‘നറുനിലാവ്' - ഈദ് സമ്മാനം

```അഭിപ്രായം അറിയിക്കുമല്ലോ...```

വ്യാഴാഴ്‌ച, നവംബർ 1

മുസ്ലിം നവോത്ഥാനം; ചരിത്രം, വര്‍ത്തമാനം, ഭാവി


(19/10/2012 വെള്ളിയാഴ്ച ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ ഡോ. ഹുസൈന്‍ മടവൂര്‍ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം. ഒരു മണിക്കൂര്‍ പതിമൂന്ന് മിനുട്ടുള്ള പ്രഭാഷണം സംഗ്രഹിച്ചപ്പോള്‍ സംഭവിച്ചേക്കാനിടയുള്ള സ്‌ഖലിതങ്ങള്‍  എന്റേതു മാത്രമാണ്. പ്രഭാഷകന്‍ ഉത്തരവാദിയല്ല... )


ലോകാടിസ്ഥാനത്തില്‍ തന്നെ വിവിധ സംഘടനകളും സാംസ്‌കാരിക സംഘങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളുമെല്ലാം നവോത്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ചിന്തകളും നടത്തിവരികയാണ്. അടിസ്ഥാന ആദര്‍ശത്തിലും വിശ്വാസ ആചാരങ്ങളിലും അടിയുറച്ച് നിന്നുകൊണ്ട് ആധുനിക കാലഘട്ടത്തില്‍ സാമൂഹ്യപുരോഗതിക്ക് അനുസൃതമായി മാറ്റം വരുത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും നടപ്പാക്കുകയും ചെയ്യുകയെന്നതാണ് മുസ്ലിം നവോത്ഥാനം എന്നതുകൊണ്ട് മുഖ്യമായും ലക്ഷ്യമാക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭവുമാണ് കേരളത്തിന്റെ നവോത്ഥാന കാലഘട്ടമായി അറിയപ്പെടുന്നത്. മതത്തിന്റെ പേരില്‍ പുരോഹിതന്മാരാല്‍ ചൂഷണം ചെയ്യപ്പെട്ട് എല്ലാ സമുദായങ്ങളിലെയും ജനങ്ങള്‍ കഷ്‌ടപ്പാട് അനുഭവിച്ചിരുന്ന കാലഘട്ടമായിരുന്നു അത്.



ഹിന്ദു സമുദായത്തില്‍ സതി, ഉച്ച നീചത്വങ്ങള്‍, തിരണ്ട് കല്യാണം, വിധവയായ സ്‌ത്രീ തലമുണ്ഡനം ചെയ്‌ത് ഒറ്റപ്പെട്ട് ജീവിക്കുക  തുടങ്ങിയ ജീര്‍ണ്ണതകള്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ നടപ്പാക്കിയിരുന്നു. ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടിച്ച് ശക്തരാവുക‘ എന്ന മുദ്രാവാക്യമുയര്‍ത്തി രംഗത്തു വന്ന ശ്രീനാരായണ ഗുരുവും പുലയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നടപ്പാക്കി വിപ്ലവം സൃഷ്ടിച്ച അയ്യങ്കാളിയുമൊക്കെ ഹിന്ദു നവോത്ഥാന നായകരില്‍ പ്രമുഖരാണ്.  

പുരോഹിതന്മാരാല്‍ ചൂഷണം ചെയ്യപ്പെട്ട് ഭൌതിക വിദ്യാഭ്യാസം പോലും വിലക്കപ്പെട്ടിരുന്ന മുസ്ലിം സമുദായത്തില്‍ അങ്ങിങ്ങായി ചില നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നെങ്കിലും ഒരു സംഘടിതമായ നവോത്ഥാന മുന്നേറ്റം സാധ്യമാകുന്നത് കേരള മുസ്ലിം ഐക്യസംഘത്തിന്റെ രൂപീകരണത്തോടെയാണ്. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന വക്കം മൌലവി, മദ്ധ്യ കേരളത്തില്‍ മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയുടെയൊക്കെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന കെ എം മൌലവി, ഇ കെ മൌലവി, വടക്കന്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പി അബ്ദുല്‍ഖാദര്‍ മൌലവി തുടങ്ങിയ നവോത്ഥാന നായകര്‍ ഐക്യസംഘത്തിലൂടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും വ്യാപിപ്പിക്കുകയുമായിരുന്നു.   

കൊടുങ്ങല്ലൂരിലെ എറിയാട് പ്രദേശത്ത് രൂപം കൊണ്ട ഐക്യസംഘം പന്ത്രണ്ട് വര്‍ഷം കൊണ്ട് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലായി ലോക മുസ്ലിം പണ്ഡിതന്മാരെ പങ്കെടുപ്പിച്ച് പന്ത്രണ്ട് വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. വമ്പിച്ച ഒരു ചലനമായിരുന്നു അത്. തിരൂരില്‍ സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനം പരാജയപ്പെടുത്താന്‍ വേണ്ടി ഒരു പ്രദേശം തന്നെ ഹര്‍ത്താല്‍ ആചരിക്കപ്പെടുകയും വാഹനവും ഭക്ഷണവും നിഷേധിക്കപ്പെടുകയും ചെയ്‌തു. വളരെയധികം സ്‌കൂളുകള്‍ ഇക്കാലത്ത് നിര്‍മ്മിക്കപ്പെട്ടു. 1924 ല്‍ പണ്ഡിതന്മാരെ സംഘടിപ്പിച്ച് കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമ ശക്തമായതോടെ ഐക്യസംഘം പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശക്തമായ പ്രവര്‍ത്തന മുന്നേറ്റത്തില്‍ അതൃപ്‌തരായ ഒരു വിഭാഗം സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിച്ച് പിരിഞ്ഞു പോയി.  ഇരുപത്തിയഞ്ച് കൊല്ലത്തെ ശക്തമായ നവോത്ഥാന മുന്നേറ്റത്തിനു ശേഷം 1950 കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപീകരിക്കപ്പെട്ടു. 

പതിനാല് പേര്‍ ചേര്‍ന്നാണ് കെഎന്‍എം രൂപീകരിച്ചത്. അവരില്‍ അവസാനമായി മരണപ്പെട്ടത് മര്‍ഹൂം കുഞ്ഞോയി വൈദ്യര്‍ ആണ്. 1960കളുടെ അവസാനത്തോടെ കേരളമൊട്ടാകെ പ്രസ്ഥാനം വ്യാപിക്കുകയും ദീനീ ബോധമുള്ളവരുടെ ഒരു ഐക്യവേദിയായി കെഎന്‍എം ഉയരുകയും ചെയ്‌തു. ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്ത സ്‌പര്‍ശിക്കുന്ന മഹാപ്രസ്ഥാനമായി കെഎന്‍എം മാറി. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ മാത്രം പ്രസ്ഥാനം വിശാലമായിരുന്നു. സ്ത്രീധനത്തിനെതിരെയുള്ള പ്രവര്‍ത്തനം, സ്ത്രീ വിദ്യാഭ്യാസം തുടങ്ങി ചില വിഷയങ്ങളില്‍ മാത്രം ഇഷ്ടപ്പെട്ട് പ്രസ്ഥാനത്തോട് സഹകരിക്കുന്നവരും ഉണ്ടായിരുന്നു. മറ്റു വിഷയങ്ങളിലുള്ള അവരുടെ വിയോജിപ്പ് വിശാ‍ല മനസ്സോടെ കാണുമായിരുന്നു. 

ഇസ്ലാമിക പ്രബോധന സംഘങ്ങള്‍ മറ്റു സമുദായങ്ങളിലുള്ള ജാതീയതയുടെ രൂപമാവരുത്.  നാം മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ ശരിയാണെന്ന് ബോധ്യമുള്ളവര്‍ക്ക് ഒരുമിക്കുവാനും പ്രവര്‍ത്തിക്കുവാനും അവസരമൊരുക്കുന്ന ഒരു കൂട്ടായ്‌മയാണ് സംഘടന. ഒരു പ്രദേശത്ത് ഒരേ ആശയത്തില്‍ ഒന്നിലധികം സംഘടനകള്‍ക്ക് സൌഹാര്‍ദ്ദത്തോടെ പ്രവര്‍ത്തിക്കാവുന്ന വിധം സംഘടനകള്‍ വിശാലമാകണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ മുസ്ലിം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈജിപ്റ്റിലെ ജംഇയ്യത്തു അന്‍സാറുസ്സുന്നയും, ജംഇയ്യതുശറഇയ്യയും ഉദാഹരണങ്ങളാണ്. പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും, യമനിലും ബാംഗ്ലൂരുമെല്ലാം വിവിധ സംഘടനകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് കാണാം. വിയോജിക്കുന്ന വിഷയങ്ങളില്‍ വിയോജിച്ചും, യോജിക്കാവുന്ന കാര്യങ്ങളില്‍ സഹകരിച്ചും, വിയോജിക്കുവാനുള്ള അവസരം എല്ലാവര്‍ക്കും വകവെച്ചു കൊടുത്തും നന്മകളെ പരസ്പരം ഉപയോഗപ്പെടുത്തുകയെന്നതാവണം കേരളത്തിലും നാം അനുവര്‍ത്തിക്കേണ്ട നവോത്ഥാനത്തിന്റെ രീതിശാസ്‌ത്രം. മുജാഹിദ് പ്രസ്ഥാനം ഈ പാരമ്പര്യം കാത്തുസൂക്ഷിച്ചു പോന്നിട്ടുണ്ട്. തിരൂരങ്ങാടി യതീംഖാന കാമ്പസിലെ പള്ളിക്ക് സമസ്‌ത നേതാവ് ബാഫഖി തങ്ങള്‍ തറക്കല്ലിട്ടത് കെ എം മൌലവിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു. മലപ്പുറത്ത് ഒരു ഈദ് ഗാഹില്‍ പിപി അബ്ദുല്‍ ഗഫൂര്‍ മൌലവി ഖുതുബ നിര്‍വഹിക്കുകയും പാണക്കാട് പൂക്കോയ തങ്ങള്‍ ഇമാമായി നമസ്‌ക്കാരം നിര്‍വഹിക്കപ്പെടുകയും ചെയ്‌തത് മുജാഹിദ് പ്രസ്ഥാനം പുലര്‍ത്തിയിരുന്ന ഉയര്‍ന്ന ചിന്തയുടെയും വിശാലതയുടെയും ഫലമായിരുന്നു. ഒരു വിഭാഗം സത്യമാണെന്ന് വിശ്വസിക്കുന്നത് സത്യമല്ലെന്ന് വിശ്വസിക്കാനും അതിനു വേണ്ടി പ്രവര്‍ത്തിക്കുവാനും മറ്റൊരു വിഭാഗത്തിനുള്ള സ്വാതന്ത്യം നാം അംഗീകരിക്കണം. മുസ്ലിം സംഘടനകളിലും പണ്ഡിതന്മാരിലും പലരും ഈ സ്വാതന്ത്യം പരസ്‌പരം അംഗീകരിച്ചു കൊടുക്കാത്തതിനാലാണ് ശാന്തമായി നടക്കേണ്ട പ്രബോധന, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വൈരാഗ്യത്തിന്റെയും അശാന്തിയുടെയും രൂപം പ്രാപിക്കുന്നത്.   പ്രബോധന രംഗത്ത് മുജാഹിദ് പ്രസ്ഥാനം പുലര്‍ത്തിപ്പോന്ന പൈതൃകവും പാരമ്പര്യവും രീതിയും സൂക്ഷിച്ച് മുന്നോട്ട് പോവാന്‍ നമുക്ക് സാധിക്കണം. അതില്‍ നിന്ന് പുറകോട്ട് പോവാന്‍ ആരൊക്കെ ശ്രമിച്ചാലും അംഗീകരിക്കാനാവില്ല.

കോഴിക്കോട് കലക്‌ടര്‍ പി പി സലീം മുന്‍കയ്യെടുത്ത് നടപ്പാക്കിയ സംയുക്ത ഈദ്ഗാഹും തുടര്‍ന്ന് ധാരണയിലെത്തിയ കണ്ണൂര്‍, പൊന്നാനി ഈദ്ഗാഹുകളുമെല്ലാം യോജിപ്പിന്റെ പുതിയ മേഖലകള്‍ തുറക്കുന്നു. ഇതുമായി സഹകരിക്കുകയോ നിസ്സഹകരിക്കുകയോ ചെയ്‌താല്‍ ഏതെങ്കിലും ഒരു സംഘടനക്ക് പ്രത്യേക നേട്ടമോ കോട്ടമോ ഉണ്ടാകുന്നില്ല. സൌഹൃദ വേദിയുടെയും മറ്റും പ്രവര്‍ത്തനഫലമായി കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമായി പെരുന്നാള്‍ യോജിച്ച് വരുന്നു. ഒരു മര്യാദയിലൂടെ കാര്യങ്ങള്‍ നീക്കിയാല്‍ ഐക്യത്തോടെ നീങ്ങാവുന്ന ഇത്തരം നിരവധി മേഖലകള്‍ ഉണ്ട്. നന്മയെന്താണെന്ന് നോക്കി അത് പ്രാവര്‍ത്തികമാക്കുന്നതാന് നവോത്ഥാനം.

ബഹുസ്വര സമൂഹത്തില്‍ മുസ്ലിംകള്‍ അനുവര്‍ത്തിക്കേണ്ട നിലപാടുകളില്‍ തീരുമാനമെടുക്കേണ്ടത് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പണ്ഡിതന്മാരല്ല, ഓരോ രാജ്യത്തെയും സാഹചര്യങ്ങള്‍ പഠിച്ച ആ നാട്ടുകാരായ പണ്ഡിതന്മാരാണ് അവിടുത്തെ പ്രശ്‌നങ്ങളില്‍ ഫത്‌വ നല്‍കേണ്ടത്. ബഹുസ്വരതയെ ഉള്‍ക്കൊള്ളാനാവാത്ത വിധം പലരും സങ്കുചിതമാവുന്നു. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയെ തന്റെ പത്രത്തിന്റെ എഡിറ്ററാക്കിയ വക്കം മൌലവി നമുക്കെന്നും മാതൃകയാണ്. കഴിഞ്ഞ നാലുവര്‍ഷമായി സൌദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രങ്ങളിലായി നടന്നുവരുന്ന ‘ഇന്റര്‍ ഫെയിത്ത്’ കോണ്‍ഫറന്‍സില്‍ ലോകത്തെ വിവിധ മതവിഭാഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്നു. എല്ലാവരുടെയും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമപ്പുറം പരസ്‌പരം ചര്‍ച്ച ചെയ്യപ്പെടേണ്ട മാനുഷിക വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കേണ്ട വേദിയെന്ന് അബ്ദുല്ലരാജാവ് വിശദീകരിച്ച ഈ സമ്മേളനത്തെ ഒരു ‘പുതുയുഗപ്പിറവി’ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. 

മനുഷ്യരുടെ പ്രശ്‌നങ്ങളില്‍ മനുഷ്യരുടെ കൂടെ, സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ സമുദായത്തോടൊപ്പം, രാജ്യത്തിന്റെ പ്രശ്‌നത്തില്‍ രാജ്യത്തിന്റെ കൂടെ എന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രവും പാരമ്പര്യവും മറന്നുള്ള യാതൊരു പ്രവര്‍ത്തനവുമായും സഹകരിക്കാനാവില്ല. പ്രസ്ഥാനത്തിന്റെ ശക്‌തമായ ഇടപെടലിലൂടെ മറ്റു വിഭാഗങ്ങളില്‍ ധാരാളം മാറ്റങ്ങളുണ്ടായിട്ടുണ്ട്. സ്‌ത്രീ വിദ്യാഭ്യാസം പോലുള്ള സമൂഹം മാറിക്കഴിഞ്ഞ വിഷയങ്ങളില്‍ ഇപ്പോഴും പഴയ നിലപാടുകള്‍ ഇടക്കിടെ എടുത്തു കാണിച്ച് പ്രതിസ്ഥാനത്ത് നിര്‍ത്തി വാശി വര്‍ദ്ധിപ്പിക്കാതെ മാറാന്‍ അനുവദിക്കുക. 

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സംസ്‌കരണം അഥവാ ഇസ്ലാഹ് നടക്കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആദര്‍ശം പാലിച്ച് ജീവിക്കുന്ന പ്രദേശങ്ങളുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മുസ്ലിംകളുടെ ഭൌതിക പുരോഗതി ആശാവഹമാണ്. അടിസ്ഥാന ആവശ്യങ്ങള്‍ പോലും സാധിക്കാത്ത വിധം കഷ്‌ടപ്പെടുന്ന മുസ്ലിം സമൂഹം ബീഹാര്‍, ത്സാര്‍ഖണ്ട്, ആസാം, ഹരിയാന, ബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുണ്ട്. ഇസ്ലാഹി ആദര്‍ശവുമായി യോജിച്ചുപോവുന്ന വിവിധ സംസ്ഥാനങ്ങളിലെ പണ്ഡിതപ്രതിനിധികള്‍ കേരള മോഡല്‍ സംഘടനാപ്രവര്‍ത്തനം പഠിക്കാന്‍ വേണ്ടി പനമരം മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുകയും അവിടെ വെച്ച് ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്‌മെന്റ് എന്ന സംഘടന രൂപപ്പെടുകയുമായിരുന്നു. ഈ സംസ്ഥാനങ്ങളുടെ ഉള്‍പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാല്‍ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ പുറത്തേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമാവും. കേരളത്തില്‍ നൂറു വര്‍ഷം മുമ്പ് നടത്തിയിരുന്ന വിധം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട വിധം മൌലാനമാരാല്‍ സ്‌കൂള്‍ വിദ്യാഭ്യാസവും, പാന്റ്സ് ധരിക്കുന്നതുമൊക്കെ നിഷിദ്ധമായിക്കാണുന്ന പ്രദേശങ്ങള്‍ ഇവിടങ്ങളില്‍ ധാരാളമുണ്ട്. കേരളത്തെ അപേക്ഷിച്ച് വളരെ ചുരുങ്ങിയ ചിലവില്‍ ഇവിടെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താനാവും. കിണര്‍, കക്കൂസ്, മദ്രസ, പള്ളി തുടങ്ങി ചെറുതും വലുതുമായ അഞ്ഞൂറോളം പദ്ധതികള്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൊണ്ട് നടപ്പാ‍ക്കാന്‍ ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്‌മെന്റിന് സാധിച്ചു. 

ഭാഷയിലെ വൈവിധ്യം കൊണ്ടും യാത്രാക്ലേശം കൊണ്ടും വിവിധ സംസ്ഥാനങ്ങളുമായി നാം ഗള്‍ഫ് രാജ്യങ്ങളേക്കാള്‍ അകലങ്ങളിലാണ്. നൂറുകണക്കിന് ആളുകള്‍ മരിക്കുകയും അര ലക്ഷത്തോളം പേര്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്‌ത അസം കലാപപ്രദേശങ്ങള്‍ സന്ദര്‍ശിക്കുവാനും തങ്ങളാല്‍ ആവുന്നത് ചെയ്യുവാനും ഇസ്ലാഹി മൂവ്‌മെന്റിന് സാധിച്ചു. ആയിരക്കണക്കിന് ആളുകളെ പാര്‍പ്പിച്ചിരിക്കുന്ന 280 ടെന്റുകള്‍ ഇപ്പോള്‍ ഈ പ്രദേശത്തുണ്ട്. അവയില്‍ പലതും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സാധിക്കാത്ത വിധം ശോചനീയമാണ്. ചില ടെന്റുകളെങ്കിലും തങ്ങള്‍ സന്ദര്‍ശിക്കുന്നതിനു മുമ്പെ ആരും സന്ദര്‍ശിക്കുകയോ സഹായങ്ങള്‍ എത്തിക്കുകയോ ചെയ്യാത്തവയായിരുന്നു. ഇവരെ സഹായിക്കണമെന്ന് ലോകത്തോട് ആവശ്യപ്പെടുവാനും വിവിധ സംഘടനകളെ ബന്ധിപ്പിക്കുവാനും നമുക്ക് സാധിച്ചു. ഇതൊരു ചെറിയ കാര്യമല്ല. 

ഉത്തരേന്ത്യയില്‍ തണുപ്പ് കാലം വരാന്‍ പോവുകയാണ്. ദുര്‍ബ്ബലമായ ടെന്റുകളിലും മറ്റും കഴിയുന്ന മൂന്നര ലക്ഷത്തിലധികം വരുന്ന അഭയാര്‍ത്ഥികള്‍ക്ക് അടുത്തൊന്നും തിരിച്ചു പോവാനാവില്ല. പുതക്കാന്‍ ഒരു കമ്പിളി വസ്‌ത്രമെങ്കിലും ലഭിച്ചില്ലെങ്കില്‍ തണുപ്പ് സഹിക്കാനാവാതെ മരണപ്പെട്ടു പോവുന്ന അവസ്ഥയിലാണവര്‍. നാനൂറ് രൂപ വീതം ഒരു കമ്പിളി വസ്‌ത്രത്തിനു വില വരും. ഇസ്ലാഹി മൂവ്മെന്റ് ഈ ദൌത്യം ഏറ്റെടുക്കുകയാണ്. 

ഇന്ത്യയിലെ മുസ്ലിംകളുടെ കഷ്‌ടപ്പാട് മുഴുവനായി തീര്‍ക്കുവാനൊന്നും നമുക്ക് സാധിക്കില്ല. എന്നാല്‍ ഭക്ഷണം, വസ്‌ത്രം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുവാനും പൊതുസമൂഹത്തെയും സന്നദ്ധ സംഘടനകളെയും ഇത്തരം പ്രശ്‌നങ്ങളില്‍ ബന്ധിപ്പിക്കുവാനും നമുക്ക് സാധിക്കും. താരതമ്യേന ഭേദപ്പെട്ട നിലയില്‍ കേരളത്തില്‍ ഇസ്ലാമിക ജീവിതം നയിക്കുന്ന നാം അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നന്ദി കാണിക്കുന്നത് ഇത്തരം ദുര്‍ബ്ബലന്മാരെ സഹായിച്ചുകൊണ്ടാവണം. അത്യാവശ്യം കഴിഞ്ഞും അമിതമായും ആര്‍ഭാടത്തിനും നാം ചിലവഴിക്കുന്ന പണത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും ഈ രീതിയിലേക്ക് മാറ്റി വെക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കഷ്‌ടപ്പാടും പ്രയാസങ്ങളും നമ്മെയും പിടികൂടാമെന്ന ബോധം നമുക്കുണ്ടാവണം. 

കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനം പ്രയാസകരമായ ഘട്ടത്തിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കഠിനാദ്ധ്വാനം ചെയ്‌ത് വളര്‍ത്തിയെടുത്തവരുടെ സൂക്ഷ്‌മത പലപ്പോഴും അവരെ കാണുക മാത്രം ചെയ്‌ത അടുത്ത തലമുറ കാണിച്ചെന്നു വരില്ല. പൂര്‍വ്വികരുടെ പരിശ്രമങ്ങള്‍ കാണുക പോലും ചെയ്യാത്ത പുതിയ തലമുറയില്‍ പലരും അവരെ അവഗണിച്ച് പ്രവര്‍ത്തിച്ചെന്നു വരും. വലിയ ഒരു സമൂഹത്തില്‍ ഒരേ ആശയത്തില്‍ ഒന്നിലധികം പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുകയാവാം. എന്നാല്‍, ഇസ്ലാഹി പ്രസ്ഥാനം വളര്‍ത്തിയെടുത്ത നവോത്ഥാന മൂല്യങ്ങള്‍ തകിടം മറിക്കും വിധം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുവാനും അന്ധകാരങ്ങളിലേക്ക് പുനരാനയിക്കുവാനും ഈ പ്രസ്ഥാനത്തിന്റെ മേല്‍വിലാസം ഉപയോഗപ്പെടുത്തിയതാണ് വിമര്‍ശിക്കപ്പെടുന്നത്. തുടക്കത്തിലേ നിയന്ത്രിക്കേണ്ടവര്‍ വളരെ വൈകി മാത്രം ഇത് മനസ്സിലാക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്‌തപ്പോള്‍ പുതിയ പിളര്‍പ്പിലേക്കും പ്രശ്‌നങ്ങളിലേക്കും നീങ്ങിയിരിക്കുന്നു. നാം ഇതില്‍ സന്തോഷിക്കുന്നവരല്ല. ഇസ്ലാഹി പ്രസ്ഥാനം ഒന്നിച്ചു നില്‍ക്കണമെന്നതാണ് നമ്മുടെ നിലപാട്. എന്നാല്‍ കാര്യങ്ങള്‍ക്ക് ‘വ്യക്തത‘യുണ്ടായിരിക്കണം.

ഉദ്ദേശശുദ്ധിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന വിധം വളച്ചൊടിക്കലും പ്രചരിപ്പിക്കലും ഇന്ന് സാര്‍വ്വത്രികമായിരിക്കുന്നു. യോജിക്കാവുന്ന മേഖലയില്‍ മറ്റുള്ളവരുമായി സഹകരിക്കുന്ന സന്ദര്‍ഭങ്ങളെ പലപ്പോഴും വളച്ചൊടിച്ച് വ്യതിയാനമായി പ്രചരിപ്പിക്കപ്പെട്ടു. ആരെന്തൊക്കെ പറഞ്ഞാലും സമുദായത്തിന്റെ ഐക്യവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കേണ്ടിടത്ത് സാന്നിദ്ധ്യം അറിയിക്കാതിരിക്കാന്‍ ഈ പ്രസ്ഥാനത്തിന്റെ പാരമ്പര്യവും ചരിത്രവും ഉള്‍ക്കൊള്ളുന്നവര്‍ക്ക് സാധിക്കില്ല.

നവോത്ഥാനം ഒരു ഒഴുക്കാണ്. ഒഴുകുന്ന പുഴ നിലനില്‍ക്കുകയും അതിലെ വെള്ളം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പോലെ നവോത്ഥാന പ്രവര്‍ത്തകരും വിഷയങ്ങളും മാറിക്കൊണ്ടിരിക്കും. നൂറു വര്‍ഷം മുമ്പത്തെ വിഷയമല്ല ഇന്ന്. തൌഹീദ് പ്രചരിപ്പിക്കപ്പെട്ടിടത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നാല്‍ അധാര്‍മ്മികത കടന്നുവരും. തിന്മകള്‍ക്ക് പാര്‍ട്ടിയില്ല. ഒരു വ്യക്തി ചെയ്യുന്ന തിന്മയെ അയാള്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുമായി ചേര്‍ത്തിപ്പറയുന്നത് ശരിയല്ല. തിരുത്തുകയോ പിന്‍മാറുകയോ ചെയ്‌ത വിഷയങ്ങളില്‍ വീണ്ടും അവരെ കുറ്റപ്പെടുത്തുന്നത് മാന്യതയല്ല. 

ഹറമില്‍ നമസ്‌കരിക്കുകയും ഹജ്ജ് ചെയ്യുകയും ചെയ്യുന്നവരില്‍ സ്ത്രീ പള്ളി പ്രവേശത്തെ എതിര്‍ക്കുന്നവരും സുബ്‌ഹി നമസ്‌കാരത്തില്‍ ഖുനൂത് നിര്‍വഹിക്കുന്നവരുമുണ്ട്. വിവിധ മദ്‌ഹബുകാരും മദ്‌ഹബ് അംഗീകരിക്കാത്തവരുമുണ്ട്. യോജിക്കാവുന്നതില്‍ യോജിച്ചും യോജിക്കാനാവാത്തവയില്‍ മാന്യമായി മാറിനിന്നും ഹറമിലെ സാഹചര്യങ്ങളുമായി സഹകരിക്കാന്‍ സാധിക്കുന്നുവെങ്കില്‍ നാട്ടിലും സാധിക്കേണ്ടതാണല്ലോ ? നിസ്സാരമായ പ്രശ്‌നങ്ങളെ പര്‍വ്വതീകരിച്ച് വഷളാക്കുന്ന സംസ്‌കാരം തിരുത്താന്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കണം. ഇസ്ലാഹി സെന്റര്‍ ജിദ്ദ ഈ രംഗത്ത് നടത്തുന്ന സേവനങ്ങള്‍ വലുതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.   
   

0 Responses to “മുസ്ലിം നവോത്ഥാനം; ചരിത്രം, വര്‍ത്തമാനം, ഭാവി”

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP