അമ്മയെ അവള്‍ ചോദ്യംചെയ്തു. ഒരു ദിവസം വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന അമ്മയെ മകള്‍ തല്ലി. അപ്രതീക്ഷിതമായ മകളുടെ പെരുമാറ്റം അവരെ അമ്പരിപ്പിച്ചു. തൊട്ടടുത്ത ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വിളിയെത്തി. മകള്‍ മാസങ്ങളായി മൊബൈല്‍ ഉപയോഗിച്ച് കാമുകനുമായി സംസാരിക്കുന്നുണ്ടെന്ന സത്യം ആ അമ്മ വേദനയോടെ അറിഞ്ഞു. പാട്ടുകേള്‍ക്കാന്‍ നല്‍കിയ മൊബൈലില്‍ സിം കാര്‍ഡ് നല്‍കിയ പയ്യന്‍ അവളെ വശത്താക്കുകയായിരുന്നു. മകള്‍ മണിക്കൂറുകളോളം മുറിക്കു പുറത്തിറങ്ങാതിരുന്നതിന്റെ കാരണം അപ്പോഴാണ് പിടികിട്ടിയത്.
നാളുകളായി വീട്ടില്‍നിന്ന് കാണാതായിരുന്ന പണം കാമുകന് മകള്‍ നല്‍കുന്ന സമ്മാനമായിരുന്നു. കാമുകനുമായി ഒളിച്ചോടാനിരുന്ന മകളെ തലനാരിഴക്കാണ് അമ്മക്ക് തിരിച്ചു കിട്ടിയത്. പ്രദേശത്തെ അറിയപ്പെടുന്ന മാഫിയാ സംഘത്തിലുള്ളയാളാണ് പയ്യനെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു കുടുംബം തകര്‍ന്നു പോകാന്‍ ഇതു ധാരാളമായിരുന്നു.


സൈലന്റ് മോഡ്!


പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ പെണ്ണുകാണാന്‍ ചെക്കനും കൂട്ടുകാരുമെത്തി. പെണ്ണിനെ ബോധിച്ച വരനും സംഘവും ആ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച് മടങ്ങി. തൊട്ടടുത്ത ദിവസം തന്നെ വരന്റെ രക്ഷിതാക്കളെത്തി. ഇരു കുടുംബങ്ങളും പരസ്‌പരം ഇഷ്ടപ്പെട്ടതോടെ നിശ്ചയത്തിനുള്ള തീയതി ഉറപ്പിച്ച് അവര്‍ മടങ്ങി. വിവാഹനിശ്ചയത്തിന്റെ തലേന്ന് വിദ്യാര്‍ഥിനിയുടെ മൊബൈലില്‍നിന്ന് മെസേജ്
പറന്നു. പിറ്റേ ദിവസം പതിവുപോലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് അവള്‍ വീടു വിട്ടിറങ്ങി.


വഴിയില്‍ കാത്തു നിന്ന കാമുകനും കൂട്ടുകാരും കൊണ്ടുവന്ന കാറിലാണ് ആ യാത്ര അവസാനിച്ചത്. സ്‌കൂള്‍ വിട്ട് മകളെത്താതിരുന്നതോടെ രക്ഷിതാക്കളുടെ കണ്ണില്‍ ഇരുട്ട് കയറി. നാളെ വിവാഹ നിശ്ചയം നടക്കാനിരിക്കുന്നു. ആധികയറിയ പിതാവ് തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിലേക്ക് പാഞ്ഞു. ഈ സമയം മകളെയും കൊണ്ട് കാമുകന്റെ കാര്‍ ദേശീയ പാതയിലൂടെ പായുകയായിരുന്നു. ഹൈവേ പട്രോളിങ്ങിന്റെ പരിശോധനയില്‍ കുടുങ്ങിയ കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായതുകൊണ്ട് കൂടുതല്‍ ദുരന്തമുണ്ടായില്ല. പക്ഷേ, ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ പാടെ മാഞ്ഞു പോകാന്‍ അതു ധാരാളമായിരുന്നു. മാസങ്ങളായി പാതിരാവില്‍ മകളുടെ മൊബൈലില്‍ നിന്ന് കാമുകന് വിളി പോകുന്നുണ്ടെന്ന് മാതാപിതാക്കള്‍ അറിയുന്നത് പൊലീസുകാരില്‍ നിന്നാണ്.


ദുരന്തത്തിലേക്കുള്ള കോണ്‍ടാക്റ്റുകള്‍


പത്താം ക്ലാസില്‍ പഠിക്കുന്ന സാധാരണ വീട്ടിലെ കുട്ടിക്ക് മൊബൈല്‍ സമ്മാനിച്ചത് കാമുകനായിരുന്നു. കുട്ടിയുടെ ദിനചര്യകള്‍ മാറിയത്
പൊടുന്നനെയാണ്. കുളിക്കാന്‍ കയറിയാല്‍ ദീര്‍ഘനേരം കഴിഞ്ഞാണ് മകള്‍ പുറത്തെത്തിയിരുന്നത്. സംശയം തോന്നിയ അച്ഛന്‍ കുളിമുറിയുടെ വെന്റിലേറ്ററിലൂടെ എത്തി നോക്കിയപ്പോഴാണ് ടാപ്പു തുറന്നുവെച്ച് മൊബൈലില്‍ സംസാരിക്കുന്ന മകളെ കണ്ട് ഞെട്ടിയത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഉറപ്പിച്ച് പറഞ്ഞു. മണെ്ണണ്ണയൊഴിച്ച് തീകൊടുക്കാന്‍ നോക്കിയെങ്കിലും തീപ്പെട്ടിക്കൊള്ളി നനഞ്ഞതുകൊണ്ട് ആദ്യ ശ്രമം പാഴായി. സ്‌കൂളിന്റെ മുകളിലെ നിലയില്‍ കയറി ചാടുമെന്ന് ഭീഷണിമുഴക്കി. മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തിച്ചപ്പോഴാണ് മകളുടെ ബന്ധത്തിന്റെ ആഴം രക്ഷിതാക്കള്‍ അറിയുന്നത്. താളം തെറ്റിയ മനസ്സ് വീണ്ടെടുക്കാന്‍ പ്രാര്‍ഥനയുമായി ഒരു കുടുംബം മുഴുവന്‍ കാത്തിരിക്കുകയാണ്.


എല്ലാം നശിപ്പിക്കുന്ന ഇത്തിരി കാര്‍ഡ്


സ്‌കൂള്‍ പരിസരത്തുവെച്ച് മെമ്മറി കാര്‍ഡുള്ള മൊബൈലുകളില്‍ അശ്ലീല വീഡിയോ ക്ലിപ്പിങ്ങുകള്‍ സെയ്‌വ് ചെയ്ത് വില്‍ക്കുന്ന റാക്കറ്റുകളുണ്ടെന്നു കൂടി രക്ഷിതാക്കള്‍ അറിയുക. ഇടക്കെപ്പോഴെങ്കിലും പരിശോധിക്കാന്‍ തയാറായാല്‍ 99 ശതമാനം മൊബൈലുകളിലും അത്തരം
വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കുമെന്ന് തീര്‍ച്ചയാണ്. വിദ്യാലയ പരിസരത്തുള്ള ഇന്റര്‍നെറ്റ് കഫേകളില്‍ പരിശോധിച്ചാല്‍ നമ്മുടെ മക്കളില്‍ പലരും സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളുടെ ഏകദേശ രൂപം പിടികിട്ടും. രാവിലെ വീട്ടില്‍നിന്നിറങ്ങുന്ന മക്കള്‍ എവിടെ പോകുന്നുവെന്നും അവരുടെ കൂട്ടുകെട്ട് ആരുമായിട്ടാണെന്നും രക്ഷിതാക്കള്‍ അറിയണം. അവരുടെ ബാഗുകളും പുസ്തകങ്ങളും ഇടക്ക് പരിശോധിക്കണം. എന്റെ മകന്‍/മകള്‍
അങ്ങനെയൊന്നും ചെയ്യുന്നില്ലെന്ന് പൂര്‍ണമായി വിശ്വസിക്കരുത്. ഇത്രയും നിങ്ങള്‍ ചെയ്തില്ലെങ്കില്‍ അവരില്‍ പലരും പരിധിക്ക് പുറത്താവുന്നത് വേദനയോടെ കാണേണ്ടി വരും.


പുറത്തു പോകുന്ന കുട്ടികളുടെ കഥയിതാണെങ്കില്‍ അകത്തിരിക്കുന്ന വീട്ടമ്മമാരുടെ അവസ്ഥയും മറിച്ചല്ല. അവരെ വട്ടമിട്ടും കഴുകക്കണ്ണുകളുണ്ട്. നമ്മുടെ കിടപ്പുമുറി പോലും സുരക്ഷിതമല്ല.
കഴുക കണ്ണുമായി കാത്തിരിക്കുന്ന വഴിയോരങ്ങളിലും
വഴികെടിന്റെ മായാലോകം തുറന്നു ഇന്റര്‍ നെറ്റും
ഇവിടെ വഴി കാണിക്കാന്‍ നിങ്ങള്‍ക്കാവുമോ?


നിങ്ങള്ക്ക് സാധിക്കുമോ അവരുടെ ഇന്‍ ബോക്സുകള്‍ വൃത്തിയാക്കാന്‍?
മെസ്സേജുകള്‍ ശുദ്ധമാക്കാന്‍? ശസനകള്‍ക്കും, ശിക്ഷകള്‍ക്കും അതിനു തടയിടാനവുമോ?


ഇല്ല ഒരിക്കലും.... അതാണല്ലോ ചുറ്റുപാടിന്റെ ചിത്രങ്ങള്‍ നമ്മോടു പറയുന്നത്?


ധാര്‍മിക ചിന്ടകള്‍ പകര്‍ന്നു നല്‍കാതെ പുതിയ ലോകത്തെ തിരിച്ചു പിടിക്കാനാവില്ല തീര്‍ച്ച...
അരുതയിമാകളിലേക്ക് നടക്കുമ്പോള്‍ അരുതെന്ന് അരികിലിരുന്നു പറയുന്ന കൂട്ടുകാരനെ നാം അവര്ക് നല്‍കിയില്ലെങ്കില്‍ നഷ്ട്ടപ്പെടും എന്നുറപ്പാണ്


ആ കൂട്ടും, നേരിന്റെ നോട്ടവുമാണ് എം എസ് എം ഉറപ്പു നല്‍കുന്നത്....
അറിവില്‍ നിന്ന് തിര്ച്ചരിവിലെക്കുള്ള വഴിയാണ് ഞങ്ങള്‍ തുറന്നു നല്‍കുന്നത്
നാം കൊതിക്കുന്നു നന്മയുള്ള ലോകം... അതു കൊണ്ട് നമുക്ക് ഒതോരുമിക്കാം ഒരേ വഴിയില്‍..

http://msmkerala.org/

forwaded email from:

  MUHSIN CA
'BUSTAN'
TRIPPANACHI.

6 Responses to “മകന്‍/മകള്‍ അങ്ങനെയൊന്നും ചെയ്യുന്നില്ലെന്ന് പൂര്‍ണമായി വിശ്വസിക്കരുത്”

ജഗദീശ്.എസ്സ് പറഞ്ഞു...
2011, ജനു 21 10:21:00 AM

യഥാര്‍ത്ഥത്തില്‍ കുട്ടികളെ വഴിതെറ്റിക്കുന്നത്, സിനിമ, ചാനല്‍, പരസ്യം ഇവയാണ്. ഇവയിയൂടെ പ്രചരിപ്പിക്കുന്ന ആശയങ്ങളില്‍ കുട്ടികള്‍ അടിമപ്പെടുകയാണ്. സിനിമ, ചാനല്‍, പരസ്യം ഇവക്ക് പണം നല്‍കാതിരിക്കുകയും, അവര്‍ പറയുന്ന ആശയങ്ങളുടെ കള്ളത്തരം വെളിച്ചത്തുകൊണ്ടുവരുകയും. താരങ്ങളുടെ പ്രാധാന്യം കുറക്കുകയുമാണ് നാം ചെയ്യേണ്ടത്.


സിറാജ് ആസാദ്‌ പറഞ്ഞു...
2011, ജനു 24 9:30:00 PM

ഞെട്ടിപ്പിക്കുന്ന യഥാര്ത്യങ്ങളാണെന്ന് മനസ്സിലാക്കി ഓരോ രക്ഷിതാവും തങ്ങളുടെ മക്കളെ കരുതലോടെ വളര്തനമെന്നതിലേക് വിരല്‍ ചൂണ്ടുണ്ണ്‍ നല്ലൊരു പോസ്റ്റാണിത്. അഭിനന്ദനങ്ങള്‍!!


തുഞ്ചന്‍പറമ്പ് മീറ്റ് പറഞ്ഞു...
2011, ജനു 30 2:11:00 AM

മലയാളം ബ്ലോഗേഴ്‌സ് മീറ്റ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ഏപ്രില്‍ 17ന് നടക്കുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ ഇവിടെ നടക്കുന്നു. ഉപകാരപ്രദമായ ചര്‍ച്ചകള്‍ നമുക്കവിടെ നടത്താം. മീറ്റും ഈറ്റും... എല്ലാരുടേയും സഹകരണം പ്രതീക്ഷിയ്ക്കുന്നു.


അജ്ഞാതന്‍ പറഞ്ഞു...
2011, ഫെബ്രു 8 8:03:00 PM

മാധ്യമത്തില്‍ വായിച്ചിരുന്ന പരിധിക്കു പുറത്താണ്\


റഫീദ് പറഞ്ഞു...
2011, മാർ 21 3:09:00 PM

ഈ കാലത്ത് രാവിലെ ദിനപത്രങ്ങള്‍ എടുത്തു നോക്കിയാല്‍ നമുക്ക് കാണാന്‍ സാധിക്കുക ഇത്തരം വാര്‍ത്തകള്‍ മാത്രമാണ്.
ഇനിയും നമുക്ക് വെറുതെയിരിക്കാന്‍ സമയമില്ല.ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും നേരിന്റെ പാതയിലേക്ക് സമൂഹത്തെ തിരിച്ചു വിടാനുള്ള എം.എസ്.എം. ന്റെ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും സ്വാഗതാര്‍ഹം തന്നെ.


Areekkodan | അരീക്കോടന്‍ പറഞ്ഞു...
2015, ജനു 15 10:43:00 AM

Rightly told. Congrats


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP